Skip to main content

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. ഏത് മതത്തിൽപ്പെട്ടവരാണെന്ന് ചോദിച്ച് വെടിവച്ചുകൊന്ന സംഭവം ഭയമുളവാക്കുന്നതാണ്. രാജ്യത്ത് വർഗീയസംഘർഷവും മതപരമായ ചേരിതിരിവും സൃഷ്ടിച്ച് ജനങ്ങളുടെ ഐക്യം തകർക്കുകയാണ് ഭീകരാക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇതിൽനിന്ന്‌ വ്യക്തമാണ്. എന്നാൽ, അവരെ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ഇന്ത്യയിലെ ജനങ്ങൾ നൽകിയത്. ജാതി-മത- പ്രാദേശിക ഭാഷാ ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് ഭീകരാക്രമണത്തെ അപലപിക്കുകയും സമാധാന സന്ദേശമുയർത്തി മാർച്ചും പ്രകടനവും നടത്തുകയും ചെയ്തു. സിപിഐ എമ്മും ഇതിൽ പങ്കുചേർന്നു. സംസ്ഥാനത്തെങ്ങും ഭീകരവാദവിരുദ്ധ സദസ്സുകൾ പാർടിയുടെ നേതൃത്വത്തിൽ നടന്നു.

എടുത്തു പറയേണ്ട മറ്റൊരുകാര്യം കശ്‌മീരിലെ ജനങ്ങൾ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു എന്നതാണ്. ഭീകരതയ്‌ക്കെതിരെ ഒന്നിക്കുകയെന്ന സന്ദേശമുയർത്തി കശ്‌മീരിലെ എല്ലാ നഗരങ്ങളിലും തൊട്ടടുത്ത ദിവസം ഹർത്താൽ ആചരിച്ചു. കത്തിച്ച മെഴുകുതിരിയുമേന്തി ജനങ്ങൾ പലയിടത്തും സമാധാന മാർച്ച് നടത്തി. കശ്‌മീർ നിയമസഭ ഏകകണ്ഠമായി ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയം പാസാക്കി. വിനോദ സഞ്ചാരികളെ സ്വന്തം ജീവൻ കൊടുത്തു രക്ഷിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന ഇരുപത്തെട്ടുകാരൻ, കശ്‌മീർ ജനത ഭീകരവാദികൾക്ക് എതിരാണെന്ന സന്ദേശമാണ് നൽകുന്നത്. ഇതംഗീകരിക്കാനും സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ കൈക്കൊള്ളാനും കേന്ദ്രം തയ്യാറാകണം. കശ്‌മീരിലെ യുവജനത പുതിയ അവസരങ്ങൾ തേടുകയാണ്. അതിനുള്ള ഭൗതിക സാഹചര്യം ഒരുക്കാനാണ് സർക്കാർ അധികൃതർ തയ്യാറാകേണ്ടത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും വീഴ്ച പഹൽഗാം ആക്രമണത്തിന് കാരണമായെന്ന കാര്യത്തിൽ സംശയമില്ല. അത് കേന്ദ്ര സർക്കാർ പരിശോധിച്ച് വേണ്ട തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകണമെന്ന കാര്യത്തിലും സംശയമില്ല. ഭീകരവാദികളെയും അവർക്ക് സഹായം നൽകിയവരെയും കണ്ടെത്താനും അത്തരം സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുമുള്ള നടപടി നടന്നുവരികയാണെന്നാണ്‌ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ, പ്രധാന പ്രശ്നം ഭീകരവാദത്തിന് ശാശ്വതമായ പരിഹാരം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നതാണ്. അവർക്ക് പിന്തുണ നൽകുന്ന പാകിസ്ഥാൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും എങ്ങനെ നേരിടണമെന്നതും പ്രധാനമാണ്‌. ഇതിന് ശക്തമായ സൈനിക നടപടി അഥവാ യുദ്ധം വേണമെന്ന ആവശ്യമാണ് പല കോണുകളിൽനിന്നും ഉയരുന്നത്. പുൽവാമ, ഉറി, പത്താൻകോട്ട് സംഭവങ്ങൾ നടന്ന സമയത്തും ഇതേ ആവശ്യം ഉയർന്നതാണ്. ഇപ്പോൾ പാകിസ്ഥാനിലെ ഭീകരവാദകേന്ദ്രങ്ങളും അവർക്ക് പിന്തുണ നൽകുന്ന സൈനിക കേന്ദ്രങ്ങളും തകർത്ത് ഭാവി ഭീകരാക്രമണങ്ങൾക്ക് തടയിടാമെന്ന വാദവും ഉയരുന്നുണ്ട്.

സൈനിക മേധാവികളുമായുള്ള യോഗത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞത് "എങ്ങനെ, എവിടെ, എപ്പോൾ ആക്രമണം നടത്തണമെന്ന കാര്യം സൈന്യത്തിന് വിട്ടിരിക്കുന്നു എന്നാണ്’. ബിഹാറിലെ മധുബനിയിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത് "സങ്കൽപ്പത്തിനപ്പുറമുള്ള പ്രതികരണമായിരിക്കും’ ഇന്ത്യയുടേത് എന്നാണ്. ഒരു കാര്യം ഇവിടെ വ്യക്തമാക്കാം, സൈനിക നടപടിയുടെ സ്വഭാവം അന്തിമമായി നിശ്ചയിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്; സൈന്യമല്ല. ആ ഉത്തരവാദിത്വത്തിൽനിന്ന്‌ മോദി സർക്കാരിന് ഒഴിഞ്ഞു മാറാനുമാകില്ല. എന്നാൽ, ഇത്തരം നടപടികൾമാത്രം ഭീകരവാദത്തെ തടയാനാകുമോ എന്നതാണ് പ്രധാന ചോദ്യം. ഭീകരവാദത്തെ തുടച്ചുനീക്കുകയെന്ന തന്ത്രപരമായ ലക്ഷ്യം നേടാൻ സൈനിക നടപടി സഹായിക്കുമോയെന്ന വിലയിരുത്തലാണ് ആദ്യം വേണ്ടത്. ഭീകരവാദികളെ തകർക്കുക ലക്ഷ്യമാക്കിയാണല്ലോ മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയത്. പിന്നീട് ഭരണഘടനയിലെ 370-ാം വകുപ്പും റദ്ദാക്കി. 2016ൽ പത്താൻകോട്ടിൽ സർജിക്കൽ സ്‌ട്രൈക്കും 2019ൽ ബാലാകോട്ടിൽ വ്യോമാക്രമണവും നടത്തി. ഇതുകൊണ്ടൊന്നും ഭീകരാക്രമണം തടയാനായില്ലെന്ന് പഹൽഗാം തെളിയിക്കുന്നു. അതിനാൽ ആക്രമണവും യുദ്ധവും മാത്രമാണ് പരിഹാരമെന്ന പ്രചാരണത്തെ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്താൻ കേന്ദ്രം തയ്യാറാകണം.

വളരെ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോൾ പാകിസ്ഥാനിലുള്ളത്. ആ രാജ്യം സാമ്പത്തികമായി തകർന്നിരിക്കുകയാണ്. സാമൂഹ്യ സംഘർഷങ്ങളും രൂക്ഷമാണ്. പാകിസ്ഥാൻ സൈന്യത്തിനുള്ള ജനപ്രീതി അങ്ങേയറ്റം ഇടിഞ്ഞിട്ടുമുണ്ട്. ഈ ഘട്ടത്തിൽ ന്യൂഡൽഹി സ്വീകരിക്കുന്ന ഏതൊരു സൈനിക നടപടിയും പാക്‌ സൈന്യത്തിന് കരുത്ത് പകരുന്നതായിരിക്കും. ഇന്ത്യക്കെതിരെ നിഴൽയുദ്ധം തുടരുന്ന പാകിസ്ഥാൻ സുരക്ഷാ സംവിധാനങ്ങൾക്ക് അത് തുടരാനുള്ള ന്യായീകരണവുമാകും. അതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ സൈനിക നടപടിയിലേക്ക് നീങ്ങാവൂ എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം.

ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ പറ്റിയ അനുകൂല സാഹചര്യം ഇന്ന് കശ്‌മീരിലുണ്ട്. ജനങ്ങൾ ഭീകരവാദത്തിനെതിരെ പരസ്യമായി രംഗത്തു വരുന്നുമുണ്ട്. പ്രാദേശിക ഭരണം സൈനികവൽക്കരിക്കപ്പെട്ടതും തുടർച്ചയായ പൗരാവകാശ നിഷേധവും അടിച്ചമർത്തലുമാണ് ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. അതിനാൽ ജനങ്ങളെ പൊതുധാരയിൽനിന്ന്‌ അകറ്റുന്ന നടപടികൾ ഉണ്ടാകരുത്. സംസ്ഥാനപദവി പുനഃസ്ഥാപിച്ച് രാഷ്ട്രീയ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കേണ്ടത്.

സൈനിക നടപടിയെക്കുറിച്ച് മാത്രമല്ല, നയതന്ത്രപരവും സാമ്പത്തികവുമായ നടപടികളെക്കുറിച്ചും സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളണം. ഭീകരവാദ വിഷയത്തിൽ ലോകരാഷ്ട്രങ്ങളിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളും പാക്‌ പൗരന്മാർക്കുള്ള വിസ റദ്ദ്‌ ചെയ്യാനുള്ള നടപടികളും മിഷനുകളിൽ സ്റ്റാഫിനെ കുറയ്‌ക്കാനുള്ള നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. 1960ൽ ഒപ്പിട്ട സിന്ധു നദീജല കരാർ മരവിപ്പിച്ച് നിർത്തുമെന്നും ഇന്ത്യ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാൻ പിന്തുണ നൽകിയതിനുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ പാകിസ്ഥാനെ ലോക രാഷ്ട്രങ്ങളിൽനിന്ന്‌ കൂടുതൽ ഒറ്റപ്പെടുത്താൻ അത് സഹായിക്കും. അതോടൊപ്പം ഭീകരവാദികൾക്ക് പാകിസ്ഥാൻ നൽകുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയാൻ അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും കഴിയും. പഹൽഗാം ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി ഇതിനകം അപലപിക്കാൻ തയ്യാറായിട്ടുമുണ്ട്.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്. സാമൂഹ്യമാധ്യമങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന് ഉദാഹരണമാണ്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും യുപിയിലും മറ്റും പഠിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന കശ്‌മീരികൾക്കുനേരെ നടക്കുന്ന ആക്രമണവും അവരോട് അവിടം വിടാൻ നിർബന്ധിക്കുകയും ചെയ്യുന്ന നടപടി ഭീകരവാദത്തിനെതിരായ ഐക്യത്തെ തകർക്കുന്നതാണ്. പഹൽഗാമിന് പ്രതികാരമായി ആഗ്രയിൽ മുസ്ലിം യുവാവിനെ ഗോരക്ഷകർ വധിച്ചതും ഇതേ ഫലമാണ് ഉളവാക്കുക. ഇന്ത്യക്കാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയെന്ന ഭീകരവാദികളുടെ ലക്ഷ്യമാണ് ഇത്തരം നടപടികളിലൂടെ നിറവേറ്റപ്പെടുകയെന്ന് ഈ ചെയ്തികളിൽ ഏർപ്പെടുന്നവർ ചിന്തിക്കണം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി ശരത് ദുർഘട നിമിഷത്തിൽ തന്നെ സഹായിച്ച മുസാഫിർ, സമീർ എന്നീ കശ്‌മീരി ഡ്രൈവർമാർ സഹോദരന്മാരാണ് എന്നു പറഞ്ഞതിനെതിരെ വൻ സൈബർ ആക്രമണമാണ് നടന്നത്. ഐക്യത്തെ തകർക്കുന്ന നടപടിയാണിത്. അതിനാൽ കേരളം ആരതിയുടെ കൂടെയാണെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയും ഞാനും ധനമന്ത്രിയും മറ്റും എറണാകുളത്തെ അവരുടെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ ഐക്യത്തിലൂടെയും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും മാത്രമേ ഭീകരവാദത്തെ ചെറുക്കാനാകൂ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വേണ്ടത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.