കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് കേന്ദ്രം കൊണ്ടുവന്ന പുതിയ വിജ്ഞാപനം തൊഴിലാളികളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്കാരവും അംഗീകരിക്കാനാവില്ല.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായിട്ടും സംസ്ഥാന സർക്കാരുകളുമായോ ട്രേഡ് യൂണിയനുകളുമായോ ചർച്ച ചെയ്യാതെയാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ കോഡുകൾ. നിലവിലെ രൂപത്തിൽ കോഡുകൾ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം.
സംസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും വിശ്വാസത്തിലെടുത്ത് സുതാര്യമായ ചർച്ചകൾ നടത്തണം. തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലുണ്ടാകും. സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് കേന്ദ്രം ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
