Skip to main content

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌. കയ്യൂർ വിളിക്കുന്നത്‌ ചരിത്രത്തിലേക്കുമാത്രമല്ല, വർത്തമാനത്തിലേക്കും പൊള്ളുന്ന നാളെകളിലേക്കുംകൂടിയാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം തൂക്കിലേറ്റിയ സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ ഇവരുടെ ദീപ്‌തസ്‌മരണകൾ ഓർക്കാതെ, പങ്കിടാതെ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക്‌ മുന്നോട്ടുകുതിക്കാനാകില്ല. 1943 മാർച്ച് 29ന്റെ പുലരിയെ ഹൃദയരക്തംകൊണ്ട്‌ ചുവപ്പിച്ച കയ്യൂർ അനശ്വരന്മാരുടെ ഓർമകൾക്ക്‌ ഇന്ന്‌ 83 വർഷം. ജന്മിമാരുടെയും സാമ്രാജ്യത്വത്തിന്റെയും അടിമത്ത നുകത്തിൽനിന്ന്‌ സഹജീവികളെ മോചിപ്പിച്ച്‌ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്ന ലോകമായിരുന്നു കയ്യൂർ സഖാക്കളുടെ സ്വപ്‌നം. അതിനാണവർ പ്രവർത്തിച്ചത്‌. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌–കർഷക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഏടാണ്‌ കയ്യൂർ.

പോർമുഖങ്ങളെ ത്രസിപ്പിക്കുന്ന, സമരപഥങ്ങളെ ചുവപ്പണിയിക്കുന്ന ചിരസ്‌മരണ. ഇന്ത്യയിലാകെയും മലബാറിൽ വിശേഷിച്ചും 30കൾമുതൽതന്നെ കർഷകപ്രസ്ഥാനം ജന്മിത്തത്തിനെതിരെ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയിരുന്നു. തിളച്ചുമറിയുന്ന അത്തരമൊരു പകലിൽ ഹൊസ്ദുർഗ് റവന്യു ഇൻസ്‌പെക്ടർ കയ്യൂരിൽ വന്നു. പാതയിൽ കർഷകസംഘത്തിന്റെ വളന്റിയർ പരിശീലനവും ഒപ്പം കൃഷിക്കാരുടെ ജാഥയും നേരിൽക്കണ്ട് അയാൾക്ക്‌ വഴിമാറി പോകേണ്ടിവന്നു. കയ്യൂരിൽ കൃഷിക്കാർ സംഘടിക്കുന്നെന്ന് അയാൾ മേലധികാരികൾക്ക് റിപ്പോർട്ട്‌ ചെയ്‌തു. ഈ അവസരത്തിൽത്തന്നെയാണ് കർഷകസംഘം യോഗം ചേർന്ന് നീലേശ്വരം രാജാവിന് നിവേദനം നൽകാൻ തീരുമാനിച്ചത്. 1941 മാർച്ച് 30ന് ജാഥയായി പോയി നിവേദനം നൽകാനായിരുന്നു തീരുമാനം. ജന്മിയും പൊലീസുകാരും ചേർന്ന് ജാഥ പൊളിക്കാൻ പദ്ധതി തയ്യാറാക്കി. മാർച്ച് 26ന് രാവിലെ പൊലീസുകാർ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചർച്ച നടത്തി. ഇവരുടെ നീക്കം മനസ്സിലാക്കാൻ പ്രാദേശിക കമ്മിറ്റി (സെൽ) ജാഗ്രതയോടെ പ്രവർത്തിച്ചു. അന്ന്‌ രാത്രി ഹൊസ്ദുർഗ് സിഐ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങൾ നടത്തി. ടി വി കുഞ്ഞിരാമൻ, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ് ചെയ്‌തു. മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടന്നു. തലേദിവസത്തെ മർദനത്തിൽ പ്രധാനിയായ സുബ്ബരായൻ എന്ന പൊലീസുകാരൻ മറ്റെന്തോ ആവശ്യത്തിനായി അവിടെ ഉണ്ടായിരുന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായൻ ജാഥ നീങ്ങവെ, ചീത്തവിളിച്ച്‌ പ്രകോപനം സൃഷ്ടിച്ചു.

പ്രകടനത്തിൽ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകർ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടർന്ന്, സുബ്ബരായൻ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാൻ നിർബന്ധിതനായി. കുറെ നടന്നപ്പോൾ കൊടിയുടെ വടി പൊട്ടിച്ച് ജാഥയ്‌ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എതിർഭാഗത്ത് അതേസമയം, ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകൾ പിന്തുടരുകയാണെന്ന ധാരണയിൽ സുബ്ബരായൻ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും ഷൂസണിഞ്ഞ യൂണിഫോമിന്റെ ഭാരവും കാരണം അയാൾ മുങ്ങിമരിച്ചു. ഈ സംഭവത്തെ തുടർന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് വേട്ടയാണ് അരങ്ങേറിയത്. ഇ കെ നായനാർ, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്‌തു. മംഗലാപുരം സെഷൻസ് കോടതിയിൽ കേസ് ഒരുവർഷത്തിലേറെ നടന്നു. തെളിവുകൾ ഭരണാധികാരികൾക്കെതിരായിരുന്നു. എന്നാൽ, വിധി അപ്രതീക്ഷിതവും. അഞ്ച്‌ സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സഖാക്കളുടെപി കരുണാകരൻ ജീവൻ രക്ഷിക്കാൻ ഇംഗ്ലണ്ടിൽ പ്രിവി കൗൺസിൽ മുമ്പാകെ അപ്പീൽ സമർപ്പിച്ചു. എന്നാൽ, തീരുമാനം മാറ്റാൻ സാമ്രാജ്യത്വഭരണം തയ്യാറായില്ല. 1943 മാർച്ച് 29ന് പുലർച്ചെ അഞ്ചിന് കയ്യൂർ സഖാക്കളെ തൂക്കിലേറ്റി.

അവർ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ്‌ നാല്‌ യുവധീരരും കൊലക്കയറണിഞ്ഞത്‌. അതിന്‌ രണ്ടുനാൾമുന്പ്‌, സഖാക്കളെ ജയിലിൽ നേരിട്ട്‌ സന്ദർശിച്ച പി സി ജോഷി, സുന്ദരയ്യ, പി കൃഷ്‌ണപിള്ള എന്നിവർ കയ്യൂർ ഗ്രാമത്തിലേക്കും വരികയുണ്ടായി. കയ്യൂർ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഹൃദയത്തിൽ പേറി ഇടതുപക്ഷപ്രസ്ഥാനം ഇന്ന്‌ ഏറെ മുന്നോട്ടുപോയി. ഇടയ്‌ക്കിടെ സംസ്ഥാനത്ത്‌ അധികാരത്തിൽ വരുന്ന പതിവിൽനിന്ന്‌ മാറി തുടർച്ചയായ 10 വർഷം ഭരിച്ച്‌ നാടിനെ പുരോഗതിയിലേക്ക്‌ എത്തിച്ചു. അതിന്‌ തുടർച്ചയുണ്ടാകേണ്ടതുണ്ട്‌. അതിനായുള്ള തെരഞ്ഞെടുപ്പുപോരാട്ടമാണ്‌ ഇപ്പോൾ നടക്കുന്നത്‌. അവിശ്രമം അതിനായി ജനങ്ങളുടെ ഇടയിലുള്ള നമുക്ക്‌ ആവേശത്തോടെ വഴികാട്ടുന്നത്‌ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച കയ്യൂർ സഖാക്കളുടെ ജ്വലിക്കുന്ന സ്‌മരണകളുംകൂടിയാണ്‌. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.