മുഖ്യമന്ത്രി വി ഡി സതീശന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലവാരത്തിലേക്ക് താഴാതെ ഇരിക്കുന്ന കസേരയുടെ നിലവാരം പുലര്‍ത്താന്‍ തയ്യാറാകണം. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ സ്വകീരിച്ച ഓരോ നടപടിയും അപക്വവും വിവേകരാഹിത്യം നിറഞ്ഞതുമാണ്. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും മുമ്പ് സ്വന്തം മന്ത്രിസഭയിലെ അനുഭവസ്ഥരായ മന്ത്രിമാരില്‍ നിന്നെങ്കിലും ഉപദേശം തേടുന്നത് നന്നാകും. അതുമല്ലെങ്കില്‍ സതീശനെ ഉപദേശിക്കാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ തയ്യാറാകണം.
മുസ്ലീംലീഗിന്റെ ഉപാധിയില്ലാത്ത പിന്തുണയുടെ ബലത്തിലാണ് സതീശന് കയറൂരിവിട്ട പോലെ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന ഓരോ തീരുമാനത്തിലും ആ പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ട്.
പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് അഭിപ്രായം പറയണം. ആ പാര്‍ടിയുടെ കൂടി പൂര്‍ണ്ണ പിന്തുണയോടെയാണോ ഇപ്പോള്‍ പി എം ശ്രീ നടപ്പാക്കാന്‍ പോകുന്നത്.? അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവിന്റെ അതേ ലാഘവത്തോടെയാണ് നുണ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടുവെന്നും പദ്ധതി പ്രകാരം പണം വാങ്ങിയെന്നും കരാറില്‍ നിന്നും പിന്മാറാന് നിയമ തടസ്സമുണ്ടെന്നുമൊക്കെയാണ് സതീശന്റെ പ്രതികരണം. ഇതിന് വസ്തുതയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയുകുയും ചെയ്തു.
മുന്‍സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രത്തില്‍ ഒപ്പിട്ടുവെങ്കിലും അതില്‍ സംഭവിച്ച വീഴചകള്‍ ഉള്‍പ്പെടെ പരിഗണിച്ച് 19 ദിവസത്തിനകം തന്നെ പിന്മാറുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 30 ദിവസം വരെ ധാരണാപത്രത്തില്‍ നിന്നും പിന്മാറാം എന്നിരിക്കെയാണ് പത്തൊന്‍പതാം ദിവസം പദ്ധതി നടപ്പാക്കുന്നില്ലെന്ന് രോഖാമൂലം അറിയിച്ചത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് ഗവണ്മന്റ് എടുത്ത തീരുമാനത്തില്‍ നിന്നും വ്യതിചലിക്കേണ്ടതില്ല. പദ്ധതി പ്രകാരം സംസ്ഥാനം ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് ഉറപ്പായിട്ടും മുഖ്യമന്ത്രി ആരെ ഭയന്നാണ് കള്ളം പറയുന്നത്. പദ്ധതി മരവിപ്പിക്കാന്‍ കത്തയച്ചിട്ടും അങ്ങനെ കത്തയച്ചില്ലെന്നും കള്ളം പറഞ്ഞു. മുന്നേ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്ന നുണകളുടെ ഹാംഗ് ഓവര്‍ മുഖ്യമന്ത്രി കസേരയിലിരുന്നപ്പോഴും വിട്ടുമാറിയില്ലെന്നാണ് ഇതിലൂടെ വെളിവാകുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ നടത്തിയ പ്രസ്താവനകളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നുമെല്ലാം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം നടപ്പാക്കുന്ന കാവിവല്‍ക്കരണത്തിന് ചൂട്ടുപിടിക്കുന്നു. ഗവര്‍ണ്ണര്‍ നടത്തുന്ന സംഘിവല്‍ക്കരണ ഇടപെടലുകള്‍ക്കെതിരെ വാ തുറക്കുന്നില്ല. ഏറ്റവും ഒടുവില്‍, ഗവര്‍ണ്ണര്‍ സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നു. ചാന്‍സലര്‍ എന്ന നിലയില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുക എന്നതില്‍ കവിഞ്ഞ് ഇത്തരത്തില്‍ ഉദ്യോഗസ്ഥ യോഗം വിളിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അധികാരത്തില്‍ കടന്നുകയറുകയും ഫെഡറലിസത്തെ വെല്ലുവിളിക്കുകയുമാണ്. എന്നിട്ടും ഒരക്ഷരം പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
സംഘപരിവാര്‍ താല്പര്യം സംരക്ഷിക്കുന്നയാളെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാറിനും ലോക്ഭവനും ഇടയില്‍ ഒരു പാലമിട്ടതും ഒത്തുകളിയുടെ ഭാഗമായി കാണേണ്ടിയിരിക്കുന്നു. വി സി നിയമനം, സെനറ്റ് നാമനിര്‍ദ്ദേശം തുടങ്ങിയവയെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. ഇക്കാര്യങ്ങളിലെല്ലാം മുസ്ലീംലീഗും മറ്റു ഘടകകക്ഷികളും നിലപാട് തുറന്ന് പറയാന്‍ തയ്യാറാകണം.
