സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗമായി അവതരിപ്പിച്ചത്. കേരളത്തിന്റെ ഭൂമിയും ആകാശവും വെള്ളവും കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള ഒരുക്കമാണിത്. ഞാനൊരു നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആണെന്ന അദ്ദേഹത്തിൻ്റെ തന്നെ അവകാശവാദത്തിന് നേർ വിപരീതമായ സമീപനമാണ് ബജറ്റിൽ സ്വീകരിച്ചത്.
ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവാങ്ങുകയും സ്വകാര്യമേഖലയെ പുണരുകയും ചെയ്യുന്ന ബജറ്റാണ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചത്.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തുടർനടപടികൾ ഇല്ലാത്തതും, ആശാവർക്കർമാരുടെ ഓണറേറിയത്തിൽ വർദ്ധനയില്ലാത്തതും ലൈഫ് മിഷനോടുള്ള അവഗണനയും
പരമ്പരാഗത വ്യവസായ മേഖലയോടും കാർഷിക മേഖലയോടുമുള്ള അവഗണനയും
വ്യക്തമാക്കുന്നത് യുഡിഎഫ് സർക്കാർ ജനക്ഷേമ കാര്യങ്ങളോട് മുഖംതിരിക്കുന്നു എന്നതാണ്.
കേരളത്തിന്റെ ധാതുസമ്പത്ത് ബോധപൂർവ്വം കോർപ്പറേറ്റുകൾക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ദക്ഷിണ കേരളത്തെ, പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഓരോ ഭാഗങ്ങളായി തിരിച്ച് വിവിധ പേരുകളിലാണ് വിൽക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമാണ് 'വിഷൻ സമുദ്ര'. കഴിഞ്ഞ 10 കൊല്ലമായി പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം നടത്തിവന്ന അപൂർവ്വ ധാതുക്കളുടെ ഖനനം ഇനി സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനൊപ്പം ലാൻഡ് ബാങ്ക് രൂപീകരിച്ച് കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാനും ശ്രമം നടക്കുന്നു.
കേരളത്തെ തീറെഴുതി, കോർപ്പറേറ്റുകൾക്കായി ഭൂനിയമങ്ങൾ പൊളിച്ചെഴുതാനുള്ള യുഡിഎഫ് നീക്കമാണ് 'ഭൂപരിഷ്കരണം 2.0' എന്ന ആകർഷകമായ പേരിട്ട് വിളിക്കുന്ന പുതിയ ലാൻഡ് മാനേജ്‌മെന്റ് നയം.
പറയുന്നതും യാഥാർത്ഥ്യവും തമ്മിൽ പൊരുത്തക്കേടുള്ള ബജറ്റാണ് യുഡിഎഫിന്റേത്.
‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ ആദ്യ ബജറ്റിൽത്തന്നെ നനഞ്ഞ പടക്കമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
പദ്ധതിക്കായി വി ഡി ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാൻ ഈ 10 കോടി രൂപ എങ്ങനെയൊപ്പിക്കും. ജനങ്ങളെ അപ്പാടെ വിഡ്ഢികളാക്കുന്ന രീതിയിലാണ് സർക്കാരിന്റെ ഈ കൺകെട്ട് വിദ്യ. സാധാരണക്കാരന്റെയല്ല മറിച്ച് കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണ് പുതിയ ബജറ്റ്.
