കലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ വിജയത്തിൽ വിറളിപൂണ്ടാണ് എംഎസ്എഫും അതിന്റെ രാഷ്ട്രീയ രക്ഷാധികാരികളായ മുസ്ലിം ലീഗും ക്യാമ്പസിനകത്തും പുറത്തും ചോരക്കളം തീർക്കുന്നത്. പരുക്കേറ്റ സഖാക്കളെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ ജില്ലാ നേതാക്കളെ ആശുപത്രിയിൽ കയറി മാരകായുധങ്ങളുമായി അക്രമിച്ച എംഎസ്എഫ് ജില്ലാ ഭാരവാഹികളടക്കമുള്ള ക്രിമിനൽ സംഘത്തിന്റെ നടപടി ഞെട്ടിക്കുന്നതാണ്.
സംഭവത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആശുപത്രിയിൽ ലീഗുകാർ നടത്തിയ അക്രമം അതിൽ എത്രയോ വലുതാണ് എന്ന് അവിടെ ഉണ്ടായിരുന്നവർ പറയുന്നു. വിദ്യാർത്ഥി സംഘടനയുടെ പേരിൽ പോറ്റിവളർത്തുന്ന ഈ ഗുണ്ടാസംഘത്തെ നിലയ്ക്കുനിർത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം. വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും മുന്നിലുണ്ടായിട്ടും അക്രമികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണ്. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം.
കായികമായ ആക്രമണങ്ങൾ കൊണ്ട് എസ്എഫ്ഐയെ തകർക്കാമെന്നത് ലീഗിന്റെയും എംഎസ്എഫിന്റെയും വ്യാമോഹം മാത്രമാണ്. ആർഎസ്എസും കോൺഗ്രസും ഒന്നിച്ച് ശ്രമിച്ചിട്ടും എസ്എഫ്ഐ ആയതിന്റെ പേരിൽ അനേകം വിദ്യാർത്ഥികളെ കൊന്നുകളഞ്ഞിട്ടും എസ്എഫ്ഐയെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സംരക്ഷണയിൽ വളരുന്ന എംഎസ്എഫിന്റെ ഗുണ്ടായിസത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുക തന്നെ ചെയ്യും.
