ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത് പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ് നിർദേശം നൽകിയത്. നിലവിൽ ആറുമാസമെങ്കിലും താമസിച്ചവരെയാണ് ചേർക്കാറുള്ളത്. ഇത് മാറ്റിയാണ് രണ്ടു ദിവസമാക്കുന്നത്. മറുഭാഗത്ത് ഭാഗത്ത് സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻവഴി കൂട്ടത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി 30000ലധികം വോട്ടുകൾ കൃതൃമമായി ചേർത്തു. സമീപത്തെ മണ്ഡലങ്ങളിലുള്ളവർ വ്യാജ മേൽവിലാസങ്ങളിലായി തൃശൂർ നഗരത്തിൽ വോട്ട് ചേർത്തു. ഇവർ രണ്ടു മണ്ഡലങ്ങളിലും വോട്ട് ചെയ്‌തു. ഇന്ത്യ ബ്ലോക്കിലെ പാർടികൾക്കുവേണ്ടി പ്രതിപക്ഷ നേതാവ് രാഹുലിന്റെ വെളിപ്പെടുത്തലുകൾ സ്ഫോടനാത്മകമാണ്. വിഷയത്തിൽ മറുപടി പറയണമെന്ന് രാജ്യത്തെ പ്രതിപക്ഷ പാർടികൾ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. എന്നാൽ അഫിഡവിറ്റായി എഴുതി തരണമെന്നാണ് മറുപടി. തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കുന്നതിനായി സുപ്രീംകോടതി നിർദേശം വച്ചിരുന്നു. അത് തള്ളി തങ്ങൾക്ക് വിധേയരായ മൂന്നുപേരെയാണ് മോദി സർക്കാർ നിയോഗിച്ചത്.
വോട്ടർ പട്ടികയുടെ അതിവേഗ പുനർരൂപീകരണമായ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഏറ്റെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർടികളോട് ചർച്ച നടത്തണമായിരുന്നു. ഈ പ്രത്യേക രീതി ബീഹാറിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. പത്രത്തിൽ നിന്നാണ് കാര്യങ്ങൾ അറിഞ്ഞത്. ഇത് രഹസ്യാത്‌മകമായി ചെത്‌തിൽ ദുരുദ്ദേശമുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് അർഹരാരും പുറത്താവില്ലെന്ന് ഒടുവിൽ തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു. വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ ഒഴിവാക്കാനാണോ, അതോ അർഹരെ ചേർക്കാനാണോ നടപടിയെന്ന് സുപ്രീം കോടതി കമീഷനോട് ചോദിച്ചിരുന്നു.
