Skip to main content

രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും സ. പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 33 വർഷം തികയുകയാണ്‌. സാമൂഹ്യമായി അവഗണിക്കപ്പെട്ടിരുന്ന പട്ടികജാതിവിഭാഗത്തിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യവും ഇല്ലായ്‌മയും അവഗണനയും നിറഞ്ഞ ജീവിതചുറ്റുപാടുകളോട്‌ പടവെട്ടിയാണ്‌ ജനനേതാവായി മാറിയത്‌. സ്വന്തം ജീവിതസാഹചര്യങ്ങളോടും സമൂഹത്തിലെ അനീതികളോടും സന്ധിയില്ലാസമരം ചെയ്‌താണ്‌ വിപ്ലവകാരിയായി വളർന്നത്‌. ജന്മി‐ ഭൂപ്രഭു വർഗത്തിന്റെയും ഭരണാധികാരികളുടെയും അടിച്ചമർത്തലുകളെയും മർദനങ്ങളെയും സഹനശക്തിയോടെ നേരിട്ടു. പൊലീസ്‌ വേട്ടയിൽ മൃതപ്രായനായി മോർച്ചറിയിലേക്ക്‌ നീക്കിയ അത്യപൂർവ അനുഭവവും ആ സമരജീവിതത്തിലുണ്ടായി.
സ. പി കെ കുഞ്ഞച്ചൻ തിരുവല്ല താലൂക്കിലെ എഴുമറ്റൂരിൽ 1925-ൽ ജനിച്ചു. 1947-ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. 1973-ൽ കോഴിക്കോട്ട്‌ നടന്ന കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1982 വരെ ആ സ്ഥാനത്ത്‌ തുടർന്നു. പിന്നീട്‌ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി മരണംവരെ പ്രവർത്തിച്ചു. ആദ്യകാലത്ത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ സജീവമായിരുന്നു. തിരുവിതാംകൂർ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ നേതാവായി. ഐതിഹാസിക ട്രാൻസ്‌പോർട്ട്‌ പണിമുടക്ക്‌ വേളയിൽ പൊലീസിന്റെ ഭീകരമർദനത്തിന്‌ ഇരയായി. വിമോചനസമരകാലത്ത്‌ കുട്ടനാട്ടിലെ ജന്മിമാർ ഇ എം എസ്‌ സർക്കാരിനെ പാഠം പഠിപ്പിക്കാൻ കൃഷിചെയ്യാതെ നിസ്സഹകരണവുമായി ഇറങ്ങി. അന്ന്‌ കർഷകത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ കുഞ്ഞച്ചൻ വഹിച്ച നേതൃപരമായ പങ്ക്‌ സ്‌മരിക്കപ്പെടുന്നതാണ്‌. ഇതേത്തുടർന്ന്‌ 1960ൽ നടന്ന വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുട്ടനാടൻ മേഖലയിൽ ജന്മി ഗുണ്ടകളുടെ കിരാതവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താൻ കർഷകത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടം സംഘടിപ്പിക്കുന്നതിൽ നല്ലൊരു പങ്ക്‌ വഹിച്ചു.
കേരളത്തിൽ കർഷക തൊഴിലാളി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയതിൽ കുഞ്ഞച്ചന്റെ പങ്ക്‌ വലുതാണ്‌. കർഷകത്തൊഴിലാളികൾ ദൈനംദിനജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കാനും അവ പരിഹരിക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും അതീവശ്രദ്ധ പുലർത്തി. പട്ടികജാതി‐ വർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടു. രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം പാർലമെന്ററി പ്രവർത്തനങ്ങളിലും മാതൃകാപരമായി ഇടപെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്ത്‌ കർഷകത്തൊഴിലാളികൾക്കുനേരെ ആക്രമണമുണ്ടായാലും അവിടങ്ങളിൽ എത്താനും അവ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിഷ്‌കർഷ പുലർത്തി. ബിഹാറിൽ കർഷകത്തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം പാർലമെന്റിൽ വികാരതീവ്രതയോടെ കുഞ്ഞച്ചൻ അവതരിപ്പിച്ചപ്പോൾ അത്‌ സഭയെ ഞെട്ടിക്കുകയും ഇടപെടലിനായി സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്‌തു.
പി കെ കുഞ്ഞച്ചനെപ്പോലുള്ള നിരവധി മുൻഗാമികളുടെ പ്രവർത്തനഫലമായി തൊഴിലാളികളും സാധാരണക്കാരുമെല്ലാം കൈവരിച്ച അവകാശങ്ങളും നേട്ടങ്ങളുമെല്ലാം കേന്ദ്രത്തിൽ തുടർച്ചയായി അധികാരത്തിൽവന്ന സംഘപരിവാർ ഭരണം ഇല്ലാതാക്കി. ഏതുകാലത്തും കോർപറേറ്റുകളുടെ ലാഭം വർധിപ്പിച്ച്‌ കൊടുക്കുന്നതിലാണ്‌ ബിജെപി ശ്രദ്ധിക്കുന്നത്‌. രാജ്യത്ത് കർഷകരുടെയും തൊഴിലാളികളുടെയുമെല്ലാം ഐക്യം കൂടുതൽ കരുത്തുറ്റതാക്കാനും വെല്ലുവിളികളെ മുറിച്ചുകടക്കാനും പി കെ കുഞ്ഞച്ചന്റെ സ്മരണ നമുക്ക്‌ കരുത്താകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത്, തട്ടിപ്പുകാർക്കെതിരെ കർശന നടപടി

സ. പിണറായി വിജയൻ

പി.എസ്.സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തുയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ കൊടിക്കൂറ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും മടക്കിവയ്‌ക്കാതെ മുന്നോട്ടുപോയവരാണ് എസ്എഫ്ഐക്കാർ

സ. പുത്തലത്ത് ദിനേശൻ

സമാനതകളില്ലാത്ത സമരചരിത്രമാണ് ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ വിദ്യാർഥികളോട് കോളേജുകൾ ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങാൻ നിർദേശിച്ചത് ഗാന്ധിജിയായിരുന്നു. ഇതിന് എതിർപ്പുകൾ ഉയർന്നപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ‘ഭാവിലോകത്ത് ജീവിക്കേണ്ടത് വിദ്യാർഥികളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തും

സ. പിണറായി വിജയൻ

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയരാക്കി ഉൾപ്പെടുത്തും. 2017ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് ഇവർ. ഒഴിവാക്കിയതിന്റെ കാരണം പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും.