നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് കഴിഞ്ഞ സർക്കാർ കാലയളവിൽ പ്രവർത്തന കരാറുകൾ നൽകിയിരുന്നത് എന്ന യുഡിഎഫ് വാദം തെറ്റാണെന്ന് തെളിയിക്കത്തക്ക നിലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിനു സഭയിൽ സമ്മതിക്കേണ്ടതായി വന്നു. കൂടാതെ ഊരാളുങ്കൽ ഏറ്റെടുത്ത പൊതുമരാമത്ത് പ്രവർത്തികൾ എല്ലാം തന്നെ ഗുണനിലവാരങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പറയുന്ന കാര്യങ്ങളിൽ യാതൊരുവിധ ധാർമികതയും കാണിക്കാതെ യുടേൺ എടുക്കുന്നതിൽ ഈ സർക്കാർ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ കുപ്രസിദ്ധി ആർജിച്ചു കഴിഞ്ഞു. ജനങ്ങളോട് യാതൊരുവിധ സത്യസന്ധതയും വിശ്വസ്തതയും കാണിക്കാതെ പ്രത്യക്ഷമായി വസ്തുതാ വിരുദ്ധമായി നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിഷേധാത്മകമാണ്.
യുഡിഎഫ് സർക്കാർ ഊരാളുങ്കൽ സൊസൈറ്റിയെ സിപിഎമ്മിന്റെ പണം വെളുപ്പിക്കൽ ഏജൻസി എന്നൊക്കെ കളിയാക്കുമ്പോൾ നിങ്ങൾ അറിയാത്ത ചരിത്രം ഊരാളുങ്കലിനു ഉണ്ട്, അഥവാ നിങ്ങൾ വസ്തുതയും ചരിത്രവും പഠിക്കണം എന്ന് വ്യoഗ്യം. അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഊരാളുങ്കൽ സൊസൈറ്റി കേരളത്തിന്റെ വികസനത്തിന് നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രയോ സുതാര്യമാണെന്നുള്ളതും നിങ്ങൾ ഓർക്കണം. ഏഷ്യയിലെ ഏറ്റവും നീളം ഉള്ള കോൺക്രീറ്റ് ബോ സ്ട്രിങ് പാലമായ കൊല്ലം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം, ദക്ഷിണേന്ത്യയിലെ കായലിനു മീതെയുള്ള ഏറ്റവും നീളമുള്ള പാലം ആകുവാൻ പോകുന്ന പെരുമ്പളം പാലം, പാലാരിവട്ടം പാലം,
ആലപ്പുഴ ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ , കാരിത്താസ് മേൽപ്പാലം എന്നിവ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അഴിമതി രാഹിത്യവും സുതാര്യതയും ഗുണനിഷ്ഠയും നിറഞ്ഞ പ്രവർത്തികൾക്ക് മകുടോദാഹരണങ്ങൾ ആണ്.
ഈ രാജ്യത്തിന്റെ തന്നെ അഭിമാനമായ ഒരു തൊഴിലാളി സഹകരണ സംഘത്തെയാണ് തികഞ്ഞ മുതലാളിത്ത സ്വഭാവത്തോടുകൂടി നിങ്ങൾ കടന്നാക്രമിക്കുന്നത്. " ഇത്ര ഊർജ്ജസ്വലവും സഫലവുമായ ഒരു സഹകരണ സ്ഥാപനം ലോകത്ത് ഞങ്ങൾ കണ്ടിട്ടില്ല" എന്നാണ് ഐക്യരാഷ്ട്രസഭയുടെയും യുഎൻഡിപിയുടെയും റെസിഡന്റ് കോഡിനേറ്റർ ലിസ്സെ ഗ്രാൻഡ് പറഞ്ഞത്. 2013ൽ തന്നെ പ്രവർത്തന മികവിനുള്ള മാതൃകാസഹകരണ സംഘമായി ഊരാളികൾ സൊസൈറ്റിയെ യു എൻ ഡി പി തെരഞ്ഞെടുത്തു. കൂടാതെ ലോകത്തെ പഠിപ്പിക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റിയെ ഒരാഗോള മാതൃകയായി ഇവർ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും 3 വിദഗ്ധ സംഘം ആണ് ഊരാളുങ്കൽ സൊസൈറ്റി പ്രവർത്തിക്കുന്നത്തിന്റെ രീതി പഠിക്കുന്നതിനായി വന്നത്.
ശ്രീനാരായണ ഗുരുവിന്റെ കാലത്ത് മലബാറിൽ സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം കൊടുത്ത നവോത്ഥാന നായകനായിരുന്ന, വാഗ്ഭടാനന്ദന്റെ നേതൃത്വത്തിലാണ് 1925 ഫെബ്രുവരി 13ന് ഈ തൊഴിലാളി സംഘം രജിസ്റ്റർ ചെയ്തത്. ഈ കാലയളവിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ ജാതിയെ ഉച്ച നീതിത്വത്തിനും ജന്മിത്വത്തിനും എതിരായി
വാഗ്ഭടാനന്ദത്തിന്റെ പ്രാർത്ഥനയിലൂടെ ഉള്ള ആഹ്വാനത്തെ ജനം ഏറ്റെടുത്തു. ചൂഷണം ചെയ്യുന്ന സംവിധാനത്തിനെതിരെ അവർ ഒത്തുചേർന്നു. ഒട്ടേറെ ബാലാരിഷ്ടകളെ തൊഴിലാളികളുടെ കൂട്ടായ്മയിൽ നിശ്ചയദാർഢ്യവും അസാമാന്യമായ സഹനങ്ങളും ഒക്കെ കൊണ്ട് മറികടന്നാണ് ഊരാളുങ്കൽ സൊസൈറ്റി ഇന്നത്തെ നിലയിലേക്ക് വളർന്നത്. നവോത്ഥാനത്തിന്റെ ഈ പാഠങ്ങളൊക്കെ യുഡിഎഫ് എത്ര ഗർവോടുകൂടിയാണ് അപമാനിക്കുന്നത്.
സഹകരണ രംഗത്ത് രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കോർപ്പറേറ്റീവ് അലയന്സിൽ അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണ സംഘമായ ഊരാളുങ്കലിനെ ആർക്കുവേണ്ടിയാണ് യുഡിഎഫ് കല്ലെറിയുന്നത്.
കുത്തക മുതലാളിമാർക്ക് സംസ്ഥാനത്തെ വീതം വച്ചു കൊടുക്കുന്നതിൽ മുഖ്യമന്ത്രിക്കു എന്താണ് പകരമായി ലഭിക്കുന്നത്. മറ്റ് സർക്കാരുകൾക്ക് മാതൃകയായ 'കേരള മോഡൽ' വികസനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ കുത്തകമുതലാളിത്തത്തിന് പിൻവാതിൽ തുറന്നു കൊടുക്കുന്നത് ജനദ്രോഹപരമായ നിലപാടും പ്രവർത്തിയും ആണ്.
