Skip to main content

കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് കർഷകരുടെ വരുമാനമുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്

കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് കർഷകരുടെ വരുമാനമുയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയും സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാര്‍ഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും. കാര്‍ഷികോത്പാദനങ്ങളുടെ മൂല്യവര്‍ദ്ധനവിനും, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിതരണത്തിനും സഹായകമാകുന്ന അന്തരീക്ഷം ഒരുക്കി സംഭരണമടക്കമുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തും.

അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയര്‍ത്താനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ കാര്‍ഷിക മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരും. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സര്‍ക്കാരിനു വ്യക്തമായ ധാരണയുണ്ട്. നെല്ലുസംഭരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ന്യായവില, തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ കർഷകർക്ക് വലിയ പ്രാധാന്യം ഉള്ളതാണ്. നാളികേര കര്‍ഷകരുടെ മുതല്‍ റബ്ബര്‍ കര്‍ഷകരുടെ വരെ പ്രശ്‌നങ്ങള്‍ സർക്കാരിന് ബോധ്യമുണ്ട്.

ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ അഗ്രി കോര്‍പ്പറേറ്റുകളുടെ സ്വാധീനത്തില്‍ നിന്ന് കേരളത്തിലെ കാര്‍ഷികമേഖലയേയും കര്‍ഷകരേയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ നടത്തുന്നുണ്ട്.

കൃഷിയും കര്‍ഷകരും വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ പോലും കാര്‍ഷിക വിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്താനോ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കാര്യക്ഷമമായി നടത്താനോ തയ്യാറാവാത്ത പൊതു ദേശീയ സാഹചര്യത്തിലാണ് കൃഷിക്കുള്ള വിഹിതവും കര്‍ഷകര്‍ക്കുള്ള സഹായങ്ങളും വര്‍ദ്ധിപ്പിച്ചും വിപണിയില്‍ ഇടപെട്ടും അഗ്രികോര്‍പ്പറേറ്റുകളെ അകറ്റിനിര്‍ത്തിയും ഒക്കെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത് ഒരു ബദല്‍ വഴിയാണ്.

കാര്‍ഷിക മേഖലയ്ക്ക് ഈ സര്‍ക്കാര്‍ നല്‍കിവരുന്ന പ്രാധാന്യം എത്രയെന്ന് ഇത്തവണത്തെ ബജറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. വിളപരിപാലനത്തിന് 535.9 കോടി രൂപയും വിള ആരോഗ്യപരിപാലന പദ്ധതികള്‍ക്ക് 13 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും കുട്ടനാട് മേഖലയിലെ കാര്‍ഷികവികസനത്തിന് 36 കോടി രൂപയും മാറ്റിവച്ചു. റബ്ബറിന്റെ താങ്ങുവില നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് 180 രൂപയായി വര്‍ദ്ധിപ്പിച്ചു.

നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി രൂപയും നാളികേര കൃഷി വികസനത്തിന് 65 കോടി രൂപയും ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളില്‍ 25 ശതമാനം സ്ത്രീകളാണ് എന്ന് കാണണം. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിക്ക് 43.90 കോടി രൂപയും മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി രൂപയും മൃഗസംരക്ഷണത്തിന് 277.14 കോടി രൂപയും ക്ഷീരവികസനത്തിന് 109.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

നെല്‍ക്കൃഷിയുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധയാണ് സര്‍ക്കാര്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായാണ് നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2,547 കിലോയില്‍ നിന്ന് 4,560 കിലോയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. 2016 ല്‍ 1,71,398 ഹെക്ടറിലാണ് നെല്‍ക്കൃഷി നടന്നിരുന്നത്. ഇന്നത് 2,05,040 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം റോയല്‍റ്റി അനുവദിച്ചിട്ടുണ്ട്.

നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഈ സീസണില്‍ ഇതുവരെ 2,34,573 കര്‍ഷകരില്‍ നിന്നായി 1.47 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 65,535 കര്‍ഷകര്‍ക്കായി 335.10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നെല്ലു സംരംഭണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 203.9 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള താങ്ങുവില സഹായം കേന്ദ്ര സര്‍ക്കാര്‍ ഏറെ നാളായി കുടിശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. താങ്ങുവില സഹായ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷമായി വരുത്തിയ കുടിശ്ശിക 763 കോടി രൂപയാണ്. ഈ വര്‍ഷത്തെ കുടിശ്ശിക മാത്രം 388.81 കോടി രുപയുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.