Skip to main content

സ. ടി എം തോമസ് ഐസക് എഴുതുന്നു

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.

ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും. പിന്നെ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര സർക്കാരിനു ചെയ്യാവുന്നത് സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന് വർഷംതോറും അനുവദനീയമായ ജിഡിപിയുടെ 3 ശതമാനം വരുന്ന വായ്പ നിഷേധിക്കുകയാണ്. ഇതിനു കേന്ദ്ര സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇതുവരെ സർക്കാർ എടുക്കുന്ന വായ്പ എന്നതിന്റെ പരിധിയിൽ താഴെപ്പറയുന്ന ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

1) ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ബോണ്ട് ഇറക്കി സമാഹരിക്കുന്ന വായ്പ. ഇതിനെയാണ് കമ്പോള വായ്പയെന്നു പറയുന്നത്.

2) കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടുകൂടി വിദേശ ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പകൾ.

3) ദേശീയ സമ്പാദ്യ പദ്ധതി, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സംവിധാനങ്ങളിൽ നിന്നുള്ള വായ്പകൾ.

4) പബ്ലിക് അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന വർദ്ധനവ്.

5) കേന്ദ്ര സർക്കാർ നേരിട്ടു തരുന്ന വായ്പ.

കഴിഞ്ഞ വർഷം അവസാനം സി&എജി റിപ്പോർട്ടിനെ കരുവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയൊരു വാദം മുന്നോട്ടുവച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ ഓഫ് ബജറ്റ് വായ്പയും, സർക്കാർ പിന്തുണയോടെ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും സർക്കാർ എടുക്കുന്ന വായ്പകളായി പരിഗണിക്കണം.

ഓഫ് ബജറ്റ് വായ്പയെന്നാൽ, ബജറ്റ് കണക്കിൽ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാൽ ഇതിന് സർക്കാരിനു താൽക്കാലികമായി വരുമാനം മതിയാവാതെ വരുന്നതുകൊണ്ട് ഏതെങ്കിലും സർക്കാർ ഏജൻസി വഴി വായ്പയെടുത്ത് ചെലവാക്കുന്ന തുകയാണ്. ഇപ്രകാരം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടുന്ന ഒരു പ്രവണതയായിട്ടാണ് കരുതപ്പെടുന്നത്.

കേരളത്തിലെ പെൻഷൻ വിതരണ കമ്പനി ഇതിന് ഉദാഹരണമാണ്. ഒരു മാസത്തെ പെൻഷന് 820 കോടി രൂപ വേണം. ചില സന്ദർഭങ്ങളിൽ സർക്കാരിന്റെ കൈയിൽ അതതു മാസത്തെ പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ പെൻഷൻ കമ്പനി സർക്കാർ ഗ്യാരണ്ടിയിൽ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് മുടക്കമില്ലാതെ പെൻഷൻ വിതരണം ചെയ്യും. സർക്കാരിന്റെ കൈയിൽ പണം വരുമ്പോൾ ചെലവാക്കിയ പണം പലിശ സഹിതം കമ്പനിക്കു തിരികെ നൽകുകയും ചെയ്യും. ഇതു താൽക്കാലികമായുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്.

കേന്ദ്ര സർക്കാരും ഇത്തരം അഡ്ജസ്റ്റ്മെന്റുകൾ നടത്താറുണ്ട്. പല സ്കീമുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വായ്പയെടുത്തു പണം അഡ്ജസ്റ്റ് ചെയ്യാറുണ്ട്. 2019-20-ൽ ഇത് 1.72 ലക്ഷം കോടി രൂപയും, 2020-21-ൽ ബജറ്റ് മതിപ്പു കണക്കു പ്രകാരം 1.86 ലക്ഷം കോടി രൂപയും ആയിരുന്നു. കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പയാവട്ടെ തിരിച്ചടവ് കിഴിച്ചാൽ 2000-3000 കോടി രൂപയേ വരൂ.

ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഇണ്ടാസ് പെൻഷൻ കമ്പനിയുടെ മുഴുവൻ വായ്പയും സംസ്ഥാന സർക്കാരിന്റെ വായ്പാ കണക്കിൽ ഉൾപ്പെടുത്തണമെന്നാണ്. ഇതിനൊരു ന്യായം പറയുന്നത് 2022-23-ലെ ബജറ്റ് മുതൽ ഓഫ് ബജറ്റ് ബോറോയിംഗ് എടുക്കുന്നതു കേന്ദ്ര സർക്കാർ അവസാനിപ്പിച്ചുവെന്നാണ്. ശരി. കേരളവും അവസാനിപ്പിക്കാം. പക്ഷേ, കേന്ദ്രം ഇത്തരം വായ്പയെടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ നേരിട്ടു വായ്പയായി അവയെ പരിഗണിച്ചിട്ടില്ലല്ലോ. പക്ഷേ, കേരളത്തിന്റെ കാര്യത്തിൽ മുൻകാല പ്രാബല്യത്തോടെ ഈ തത്വം എന്തിനു നടപ്പാക്കുന്നു?

കേന്ദ്ര സർക്കാരിൻ്റെ അടുത്ത ഇണ്ടാസ് കിഫ്ബി വഴി എടുക്കുന്ന വായ്പകളും സംസ്ഥാന സർക്കാർ നേരിട്ട് എടുക്കുന്ന വായ്പകളായി കണക്കാക്കുമെന്നാണ്. ഒരു കാലത്തും പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളെ സർക്കാരിൻ്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്രത്തിലായാലും, സംസ്ഥാനത്തിലായാലും ഇതാണ് അനുവർത്തിച്ചിരുന്ന നയം. സർക്കാർ ഗാരണ്ടിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങൾ വായ്പയെടുക്കുന്നത്. വായ്പ തിരിച്ച് അടച്ചില്ലെങ്കിൽ സർക്കാരിൻ്റെ ബാധ്യതയാകും. അതുകൊണ്ടാണ് ഇവയെ കണ്ടിൻജൻസി ബാധ്യത (liability) എന്നു പറയുന്നത്. ഈ വായ്പകളൊന്നും ഡയറക്ട് ലയബിലിറ്റി അല്ല.

എന്നാൽ കിഫ്ബി എടുക്കുന്ന വായ്പകൾ കണ്ടിൻജൻസി ലയബിലിറ്റി അല്ല. ഡയറക്ട് ലയബിലിറ്റി ആണെന്നാണ് സി&എജി റിപ്പോർട്ട്. അതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കാരണം കിഫ്ബി വായ്പയുടെ മുതലും പലിശയും സർക്കാർ ബജറ്റിലെ പണം കൊണ്ടാണു തിരിച്ചടയ്ക്കുന്നത്. കിഫ്ബിയുടെ വരുമാനത്തിൽ 25 ശതമാനമെങ്കിലും വരുമാനദായക പ്രൊജക്ടുകളിൽ നിന്നാണെന്ന യാഥാർത്ഥ്യത്തെ എങ്ങനെ കേന്ദ്രത്തിനു നിഷേധിക്കാനാവും? ഇതിനു പുറമേ കിഫ്ബിയുടെ കോർപ്പസ് ഫണ്ടിന്റെയും (2500 കോടി രൂപ) നിക്ഷേപങ്ങളുടെ പലിശയും വരുമാനമായിട്ടുണ്ട്. ഇവയൊന്നും തനതു വരുമാനം അല്ലെങ്കിൽ നാഷണൽ ഹൈവേ അതോറിറ്റി പോലുള്ള സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടിയോടെയും സർക്കാർ ബജറ്റിൽ നിന്നും നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെയും നടപ്പിലാക്കുന്ന ദശലക്ഷക്കണക്കിനു കോടിരൂപയുടെ വായ്പകളുടെ പദ്ധതികളെല്ലാം കേന്ദ്ര സർക്കാരിന്റെ വായ്പയായി പരിഗണിക്കണ്ടേ?

ഇതിനുള്ള അന്തരീക്ഷം ഒരുക്കാനാണ് ഇഡിയുടെയും സി&എജിയുടെയും അന്വേഷണങ്ങളും നടപടികളും. കേരളത്തിന് എതിരായ ഈ ഗൂഢാലോചനയ്ക്കു താളംപിടിക്കുകയാണ് ചില മാധ്യമങ്ങളും അപൂർവ്വം പണ്ഡിതന്മാരും.

സ. ടി എം തോമസ് ഐസക്

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.