Skip to main content

വോട്ടിനു മേലുള്ള പണാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്

കള്ളപ്പണത്തിന്റെ നീരാളിപ്പിടിത്തമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും ഗൗരവമായിട്ടുള്ള വെല്ലുവിളി. ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിന് ഇന്ത്യയിലെ രാഷ്ട്രീയ പാർടികളും സ്ഥാനാർത്ഥികളുംകൂടി 55,000-60,000 കോടി രൂപ ചെലവഴിച്ചൂവെന്നാണ് കണക്ക്. അതേസമയം 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 45,000 കോടി രൂപയാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ പഠനത്തിലെ വെളിപ്പെടുത്തലാണിത്.

2019ൽ ഓരോ വോട്ടിനും 700 രൂപ വീതം ശരാശരി രാഷ്ട്രീയ പാർടികളും സ്ഥാനാർത്ഥികളും ചെലവാക്കി. ഒരു ലോകസഭാ സീറ്റിന്റെ ശരാശരി ചെലവ് 100 കോടി രൂപയാണ്. 2014ലെ തെരഞ്ഞെടുപ്പിൽ സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ കണക്കു പ്രകാരം 2014ൽ തെരഞ്ഞെടുപ്പു വിജയിക്കാൻ ചെലവഴിച്ചതിന്റെ ഇരട്ടി തുക 2019ൽ മോദി തെരഞ്ഞെടുപ്പിനുവേണ്ടി ചെലവഴിച്ചു. 2024ൽ ഇതിന്റ പലമടങ്ങാണു ചെലവഴിക്കാൻ പോകുന്നത്.

സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ 1998നും 2019നും ഇടയിൽ തെരഞ്ഞെടുപ്പ് ചെലവ് 9000 കോടി രൂപയിൽ നിന്ന് 60,000 കോടി രൂപയായി ആറ് മടങ്ങിലേറെ ഉയർന്നു.

സ്വകാര്യ തെരഞ്ഞെടുപ്പ് ചെലവിന്റെ ഈ അഭൂതപൂർവ്വമായ വർദ്ധനയുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, ബിജെപി സർക്കാർ രൂപം നൽകിയ ഇലക്ടറൽ ബോണ്ടുകളാണ്. കുത്തക മുതലാളിമാർക്ക് ഇഷ്ടംപോലെ രാഷ്ട്രീയ പാർടികൾക്കു രഹസ്യമായി പണം നൽകാനുള്ള റൂട്ടായി ഇതുമാറി. രഹസ്യമാണെങ്കിലും ഭരണക്കാർക്ക് ആര് ആർക്കു കൊടുത്തുവെന്നു കൃത്യമായി അറിയാം. അതുകൊണ്ട് ഇലക്ടറൽ ബോണ്ട് പ്രകാരം പിരിച്ച പണത്തിന്റെ സിംഹപങ്കും ബിജെപിയുടെ പോക്കറ്റിലേക്കാണു പോയത്.

രണ്ടാമത്തേത്, കോടിശ്വരന്മാർ വലിയ തോതിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായതാണ്. പണക്കാർക്കേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂയെന്ന നിലയായിട്ടുണ്ട്.

മൂന്നാമത്തേത്, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരസ്യത്തിനു കൈവന്നിരിക്കുന്ന പ്രാധാന്യമാണ്. ഇപ്പോൾ ഡിജിറ്റൽ മീഡിയയിലും വലിയ തോതിലുള്ള പണം മുടക്കുന്നു.

സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം പബ്ലിസിറ്റിക്കുവേണ്ടി 20,000-25,000 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. വോട്ടർമാർക്ക് പണവും ആനൂകൂല്യങ്ങളും കൈമാറിയത് 12,000-15,000 കോടി രൂപ വരും. ലോജിസ്റ്റിക്കിനു 3000-6000 കോടി രൂപ. ഇലക്ഷൻ കമ്മീഷൻ അംഗീകൃത ചെലവുകൾ 10,000-12,000 കോടി രൂപ. അനാമത്തു ചെലവുകൾ 5000-6000 കോടി രൂപ.

2019ലെ തെരഞ്ഞെടുപ്പ് ചെലവിൽ പകുതിയോളം ബിജെപിയുടേതായിരുന്നു. 1998ൽ ബിജെപിയുടെ ആകെ ചെലവ് 1800 കോടി രൂപയായിരുന്നു. ഇതു മൊത്തം തെരഞ്ഞെടുപ്പിന്റെ 20 ശതമാനം വരും. 2019ൽ ഏതാണ്ട് 25,000 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഇതു മൊത്തം ചെലവിന്റെ 40-45 ശതമാനം വരും. 2009ൽ കോൺഗ്രസിന്റേതായിരുന്നു മൊത്തം തെരഞ്ഞെടുപ്പു ചെലവിന്റെ 40 ശതമാനം (8000 കോടി രൂപ). 2019ൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ചെലവ് ഏതാണ്ട് 8250 കോടി രൂപയെ വരൂ. 2009ൽ ചെലവാക്കിയ അത്രയും തന്നെ പണം. ഇത് മൊത്തം തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടിവരുന്ന തുകയുടെ 15-20 ശതമാനമേ വരൂ. 2024ൽ പണംകൊണ്ടുള്ള ആറാട്ടിൽ ബിജെപി ഒരു സർവ്വകാല റെക്കോർഡ് സ്ഥാപിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ മീഡിയ പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട് 2019ലെ തെരഞ്ഞെടുപ്പ് ഒരു നിർണ്ണായക വഴിത്തിരിവായിട്ടാണു വലിയിരുത്തുന്നത്. ജനങ്ങളിൽ പണം പിരിച്ചു തെരഞ്ഞെടുപ്പിനു നേരിടുന്നതിനുപകരം കോർപ്പറേറ്റ് ഫണ്ടിംങിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറി.

തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ പ്രാമുഖ്യം സ്ഥാനാർത്ഥികളുടെ പണച്ചെലവു നിയന്ത്രണം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളെയെല്ലാം പ്രഹസനമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ലോകസഭാ സ്ഥാനാർത്ഥിക്ക് 70-95 ലക്ഷം രൂപയാണ് ചെലവഴിക്കാൻ അനുമതിയുള്ളത്. അതിന്റെ എത്രയോ മടങ്ങാണ് യഥാർത്ഥത്തിൽ ചെലവഴിക്കപ്പെടുന്നത്.

വോട്ടിനു മേലുള്ള ഈ പണാധിപത്യമാണ് അടിയന്തരമായി തിരുത്തേണ്ടുന്ന കാര്യം. ഇന്നത്തെ അഴിമതി സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. അതുകൊണ്ട് യഥാർത്ഥ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചൊന്നും ചിന്തിക്കാൻ അവർ തയ്യാറല്ല. അതിനു പകരം "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെ ഉന്നം ഫെഡറൽ സംവിധാനത്തെ തകർത്തു കേന്ദ്രം ഭരിക്കുന്ന പാർടിക്കു മേൽകൈ ഉറപ്പുവരുത്തുവാനാണു പരിശ്രമം.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.