നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്. ബഹുവിധത്തിൽ കേരളത്തിന് അർഹമായ നികുതി വിഹിതം കേന്ദ്രം നിഷേധിക്കുന്നതിന് പുറമെയാണ് ഇരുട്ടടി പോലെയുള്ള ഈ തീരുമാനം. ബുധനാഴ്ച രാത്രി കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്തിലൂടെയാണ് കേരള വിരുദ്ധമായ ഈ തീരുമാനം സർക്കാർ അറിയുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി ഉണ്ടാവുകയാണ്. കഴിഞ്ഞദിവസമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് കേന്ദ്രം പിന്മാറ്റം ആരംഭിക്കുന്ന വാർത്ത പുറത്തുവന്നത്. മഹാത്മാഗാന്ധിയുടെ പേര് തന്നെ പദ്ധതിയിൽ നിന്നും മാറ്റുകയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ നല്ലൊരു ഭാഗം കയറ്റി വയ്ക്കുകയും ചെയ്യുകയാണ്. പ്രതിവർഷം 2000 കോടി രൂപയിലധികമാണ് തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ അധികമായി ചെലവഴിക്കേണ്ടി വരിക.
കഴിഞ്ഞ നാലേമുക്കാൽ വർഷമായി പലരീതിയിൽ കേരളത്തിലെ ശ്വാസംമുട്ടിക്കുന്നത് കൂടാതെയാണ് തെരഞ്ഞെടുപ്പിന് മൂന്നുമാസം മുൻപ് ഇത്തരത്തിൽ ഒരു കടുംവെട്ട് കേന്ദ്രം നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അന്യായവുമാണ്. സർക്കാരിന്റെ അവസാന മാസങ്ങളിൽ 5900 കോടി രൂപ നിഷേധിക്കുക വഴി കേരളത്തിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളത്. ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണം. ജനങ്ങളാകെ ഒറ്റക്കെട്ടായി ഈ നടപടിയെ എതിർക്കണം.
