ആഡംബരത്തിന്റെയും അഴിമതിയുടെയും ആറാട്ട് നടത്തുന്ന ആറുമാസക്കാലം വി ഡി സതീശൻ സർക്കാർ പിന്നിടുമ്പോൾ കേരളം മനുഷ്യജീവനും മനുഷ്യാന്തസ്സിനും വിലയില്ലാത്ത ഉത്തരേന്ത്യൻ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. കൽപ്പറ്റയിൽ ആദിവാസി വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾക്ക് മുളവടിയിൽ ചുമന്ന് ശ്മശാനത്തിൽ എത്തിക്കേണ്ടി വന്ന അവസ്ഥ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മന്ത്രിമാർക്ക് സഞ്ചരിക്കാൻ 24 അത്യാഡംബര കാറുകൾ വാങ്ങുന്ന സന്ദർഭത്തിലാണ് ഇതെന്നുകൂടി നമ്മൾ ഓർക്കണം. 2017 ൽ ഉത്തർപ്രദേശിൽ ബ്രിജ് മോഹൻ എന്നയാൾക്ക് ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മരുമകൻ്റെ മൃതദേഹം സൈക്കിളിൽ കൊണ്ടുപോകേണ്ടിവന്നു. അതിനുമുമ്പ് 2016ൽ, ഒഡീഷയിൽ ദാന മഞ്ചി എന്ന ആദിവാസി യുവാവിന് ആംബുലൻസ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം പത്തു കിലോമീറ്റർ ചുമക്കേണ്ടിവന്നു. 2022ൽ യുപിയിലെ പ്രയാഗ് രാജിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനാൽ ഒരച്ഛന് സ്വന്തം മകൻ്റെ മൃതദേഹം തോളിലേറ്റി പോകേണ്ടിവന്നു. 2024ൽ മഹാരാഷ്ട്രയിലെ ഗഢ്ചിരോളിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ മൃതദേഹങ്ങൾ ചുമന്നുകൊണ്ടുപോകേണ്ടി വന്നത് ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനാലായിരുന്നു. ഇപ്പോഴിതാ കേരളത്തിലും. മാനവികതയുടെ മഹാമാതൃക തീർത്ത ഈ മണ്ണിനെ ഈ സർക്കാർ ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണ്. മനുഷ്യമന:സാക്ഷി മരവിച്ചിട്ടില്ലാത്ത ഒരാൾക്കും ഈ ദുരനുഭവം കണ്ടുനിൽക്കാനാവില്ല.
