Skip to main content

അംബേദ്‌കർ സമത്വ സ്വപ്നങ്ങളുടെ പടയാളി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ധൈഷണിക പ്രതിഭയായിരുന്നു ഡോ. ബി ആർ അംബേദ്കർ. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ ജനാധിപത്യ- മതനിരപേക്ഷവാദികൾക്കും പ്രാധാന്യമുള്ളതാണ്. ജനാധിപത്യ അവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജാതിവ്യവസ്ഥയുടെ ക്രൂരതകൾ നിറഞ്ഞുനിന്ന കാലത്താണ് അംബേദ്കർ ജനിക്കുന്നത്. ദളിത് സമൂഹത്തിൽ പിറന്നതിനാൽ ജാതിവിവേചനങ്ങൾ കുട്ടിക്കാലം മുതൽക്കേ നേരിടേണ്ടിവന്നു. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പം ഇരിക്കാനോ കുടിവെള്ള പാത്രത്തിൽ തൊടാനോ അനുവാദമുണ്ടായില്ല.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയും ഭരണഘടനാ ശിൽപ്പിയുമായ അംബേദ്കർ ജാതി, മത - പരിഗണനയ്ക്കതീതമായി എല്ലാ മനുഷ്യരും തുല്യരായ ഒരു ഇന്ത്യയാണ് വിഭാവനം ചെയ്തത്.

സ്വാതന്ത്ര്യം നേടുമ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ. രാജ്യത്തിനൊരു ഭരണഘടനയുണ്ടാക്കാൻ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ച് 1950നു ജനുവരി 26ന് പ്രാബല്യത്തിൽവന്നു. സ്വതന്ത്ര നീതിന്യായവ്യവസ്ഥിതി നിർമിക്കാനായതും തുല്യനീതി ഉറപ്പാക്കി മൗലിക അവകാശങ്ങൾ നിർണയിച്ചതും ഭരണഘടനയുടെ പ്രത്യേകതയാണ്. സാമ്പത്തികമായും ഭരണപരമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിലായിരുന്ന ജനതയ്ക്ക് സംവരണവും ഭരണഘടനയിൽ അംബേദ്കർ എഴുതിച്ചേർത്തു. ഭരണഘടനാ അസംബ്ലിയിൽ വോട്ടെടുപ്പിലൂടെയാണ്‌ ഭരണഘടനയിൽ മതനിരപേക്ഷത രേഖപ്പെടുത്തപ്പെട്ടത്. ഇതിനായി അംബേദ്കർ വഹിച്ച പങ്ക് വളരെ വലുതാണ്.

ഇന്ത്യയുടെ ശാപം ജാതി വ്യവസ്ഥയാണെന്ന് കാൾ മാർക്സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി രൂപപ്പെട്ടശേഷം രാജ്യത്ത്‌ നടത്തിയ പോരാട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തിനുവേണ്ടിയായിരുന്നു. ചാതുർവർണ്യ വ്യവസ്ഥയുടെ മനുസ്മൃതി 1927ൽ ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ പരസ്യമായി കത്തിച്ചത് നവോത്ഥാന പോരാട്ടങ്ങളിലെ ഉജ്വല ഏടാണ്‌.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ തകരാതെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ജാതിവ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തകരൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച "ജാതിനിർമൂലനം’ എന്ന കൃതി. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് "ആരാണ് ശൂദ്രൻ’.

സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും അടിസ്ഥാനവിഭാഗത്തിന്റെ അവസ്ഥകൾ മാറിയിട്ടില്ലെന്നതിന് ഉദാഹരണം നിരവധിയാണ്. കുഴിച്ചുമൂടപ്പെട്ട പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കുകയാണ്. ഐഐടികൾ പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നും എസ്‌സി, എസ്ടി വിദ്യാർഥികൾ നിർബന്ധപൂർവം കൊഴിഞ്ഞുപോകേണ്ടിവരുന്നതും ആത്മഹത്യ ചെയ്യേണ്ടിവരുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. കേന്ദ്ര സർവീസിൽ പട്ടികജാതി – പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് തസ്തികയിലേക്ക് നിയമനം നടത്തുന്നില്ല. പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ്‌ ഉള്ളത്‌. ഫെഡറൽ തത്വങ്ങൾ തകർക്കുന്നതിനും സംസ്ഥാന അവകാശങ്ങളെ കവർന്നെടുക്കുന്നതിനും നീതിനിർവഹണ സംവിധാനത്തെപ്പോലും വരുതിക്ക് നിർത്തുന്നതിനും കേന്ദ്രം ശ്രമിക്കുന്നു. സംവരണവും സാമൂഹ്യനീതിയും നിഷേധിക്കപ്പെടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുവഴി ലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുന്നു. അവിടങ്ങളിൽ സംവരണത്തിലൂടെ നിയമനം ലഭിക്കേണ്ട പട്ടികജാതി – പട്ടികവർഗ – പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾപോലും ഇല്ലാതാക്കുന്നു. ഭരണകർത്താക്കൾ വീമ്പുപറയുന്ന വികസനങ്ങളൊക്കെ രാഷ്ട്രത്തലവന്മാർ സന്ദർശനം നടത്തുമ്പോൾ ചേരികളെ മറയ്ക്കുന്ന പരസ്യ ബോർഡുകളിൽ മാത്രമാണ്. ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്താണ്. 35 കോടി ദരിദ്രരും 15 കോടി അതിദരിദ്രരുമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അതിതീവ്രമായ വലതു കോർപറേറ്റ് നയങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് പട്ടികജാതി – പട്ടികവർഗക്കാർക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടുകഴിഞ്ഞു. ദരി‍ദ്രർ തിങ്ങിപ്പാർക്കുന്ന അതിസമ്പന്നരുടെ രാജ്യമായി ഇന്ത്യ മാറി.

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും ആരാധിക്കാനുമുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ ഭരണാധികാരികൾ തന്നെ ഹനിക്കുന്നു എന്നതാണ്‌ വർത്തമാനകാല ഇന്ത്യയുടെ പ്രത്യേകത. ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നരീതിയിൽ ഭരണവർഗത്തിന്റെ തീട്ടൂരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു. ആർഎസ്എസിന്റെ 100-ാം വാർഷികമായ 2025 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കാൻ തീവ്രശ്രമം നടക്കുന്നു. ഇതിനായി ഇന്ത്യയുടെ ബഹുസ്വരത തകർക്കുകയാണ്‌.

ഇതിൽനിന്ന് വ്യത്യസ്തമായി കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയായി തലയുയർത്തിനിൽക്കുന്നു. നവ കേരളത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ബദൽ നയങ്ങൾ നടപ്പാക്കുന്നു. രാജ്യത്താകെ അരക്ഷിതാവസ്ഥയുടെയും ആൾക്കൂട്ടക്കൊലപാതകങ്ങളുടെയും വാർത്തകൾ വർധിച്ചുവരുമ്പോൾ സാമൂഹ്യ ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും സൗന്ദര്യം ചൊരിഞ്ഞാണ് മലയാളക്കര നിലകൊള്ളുന്നത്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി വളർത്തിയെടുക്കുന്നതിൽ നവോത്ഥാന, സാമൂഹ്യപരിഷ്കരണ, പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികം സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ആഘോഷിച്ചുവരികയാണ്. ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതിയാഘോഷവും പിന്നിട്ടു. ഇത്തരം സാമൂഹ്യമുന്നേറ്റങ്ങളുടെകൂടി ഭാഗമായാണ് ഒന്നാം കമ്യൂണിസ്റ്റ് സർക്കാർ 1957ൽ അധികാരത്തിൽ വന്നത്. കേരളത്തിന്റെ സാമൂഹ്യപരമായ എല്ലാ മുന്നേറ്റങ്ങൾക്കും അടിത്തറയിട്ടത് ആ സർക്കാരായിരുന്നു. തുടർന്നു വന്ന കമ്യൂണിസ്റ്റ് - ഇടതുപക്ഷ സർക്കാരുകൾ ഈ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തിയത്.

അതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം പിണറായി സർക്കാരും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പട്ടികജാതി – പട്ടികവർഗ വിഭാഗമടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കെല്ലാം അവരുടേതായ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കി പുരോഗതിയിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടാണ് ഈ സർക്കാരിന്റേത്. അംബേദ്‌കറുടെ സ്വപ്‌നങ്ങൾ സഫലമാകുന്നൊരു നാട്‌ കേരളമാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.