പതിമൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച മണിയൂരിലെ പോക്സോ കേസ് പ്രതിക്ക് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സ്വൈരവിഹാരം നടത്താൻ പോലീസ് തലപ്പത്തുള്ള സ്വാധീനം വഴിയൊരുക്കി. പോലീസും പ്രോസിക്യൂഷനും ഈ ഒത്തുകളി അവസാനിപ്പിച്ച് മുഖ്യപ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം. പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്താൻ അടിയന്തര
നടപടികൾ സ്വീകരിക്കണം.
2026 ജനുവരിയിൽ ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് പയ്യോളി പോലീസ് ഈ കേസ് രജിസ്റ്റർ ചെയ്‌തത്. പ്രവാസി ബിസിനസ്സുകാരനായ റഫീഖാണ് കേസിലെ ഒന്നാം പ്രതി. കുട്ടിയുടെ ഉമ്മ രണ്ടാം പ്രതിയുമാണ്. നാട്ടുകാരുടെ ശക്തമായ ഇടപെടലുകളെയും, പ്രതിഷേധങ്ങളെയും തുടർന്ന് രണ്ടാം പ്രതിയായ ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ, ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാതെ അയാൾക്ക് ഗൾഫിലേക്ക് രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കുകയാണ് ചെയ്തത്.
ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന മുഖ്യപ്രതി റഫീഖ്, 9 മാസങ്ങൾക്ക് ശേഷം കൊയിലാണ്ടി കോടതിയിൽ ഹാജരായപ്പോൾ പ്രോസിക്യൂഷൻ എതിർക്കാതിരുന്നതിനെ തുടർന്ന് അനായാസം ജാമ്യത്തിലിറങ്ങി. പോലീസും, പ്രോസിക്യൂഷനും നടത്തിയ ഈ ഒളിച്ചുകളിക്കെതിരെ നാട്ടുകാരും, ആക്ഷൻ കമ്മിറ്റിയും ശക്തമായി രംഗത്തുവന്നതോടെയാണ് ജാമ്യം റദ്ദാക്കാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർ നിർബന്ധിതരായത്. തുടർന്ന് ജാമ്യം റദ്ദായ പ്രതി ഒളിവിൽ പോവുകയും, ദിവസങ്ങൾക്കകം ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയും ചെയ്‌തു. പ്രതിക്ക് അനുകൂലമായ പോലീസിന്റെയും, പ്രോസിക്യൂഷൻ്റെയും നിലപാടുകൾ തന്നെയാണ് ഇതിനും കാരണമായത്.
കുറ്റവാളികളെ സംരക്ഷിക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് അടിയന്തരമായി അവസാനിപ്പിക്കണം. പ്രവാസി ബിസിനസ്സുകാരനായ ഒന്നാം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണം.
