മല എലിയെ പ്രസവിച്ചെന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെ ആയിപ്പോയി ആശാ പ്രവർത്തകർക്ക് 2000 രൂപ പ്രതിമാസ പ്രത്യേക അലവൻസ് എന്ന യുഡിഎഫിന്റെ പ്രഖ്യാപനം. ഇതിലിപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച 1000 രൂപ അധിക അലവൻസും ഉൾപ്പെടുമോ ആവോ?
പിന്നെ ആശമാർക്ക് മാത്രമേ ഉള്ളോ? അങ്കണവാടിക്കാർക്കും, പാചക തൊഴിലാളികൾക്കും കേരള സർക്കാർ അലവൻസ് വർധിപ്പിച്ചിരുന്നല്ലോ? അവരെയൊക്കെ എന്തേ വിട്ടുകളഞ്ഞത്?
എന്തൊക്കെയായിരുന്നു ആക്രാന്തങ്ങൾ? SUCI യുടെ സമരത്തിന്റെ ഡിമാൻഡ് 21000 രൂപ ശമ്പളം ആക്കണം എന്നായിരുന്നു. എത്ര പ്രാവിശ്യം യുഡിഎഫ് നേതാക്കന്മാർ സമരപന്തലിൽ പോയി പിന്തുണ പ്രഖ്യാപിച്ചു?
സമരം പിൻവലിച്ചുകൊണ്ട് സമരക്കാർ പറഞ്ഞത് ഓരോ വാർഡിലേക്കും ഈ സമരം വ്യാപിപ്പിക്കും എന്നാണ്. “സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നതിനേക്കാൾ രൂക്ഷമായിരിക്കും പ്രാദേശികതലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.”
തീരുമാനം എടുക്കുന്നതിന്റെ സാമ്പിളാണ് ഇപ്പോൾ നാം കണ്ടത്. അടുത്ത 5 വർഷത്തേയ്ക്കുള്ള സമ്മാനം 2000 രൂപ.
ഇടതുപക്ഷ ജനനധിപത്യ മുന്നണിയുടെ റെക്കോർഡ് എന്താണ്?
2016-ൽ അധികാരത്തിൽ വരുമ്പോൾ 1000 രൂപയായിരുന്നു. അതാണ് ഇപ്പോൾ 8,000 രൂപയായി വർദ്ധിപ്പിച്ചിട്ടുള്ളത്. ദേശീയ ശരാശരി 5,000 രൂപയാണ്. ഇതിനുപുറമെ കേന്ദ്ര സർക്കാരിന്റെ പ്രതിമാസ ഇൻസെന്റീവ് ആയി 3500 രൂപ സ്ഥിരമായി കിട്ടും. ഇത് കൂടാതെ ശരാശരി ഏതാണ്ട് 1000 രൂപ വരുന്ന പെർഫോമൻസ് ഇൻസെന്റീവും ഉണ്ട്. അതായത് കേരളത്തിലെ ആശാപ്രവർത്തകരിൽ 90% പേർക്ക് 12,000 - 15,000 രൂപവരെ എല്ലാമാസവും ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ സ്കീമാണ് ആശ (ASHA). 3500 രൂപയെ കേന്ദ്രസർക്കാർ പ്രതിമാസം നൽകുവാൻ തയ്യാറുള്ളൂ. പെർഫോമൻസ് ഇൻസെന്റീവിന്റെ 40% വും സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. എന്നിട്ടും സമരപന്തലിൽ ബിജെപി എന്തെല്ലാം വിക്രീയകളാണ് സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ തന്നെ നടത്തിയത്?
കേരളത്തിലെ ആരോഗ്യ പരിരക്ഷയിൽ നിസ്തുലമായ ഒരു പങ്കാണ് ആശാ പ്രവർത്തകർക്കുള്ളത്. അവരുടെ അലവൻസ് പടിപടിയായി ഇനിയും ഉയർത്തണം. അത് ചെയ്യുവാനുള്ള പ്രതിബദ്ധത കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തെളിയിച്ചിട്ടുണ്ട്.
