Skip to main content

ചരിത്രം തിരുത്തിക്കുറിച്ച സഭ

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തുടർ ഭരണത്തിന്റെ പുത്തൻ അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് 2021 മെയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. സമാനതകളില്ലാത്ത വിധത്തിൽ ഓഖി, നിപാ, രണ്ടു പ്രളയം, കോവിഡ് തുടങ്ങിയ ദുരിതങ്ങൾ കടന്നാക്രമിച്ചപ്പോഴും ജനങ്ങൾക്ക് ആശ്വാസവും അതിജീവനത്തിനുള്ള പുത്തനാവേശവും പകർന്നു നൽകി ചേർത്തുപിടിച്ച എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അനുകൂലമായ വിധിയെഴുത്തായിരുന്നു ഇത്. 15-ാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനം 2021 മെയ് 24ന്‌ രാവിലെ ഒമ്പതിന്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രൊടെം സ്പീക്കർ പി ടി എ റഹീമിന്റെ അധ്യക്ഷതയിൽ ഭരണഘടനയുടെ 188-ാം അനുച്ഛേദം അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തു.

മെയ് 25ന് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് എം ബി രാജേഷ്, പി സി വിഷ്ണുനാഥ് എന്നീ അംഗങ്ങളുടെ നാമനിർദേശം നിയമാനുസൃതമാണെന്ന് പ്രൊടെം സ്പീക്കർ സഭയെ അറിയിച്ചു. തുടർന്ന്, നടന്ന വോട്ടെടുപ്പിൽ 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എം ബി രാജേഷിന് 96-ഉം പി സി വിഷ്ണുനാഥിന് 40-ഉം വോട്ടുകൾ ലഭിച്ചതിനാൽ എം ബി രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രൊടെം സ്പീക്കർ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതിനാൽ മറ്റ് മൂന്നംഗങ്ങൾ ഹാജരായില്ല. ഇവർ പിന്നീട് സ്പീക്കറുടെ ചേംബറിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെയും പ്രതിപക്ഷ ഉപനേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെയും അംഗീകരിച്ച വിവരം സ്പീക്കർ സഭയെ അറിയിച്ചു.

മെയ് 28-ന് സഭ സമ്മേളിച്ചപ്പോൾ ഗവർണർ ഗവൺമെന്റിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തി. ഭാവി കേരളത്തിലേക്കുള്ള ദിശാബോധവും തുടർച്ചയും നൽകുന്ന നിരവധി പദ്ധതികൾ നയപ്രഖ്യാപനത്തിന്റെ മുഖമുദ്രയാണ്. 31-ന്‌ മുൻ ഗവർണർ ആർ എൽ ഭാട്ടിയ, മുൻ മന്ത്രിമാരായ കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണപിള്ള, കെ ജെ ചാക്കോ, മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ സി എ കുര്യൻ, കെ എം ഹംസക്കുഞ്ഞ്, മുൻ നിയമസഭാംഗം ബി രാഘവൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർന്ന്, സമർപ്പിക്കപ്പെട്ട കാര്യോപദേശക സമിതിയുടെ ഒന്നാമത് റിപ്പോർട്ട് സഭ അംഗീകരിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ ജൂൺ 14 വരെ ചേരാൻ നിശ്ചയിച്ചിരുന്ന സമ്മേളനം, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കർശന പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 10 വരെമാത്രം ചേർന്നാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കെ കെ ശൈലജ നന്ദിപ്രമേയം അവതരിപ്പിച്ചു. മൂന്ന് ദിവസത്തെ ചർച്ചകൾക്കുശേഷം നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയം പാസാക്കി. ചർച്ചയിൽ അവതാരകയെ കൂടാതെ 52 അംഗങ്ങൾ പങ്കെടുത്തു. മുഖ്യമന്ത്രി ചർച്ചയ്ക്ക് മറുപടി പറയുകയും ചെയ്തു. മറ്റു പേരുകളൊന്നും നാമനിർദേശം ചെയ്യപ്പെടാതിരുന്ന സാഹചര്യത്തിൽ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

കോവിഡ്-19 പോലുള്ള സാംക്രമിക രോഗങ്ങളെ ഒരു ഏകീകൃത രീതിയിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിരുന്ന വെവ്വേറെ നിയമങ്ങളായ The Epidemic Diseases Act. I of 1072 M.E. (Cochin Act), The Epidemic Diseases Act, 1073 M.E. (11 of 1073, Travancore Act) എന്നിവ റദ്ദാക്കിക്കൊണ്ടും 1897 -ലെ The Epidemic Diseases Act (Central Act 3 of 1897) മലബാർ മേഖലയിൽ പ്രാബല്യം ഇല്ലാതാക്കിക്കൊണ്ടും സംസ്ഥാനത്തിന്‌ മുഴുവൻ ബാധകമാകുന്ന വിധത്തിൽ ഒരു നിയമസനിർമാണം നടത്തുന്നതിനുവേണ്ടി The Kerala Epidemic Diseases Ordinance, 2021 (2021ലെ 22)നു പകരമായി 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബിൽ (ബിൽ നം 1, 2021), ജൂൺ മൂന്നിന്‌ സഭയുടെ മുമ്പാകെ ആരോഗ്യമന്ത്രി വീണ ജോർജ്‌ അവതരിപ്പിക്കുകയുണ്ടായി. സബ്ജക്ട് കമ്മിറ്റി രൂപീകൃതമാകാത്ത സാഹചര്യത്തിൽ ചട്ടം 76(1), 77, 237 എന്നിവയിലെ വ്യവസ്ഥകൾ തൽക്കാലം സസ്പെൻഡ് ചെയ്ത് സഭ അന്നുതന്നെ ബിൽ പരിഗണനയ്ക്കെടുക്കുകയും, ചർച്ച ചെയ്ത് പാസാക്കുകയും ചെയ്തു.

ജൂൺ നാലിന്‌ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. ഈ സാമ്പത്തിക വർഷത്തെ 2021 ആഗസ്ത്‌ മുതൽ ഒക്ടോബർവരെയുള്ള മൂന്ന് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും സഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ 20,000 കോടിയുടെ സമഗ്ര കോവിഡ് പാക്കേജ് പോലെ, ഈ ഗവൺമെന്റിന്റെ ജനങ്ങളോടുള്ള പ്രതിബന്ധത വിളിച്ചറിയിക്കുന്ന നിരവധി നിർദേശങ്ങൾ സവിശേഷ ശ്രദ്ധയാകർഷിച്ചു. ബജറ്റിന്മേലുള്ള മൂന്നു ദിവസം നീണ്ടുനിന്ന പൊതുചർച്ചയിൽ 49 അംഗങ്ങൾ പങ്കെടുത്ത് സംസാരിച്ചു. ഒമ്പതിന്‌ ചർച്ച അവസാനിപ്പിച്ചുകൊണ്ട് ധനമന്ത്രി മറുപടി പറയുകയും ചെയ്തു.10ന്‌ ധനമന്ത്രി 2021 ലെ കേരള ധനബിൽ, 2021ലെ ധനവിനിയോഗ ബിൽ (വോട്ട് ഓൺ അക്കൗണ്ട് 2-ാം നമ്പർ എന്നിവ അവതരിപ്പിക്കുകയും 2021 -ലെ കേരള ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട് 2-ാം നമ്പർ) ബിൽ ചർച്ച ചെയ്ത് പാസാക്കുകയും ചെയ്തു. 25 അംഗങ്ങൾ ഇതുസംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

ഈ സഭാ സമ്മേളന കാലയളവിൽ ചട്ടം (50) പ്രകാരം ആകെ ഏഴ്‌ അടിയന്തര പ്രമേയം സഭയുടെ മുമ്പാകെ വന്നു. വകുപ്പ് മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അവ സഭ നിർത്തിവച്ച് ചർച്ച ചെയ്തില്ല. ചട്ടം 118 പ്രകാരമുള്ള രണ്ട് ഗവൺമെന്റ് പ്രമേയവും പരിഗണനയ്ക്ക്‌ വരികയുണ്ടായി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെ സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും വിവാദ ഉത്തരവുകൾ റദ്ദുചെയ്യണമെന്നും ദ്വീപുകാരുടെ ജീവനും ഉപജീവനമാർഗങ്ങളും സാംസ്കാരിക തനിമയും സംരക്ഷിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠമായി പാസാക്കി.

കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗംതന്നെ സമ്പദ്ഘടനയെ ദുർബലമാക്കിയ സാഹചര്യത്തിൽ അത്യന്താപേക്ഷിതമായ വാക്സിൻ കേന്ദ്രസർക്കാർ സമയബന്ധിതവും സൗജന്യവുമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി അവതരിപ്പിച്ച പ്രമേയവും സഭ ഏകകണ്‌ഠമായി പാസാക്കുകയാണുണ്ടായത്. ദേവികുളം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എ രാജ തമിഴിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സഗൗരവം എന്ന വാക്ക് പ്രതിജ്ഞാവാചകത്തിന്റെ തർജമയിൽ വിട്ടുപോയതുമൂലം അദ്ദേഹം സ്പീക്കറുടെ ചേംബറിൽ വച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു എന്ന അപൂർവതയും ഈ സമ്മേളനത്തിലുണ്ടായി. നയപ്രഖ്യാപന പ്രസംഗവും പുതുക്കിയ ബജറ്റും, ഇവ സംബന്ധിച്ച ചർച്ചകളും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ വിശ്വാസമർപ്പിച്ച ജനങ്ങളോട് കൂറും പ്രതിബദ്ധതയും പുലർത്തുന്നതരത്തിലുള്ളതായിരുന്നു.

ഈ സമ്മേളന കാലയളവിൽ അംഗങ്ങളുടെ 120 ചിഹ്നമിട്ട ചോദ്യവും 1034 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും അനുവദിച്ചിരുന്നു. 14 ചോദ്യത്തിന്‌ മന്ത്രിമാർ വാക്കാൽ ഉത്തരം നൽകി. സഭാതലത്തിൽ 109 ഉപചോദ്യം ഉന്നയിക്കുകയും മന്ത്രിമാർ അവയ്ക്ക് മറുപടി നൽകുകയും ചെയ്തു. 89 സബ്മിഷനും 14 ശ്രദ്ധ ക്ഷണിക്കലിനും ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടി ലഭിച്ചു. നിരവധി പുതുമുഖങ്ങൾ ഉൾപ്പെടുന്ന 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനംതന്നെ അംഗങ്ങളുടെ ശ്രദ്ധേയമായ ഇടപെടലുകൾമൂലം സജീവവും സക്രിയവും ആയിത്തീർന്നു. അതുവഴി ജനാധിപത്യത്തിന്റെ ഭാവി കൂടുതൽ ശോഭനവും തെളിമയാർന്നതും ആവേശകരവും ആയിരിക്കുമെന്ന് നിസ്സംശയം പറയാവുന്നതാണ്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.