Skip to main content

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്. ആ അടിത്തറ തകർക്കാനും, അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താനും സംസ്ഥാന ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരമാണ്.

ലോകമാകെ അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെയും ആകെ തകർക്കുന്ന ഗുരുതരമായ നീക്കമാണ് മന്ത്രിയിൽ നിന്നുണ്ടായിരിക്കുന്നത്. നിപ എന്ന മഹാമാരിയെ നാട് ഒറ്റക്കെട്ടായി അതിജീവിച്ചപ്പോൾ, സ്വന്തം കുടുംബത്തെപ്പോലും മറന്ന് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തെയും ജീവത്യാഗത്തെയുമാണ് ഉത്തരവാദപ്പെട്ട ഒരു മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകൾ അപമാനിക്കുന്നത്.

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിപ ബാധിച്ച് മരിച്ചവർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വാദം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ഔദ്യോഗിക രേഖകൾ സഹിതം ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 2023–25 കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരണപ്പെട്ട 6 പേരിൽ ഒരാൾ പോലും മെഡിക്കൽ കോളേജിൽ നിന്ന് ഈ മരുന്ന് സ്വീകരിച്ചിട്ടില്ല എന്നിരിക്കെ, നിയമസഭയെയും പൊതുസമൂഹത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നു?

എസ്.എം.എ വിഷയത്തിലടക്കം സർക്കാരിനുണ്ടായ ഗുരുതരമായ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇല്ലാത്തൊരു നിപ വിവാദം സൃഷ്ടിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുകയാണ്. സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്ത്തിക്കാട്ടി സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കാനാണോ മന്ത്രി ശ്രമിക്കുന്നത്?

സ്വന്തം ഭരണ പാളിച്ചകൾ മൂടിവെക്കാൻ ലോകം അംഗീകരിച്ച നമ്മുടെ അതിജീവന ചരിത്രത്തെ അവഹേളിക്കുകയും ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുകയും ചെയ്യുന്ന ഈ ശൈലി കേരളം അംഗീകരിക്കില്ല. ജനങ്ങളിൽ ഭീതി വിതയ്ക്കുകയും നാടിന്റെ ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ആരോഗ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം.

 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

മഹാരാജാസിലെ കുട്ടികൾ മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോഴേക്കും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായത്രേ, സംസ്ഥാനത്തെ ഒരു മന്ത്രിയെ യുവമോർച്ചക്കാർ വഴിയിലിറക്കിവിട്ടിട്ടും മുഖ്യമന്ത്രിക്ക് ഞെട്ടലുണ്ടായില്ല

സ. എം ബി രാജേഷ് 

എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി ജോണിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി മുതൽ ഇങ്ങോട്ട് കോൺഗ്രസ്- ലീഗ് നേതാക്കളെല്ലാം രംഗത്ത് വന്നതായി കണ്ടു.