കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. നിയമസഭയുടെ നടപടിക്രമങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് ധനകാര്യബിൽ പാസാക്കിയത്. പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂൾ സഭയിൽവന്നപ്പോൾ ധനബിൽ ഉണ്ടായിരുന്നില്ല. എന്നാൽ ബജറ്റ് അവതരണത്തിന് ശേഷം സഭാസമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യക്കമ്പനിക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ വളരെ ധൃതിപ്പെട്ട് ധനകാര്യബിൽ അജണ്ടയിൽ തിരുകികയറ്റുന്നത്. ചില മദ്യക്കമ്പനികളെ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറച്ച് ആർക്കുവേണ്ടിയാണ്? ഇതുകൊണ്ട് നാടിനെന്താണ് ലാഭം? സർക്കാരിനെന്താണ് ലാഭം? മദ്യക്കമ്പനിക്കാണ് ഇതിലൂടെ ലാഭമുണ്ടാകുന്നത്. നികുതി നിരക്ക് വിജ്ഞാപനം ചെയ്യപ്പെട്ടുകഴിഞ്ഞാൽ വിൽപ്പന നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. വിൽക്കാൻ താൽപര്യമുള്ള മദ്യക്കമ്പനികൾ കോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവ് ലഭിക്കില്ല എന്ന ഉറപ്പ് സർക്കാരിനുണ്ടോ? യുവതലമുറ വീര്യംകുറഞ്ഞ മദ്യത്തിൽ ആകൃഷ്ടരാകുന്ന അവസ്ഥവന്നാൽ പിന്നീട് വീര്യംകുറഞ്ഞ ലഹരിയിലേക്ക് കടക്കുന്നതിനാണ് ഇടയാക്കുക. ഈ സാമൂഹ്യവിപത്ത് യുഡിഎഫ് സർക്കാർ തിരിച്ചറിയുന്നുണ്ടോ? സ്പിരിറ്റ് അധിഷ്ടിതമായ മദ്യത്തിന് ഒരു നികുതിയളവും ഇതേവരെ കേരളത്തിൽ നൽകിയിട്ടില്ല.
പ്രതിപക്ഷം ഈ വിഷയത്തെ പെരുപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പ്രതിപക്ഷത്തോടൊപ്പം വേറെ ചിലരും കൂടി കൂടിയിട്ടുണ്ടെന്നും പരിഹാസപൂർവം മുഖ്യമന്ത്രി പറയുകയുണ്ടായി. ആരാണ് ഈ വേറെ ചിലർ? പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അംഗീകരിച്ചവരിൽ ഒരാൾ മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മറ്റൊരാൾ മുൻ എംപി ടി എൻ പ്രതാപനുമാണ്. കെ സി വേണുഗോപാലും എക്സൈസ് മന്ത്രിയും തങ്ങളുടേതായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷിനേതാക്കളും മതമേലധ്യക്ഷന്മാരും ഈ പ്രശ്നത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. നിരുത്തരവാദപരവും ഏകപക്ഷീയവും സമൂഹത്തിന് ദോഷകരവുമായ തീരുമാനമാണ് മദ്യനികുതിയിളവ്.
