Skip to main content

ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല

ഇന്ന് ഇഎംഎസ് ദിനം.
ഭരണകർത്താവ്, സാമൂഹ്യപരിഷ്കർത്താവ്, വിപ്ലവകാരി, ചിന്തകൻ എന്നിങ്ങനെ സഖാവ് ഇഎംഎസിനോളം കേരളത്തിൻ്റെ ചരിത്രഗതിയെ സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. ഇ എം എസ്സിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഐക്യ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസും ഭൂപരിഷ്കരണ നടപടികളും വിദ്യാഭ്യാസ ബില്ലുമെല്ലാം ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതാൻ പ്രഹരശേഷിയുള്ളവയായിരുന്നു.
ലോകത്താകെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലിൻ്റെ ശില്പി ആയിരിക്കുമ്പോൾ തന്നെ, അതിനെ ക്രിയാത്മകമായി വിമർശന വിധേയമാക്കാനും സഖാവ് ഇ എം എസ്സിന് മടിയുണ്ടായില്ല. കേരള മോഡൽ ഉയർന്ന ഗുണനിലവാരം നിലനിർത്തി മുന്നോട്ടുപോകാൻ, നവലിബറൽ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ബദൽ നയങ്ങൾക്കും
സേവന-ക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനുമൊപ്പം സാമ്പത്തിക വളർച്ചയുമുണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് എന്ന ആശയം ഇതിനെ തുടർന്നാണ് ഉരുത്തിരിഞ്ഞത്. ഇ എം എസ്സിന്റെ നേതൃത്വത്തിൽ 1994-ൽ നടന്ന ഒന്നാം കേരള പഠന കോൺഗ്രസ്സ് മുതൽ 2016-ലെ നാലാം കേരള പഠന കോൺഗ്രസ്സ് വരെയുള്ളവ കേരള മോഡലിനെ കാലോചിതമായി പുതുക്കാനും കേരള വികസനത്തിന് ശരിയായ ദിശാബോധം നൽകാനും സഹായകമായി.
കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് ഇ എം എസ്സ് മുന്നോട്ടു വച്ചിരുന്ന ആശയങ്ങളെ വിപുലീകരിച്ചുകൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാർ പത്തു വർഷം പൂർത്തിയാക്കുന്നത്. ഈ ബദൽ വികസന മാതൃകയ്ക്ക് വരും വർഷങ്ങളിൽ തുടർച്ചയുണ്ടാകേണ്ടതിനെക്കുറിച്ചുള്ള ആലോചനകളാണ് ഈയിടെ നടന്ന അഞ്ചാം കേരള പഠന കോൺഗ്രസ്സ് ചർച്ച ചെയ്തത്. ഭാവി കേരളത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ നമുക്കു വഴികാട്ടിയാവുന്നതും ഇ എം എസ്സ് തന്നെയാണെന്ന് നിസ്സംശയം പറയാം. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനം ഒരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഖാവ് ഇ എം എസ്സിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.
ഇന്ന് ഇഎംഎസ് ദിനത്തിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്.
ഇന്നലെ ചേർന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ടവർ സ്ഥാനാർത്ഥി എന്ന നിലയിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് സവിശേഷമായ ഒരു അനുഭവമായിരുന്നു. ഇഎംഎസിന്റെ ഉജ്വലസ്മരണയും ഏറ്റവും പ്രിയപ്പെട്ടവരുടെ സ്നേഹവായ്പ്പും എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപരാജിതമായ കരുത്ത് പകരും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.