അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടികളുമായി മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും വീണ ജോര്‍ജ്ജും. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും അഡ്വ. എ. രാജേഷ് മുഖേന ഷാജന്‍ സ്‌കറിയയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, വീഡിയോ എല്ലാ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്നും, ഇത്തരത്തിലുള്ള പ്രചരണം ഇനി മേലില്‍ നടത്തില്ല എന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും ഇരുവരും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ സിവില്‍ ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. നവംബര്‍ 6 ന് മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ച '3000 കോടി കട്ട് വീണയും ശൈലജയും' എന്ന വ്യാജവാര്‍ത്തയ്‌ക്ക് എതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത 2023-ലെ വകുപ്പ് 356 പ്രകാരമുള്ള അപകീര്‍ത്തിക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ പ്രവൃത്തികള്‍. വക്കീല്‍ നോട്ടീസില്‍ ഷാജന്‍ സ്‌കറിയ ഒന്നാം എതിര്‍കക്ഷിയും മറുനാടന്‍ മലയാളി രണ്ടാം എതിര്‍കക്ഷിയുമാണ്. യൂട്യൂബ് റസിഡന്‍സ് ഗ്രീവന്‍സ് ഓഫീസര്‍ സൂരജ് റാവുവാണ് മൂന്നാം എതിര്‍കക്ഷി. കളങ്കരഹിതമായും സംശുദ്ധമായും പൊതുപ്രവര്‍ത്തനം നടത്തുന്ന വനിതാ നേതാക്കള്‍ക്കെതിരെ, വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിനിയോഗമോ ഉത്തരവാദിത്തപൂര്‍ണമായ റിപ്പോര്‍ട്ടിങ്ങോ അല്ല. നേതാക്കളുടെയും സി.പി.ഐ.എമ്മിന്റെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നിരിക്കുന്നത്.
പാര്‍ട്ടിക്കെതിരെയും വനിതാ നേതാക്കള്‍ക്ക് എതിരെയും ഉയരുന്ന വ്യാജവര്‍ത്തകള്‍ക്കും അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിയായും എം.എല്‍.എയായും പ്രവര്‍ത്തിച്ച കാലയളവിലുടനീളം ഷാജന്‍ സ്‌കറിയയും ചാനലും ആസൂത്രിതമായ കള്ളപ്രചാരണം നടത്തിയെന്ന് വീണ ജോര്‍ജ് പറഞ്ഞു.
