രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. ലക്ഷക്കണക്കിന് പ്രവർത്തകരുടെ അഭിപ്രായം കേട്ടശേഷമാണ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്. ഇത്തരമൊരു പരാജയം മുൻകൂട്ടി കാണാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല എല്ല സ്വയംവിമർശനം അംഗീകരിച്ചു.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളുടെയും യോഗം ആഗസ്റ്റിൽ ചേരും. ഇതിന് മുന്നോടിയായി, പാർടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയാകെയും അഭിപ്രായം തേടും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ എത്തിക്കുന്നതിൽ പോരായ്മ ഉണ്ടായി. വലതുപക്ഷ മാധ്യമങ്ങളുടെ കള്ളപ്രചാരവേലയെ പ്രതിരോധിക്കാനും സാധിച്ചില്ല. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാൻ സംഘടനാപരമായ ദൗർബല്യങ്ങളും തടസ്സമായി.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകൾ സ്വയംവിമർശനപരായി കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകൾ പാർടി തള്ളിക്കളഞ്ഞതാണ്. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളിയിൽനിന്നുണ്ടായ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങളിൽ രൂപപ്പെട്ടു. ഇതിനെ ദൂരീകരിക്കുന്നതരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പോരായ്മ സംഭവിച്ചു എന്ന് സ്വയംവിമർശനപരമായി വിലയിരുത്തി.
അയ്യപ്പസംഗമം സംഘടിപ്പിച്ചത് ദേവസ്വം ബോർഡാണ്. എന്നാൽ സർക്കാരാണ് സംഘടിപ്പിച്ചതെന്ന വലതുപക്ഷപ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ആർഎസ്എസിന്റെ പ്രമുഖനായ വക്താവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായ നിലപാടിയിരുന്നില്ല.
ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റാരോപിതനായ എ പത്മകുമാറിനോട് പാർടി വിശദീകരണം ചോദിക്കുകയും എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റി നിർത്തിയതുമാണ്. എന്നാൽ ആരോപണമുയർന്ന ഘട്ടത്തിൽതന്നെ കർശനമായ നടപടി സ്വീകരിച്ചില്ല എന്ന എതിരാളികളുടെ പ്രചാരണം തെരഞ്ഞെടുപ്പിൽ ബാധിച്ചു.
ലോകത്ത് പൊതുവെ വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടുവന്ന കാലമാണിത്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ സ്വീകാര്യതനേടി. എന്നാൽ നിർമാണ മേഖലയിലുൾപ്പെടെ പരമ്പരാഗത മേഖലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായില്ല എന്നത് താഴെത്തട്ടുകളിലെ ചർച്ചകളിൽവന്നു. അത് എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തി.
ഏതാണ്ട് 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുകയും, ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ടും നൽകി. കേരളത്തിൽ മൂന്ന് സീറ്റിൽ ബിജെപി ജയിച്ചത് ഗൗരവതരാണ്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാംസ്ഥനത്തായി. ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടത് സിപിഐ എമ്മിനെയും എൽഡിഎഫിനെയുമാണെന്നാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് ബിജെപി വോട്ട് ലഭിച്ചു എന്ന് ഉറപ്പാക്കിയിട്ടാണ് 100 സീറ്റിന് മുകളിൽനേടുമെന്ന് അവകാശപ്പെട്ടത്. കൃത്യമായ അജണ്ടവെച്ച്, സിപിഐ എമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് പ്രചരിപ്പിച്ചിട്ട്, കോൺഗ്രസും ബിജെപിയും വോട്ടുകൾ പരസ്പരം കൈമാറി.
സ്വത്വ രാഷ്ട്രീയ ചിന്തകൾ മുന്നോട്ടുവെക്കുന്നത് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ ചിന്തകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. എല്ലാ വിഭാഗങ്ങളിൽനിന്നും എൽഡിഎഫിന് വോട്ട് നഷ്ടമായിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗം പൂർണമായി ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തി എന്ന് പറയാനാകില്ല. എന്നാൽ എസ്ഐആർ നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക കോൺഗ്രസ്- മുസ്ലിം ലീഗ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ഉപയോഗിച്ചു. എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയൻ സർക്കാരാണെന്ന കള്ളപ്രചാരണവും നടത്തി. ഇത് ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽനിന്നും അകറ്റി.
മതത്തെ ഉപയോഗിച്ച് വർഗീയചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു മുസ്ലിംലീഗ്. അപകടരവും ദൂരവ്യാപകഫലമുണ്ടാക്കുന്നതുമായ നിലപാടാണ് ഇത്. ഇതിന്റെ ഗുണഭോക്താവ് എന്നനിലയിൽ കോൺഗ്രസും പിന്തുണ നൽകി.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് എല്ലാ ഘടകകങ്ങിളും ചർച്ചചെയ്യും. ഉയരുന്ന ചർച്ചകൾക്ക് മറുപടിയും നൽകും. ജൂണ്‍ 9, 10, 11 തീയ്യതികളിലായി ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരും. തുടര്‍ന്ന് ജില്ലകളില്‍ മേഖലാ റിപ്പോര്‍ട്ടിംഗും പാര്‍ടി ജനറല്‍ബോഡി യോഗങ്ങളും സംഘടിപ്പിക്കും. ഇതിനുശേഷം അനുഭാവി യോഗങ്ങളും വിളിച്ചുചേര്‍ക്കും.
