പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 12 വർഷമാകുന്നു. പികെസി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ട സമരചരിത്രത്തെയാണ് സ്പർശിക്കുന്നത്.
കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനായിരുന്നു പികെസി. 1941ൽ ആണ് പികെസി കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.
പികെസി പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്നപേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം ജയിലിൽ കഴിഞ്ഞു. വർഗബഹുജന സംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പികെസിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്.
പികെസിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നു. ആ ഓർമകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ
