Skip to main content

തനിച്ച് ഭൂരിപക്ഷം നൽകാതെ ബിജെപിയെ തളച്ച ഇന്ത്യ കൂട്ടായ്‌മയുടെ മുന്നിൽ തുറന്നിട്ട സാധ്യതയുടെ വാതിലാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോൽവിയോടെ പാതി അടഞ്ഞത്, അതിന് പ്രധാന ഉത്തരവാദി കോൺഗ്രസാണ്

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നതാണ്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു. ഇതോടെ കേരളത്തിലെ ഇടതുപക്ഷവും പശ്ചിമ ബംഗാളിലേയും ത്രിപുരയിലേയും പോലെ അധികാരത്തിൽനിന്ന്‌ പുറത്തേക്കുള്ള യാത്രയിലാണെന്ന് വലതുപക്ഷവും അവരുടെ മടിത്തട്ട് മാധ്യമങ്ങളും ആഖ്യാനങ്ങൾ ചമച്ചു. ചേലക്കര യുഡിഎഫ് വൻ ഭൂരിപക്ഷത്തിന് കൈക്കലാക്കുമെന്നും ഇവർ ഒരേസ്വരത്തിൽ പറഞ്ഞു. എന്നാൽ, എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,201 വോട്ടിന് യുഡിഎഫിലെ രമ്യാഹരിദാസിനെ തോൽപ്പിച്ചു. 2016ൽ യു ആർ പ്രദീപ് ഈ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷം വർധിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാളും യു ആർ പ്രദീപ് നേടി. ഇതോടെ ചേലക്കരയിൽ രാഷ്ട്രീയവിജയം നേടാമെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും മോഹം പൊലിഞ്ഞു.
പാലക്കാട്ടാണെങ്കിൽ ബിജെപിയും എൽഡിഎഫും തമ്മിലുള്ള വോട്ടിന്റെ അന്തരം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വലിയതോതിൽ കുറയ്ക്കാനും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് കഴിഞ്ഞു. കോൺഗ്രസ് വിജയം ആവർത്തിച്ചു എന്നത് ശരി. എന്നാൽ, അതിൽ കോൺഗ്രസുകാരേക്കാൾ ആഹ്ളാദം പ്രകടിപ്പിച്ചത് എസ്ഡിപിഐയാണ്. മതരാഷ്ട്രവാദികളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയോടെയാണ് യുഡിഎഫ്‌ മത്സരിച്ചതെന്ന ഞങ്ങളുടെ വാദം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആഹ്ളാദപ്രകടനവും തുടർന്നുള്ള എസ്ഡിപിഐയുടെ അവകാശവാദവും. യുഡിഎഫിന്‌ ഭൂരിപക്ഷം കിട്ടിയ അത്രയും വോട്ട് തങ്ങളാണ് സംഭാവന ചെയ്തതെന്ന് എസ്ഡിപിഐ പരസ്യമായി പറഞ്ഞു. ഇതെല്ലാം വിരൽചൂണ്ടുന്നത് മതരാഷ്ട്രവാദികളുടെയും വർഗീയവാദികളുടെയും വോട്ട് നേടിയാണ് കോൺഗ്രസ് വിജയിച്ചത് എന്നാണ്.

എൽഡിഎഫും സിപിഐ എമ്മും തകരുകയാണെന്ന ആഖ്യാനം തെറ്റാണെന്ന് ചേലക്കരയിലെ വിജയം വ്യക്തമാക്കിയപ്പോൾത്തന്നെ മൂന്നാം എൽഡിഎഫ് സർക്കാരിനുള്ള സാധ്യതയും തുറന്നിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഞങ്ങൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നായിരുന്നു. ആനുകൂല്യങ്ങൾ മുൻഗണനാക്രമത്തിൽ നൽകാൻ രണ്ടാം പിണറായി സർക്കാർ തീരുമാനിച്ചു. അതിന്റെ ഭാഗമായി സാമൂഹ്യ പെൻഷനും കുടിശ്ശികയും കാലതാമസം വരുത്താതെ വിതരണം ചെയ്‌തു തുടങ്ങി. ഭൂ-കെട്ടിട നികുതിയിൽ ആവശ്യമായ മാറ്റം വരുത്തി. സർക്കാരിന്റെ ഇത്തരം നടപടികൾ ജനങ്ങൾ അംഗീകരിച്ചെന്നതിന്റെ തെളിവുകൂടിയാണ് ചേലക്കരയിലെ വിജയവും പാലക്കാട്ട് വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞതും. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന്, അവർ ആദ്യമായി ലോക്‌സഭയിൽ എത്തുന്നു എന്നതിൽക്കവിഞ്ഞ് കേരളത്തിൽ വലിയ രാഷ്ട്രീയപ്രാധാന്യമൊന്നുമില്ല.

എന്നാൽ, പ്രിയങ്കയുടെ വിജയത്തിൽപ്പോലും ആഹ്ളാദിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കോൺഗ്രസ്. വിജയിച്ചിട്ടും പരാജയപ്പെട്ട അവസ്ഥ. മണ്ഡൽ കൊടുങ്കാറ്റിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും പിടിച്ചുനിന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. എന്നാൽ, അതും കോൺഗ്രസിന് എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന സൂചന നൽകുന്ന ജനവിധിയാണ് ഉണ്ടായത്. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം സീറ്റുകൾ തൂത്തുവാരി. കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാവികാസ് അഘാഡി (എംവിഎ) സഖ്യത്തിന് 288ൽ 49 സീറ്റാണ് ലഭിച്ചത്. 2014ലും 19ലും ലോക്‌സഭയിൽ എന്നതുപോലെ മഹാരാഷ്ട്രയിൽ ഇക്കുറി ഔദ്യോഗിക പ്രതിപക്ഷ നേതാവുപോലും ഉണ്ടാകില്ല. ലോക്‌സഭയിൽ മഹാരാഷ്ട്രയിൽനിന്ന്‌ 13 സീറ്റ് നേടിയതോടെ നിയമസഭയിലും കൂടുതൽ സീറ്റ് വേണമെന്ന് ശഠിച്ചാണ് കോൺഗ്രസ് 101 ഇടത്ത്‌ മത്സരിച്ചത്. എന്നാൽ, എംവിഎയിൽ ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 16 സീറ്റ് മാത്രമാണ്. ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് (മത്സരിച്ച സീറ്റും വിജയിച്ച സീറ്റും തമ്മിലുള്ള അനുപാതം) 89 ശതമാനമാണെങ്കിൽ കോൺഗ്രസിന്റേത് 16ലും താഴെയാണ്. കോൺഗ്രസിന്റെ മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പരമ്പരാഗത സീറ്റായ സത്താറ ജില്ലയിലെ കരാഡ്‌സൗത്തിൽ ദയനീയമായി തോറ്റു. എട്ട് തവണ വിജയിച്ച അഹമ്മദ് നഗർ ജില്ലയിലെ സംഗമനേറിൽ പ്രതിപക്ഷനേതാവ് ബാലസാഹേബ് തൊറാത്തും പരാജയപ്പെട്ടു. പിസിസി അധ്യക്ഷൻ നാനാ പട്ടോളെ 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിദർഭയില മണ്ഡലത്തിൽനിന്ന്‌ കഷ്ടിച്ച് ജയിച്ചത്. കോൺഗ്രസിന്റെ ദയനീയസ്ഥിതിയാണ് ഇത് വ്യക്തമാക്കുന്നത്.

മുമ്പ് പലതവണ സൂചിപ്പിച്ചതുപോലെ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ കോൺഗ്രസ് പതറിവീഴുകയാണെന്ന വസ്തുതയ്‌ക്ക് മഹാരാഷ്ട്ര ഒരിക്കൽക്കൂടി അടിവരയിട്ടു. ബിജെപിയുമായി നേരിട്ട് മത്സരിച്ച 75 സീറ്റിൽ കോൺഗ്രസിന് ജയിക്കാനായത് ഒമ്പതിൽ മാത്രമാണ്. മൂന്ന് സീറ്റിൽ മത്സരിച്ച സിപിഐ എം ഒരു സീറ്റ് (പാൽഘർ ജില്ലയിലെ ദഹാനുവിൽ പത്താം വിജയമാണ് സിപിഐ എം നേടിയത്) നേടിയപ്പോഴാണ് കോൺഗ്രസിന്റെ ദയനീയപതനം. കോൺഗ്രസ് ജയിച്ച 16 സീറ്റിൽ ഒമ്പതും വിദർഭയിൽനിന്നാണ്. ഇതിനർഥം മറ്റ് മേഖലകളിൽനിന്ന്‌ അവർ പൂർണമായും തുടച്ചു നീക്കപ്പെട്ടു എന്നാണ്. ജാർഖണ്ഡിൽ ജെഎംഎമ്മിന്റെ ചുമലിലേറി മത്സരിച്ച 30ൽ 16 സീറ്റ് കോൺഗ്രസ് നേടിയെങ്കിലും തോറ്റ 14 സീറ്റിൽ 12 ഉം ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് നഷ്ടമായത്. 43 സീറ്റിൽ മത്സരിച്ച ജെഎംഎം 34ൽ വിജയിക്കുകയും ചെയ്തു.

ഹരിയാനയിലേതുപോലെ മഹാരാഷ്ട്രയിലും ബിജെപിയിതര വോട്ടുകൾ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ഒരു ശ്രമവും കോൺഗ്രസ് നടത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മത്സരത്തിൽനിന്ന്‌ പിൻവാങ്ങിയ സിപിഐ എമ്മിന് നിയമസഭയിൽ സീറ്റ് നൽകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. നിയമസഭയിൽ മൂന്ന് സീറ്റ് നൽകാൻ എംവിഎ തത്വത്തിൽ തീരുമാനിക്കുകയും ചെയ്തു. ദഹാനു, കൽവാൻ, സോലാപുർ എന്നിവയായിരുന്നു അത്‌. എന്നാൽ, സോലാപുരിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി. ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാർ എൻസിപിയും സിപിഐ എമ്മിനെ പിന്തുണച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക് ജയിക്കാൻ അവസരമുണ്ടാക്കി. എംവിഎയുടെ ഭാഗമായ സമാജ്‌വാദി പാർടിക്കും ഇതേ സ്ഥിതിയുണ്ടായി. ലോക്‌സഭയിൽ ഏതാനും സീറ്റ് നേടിയപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി പദംവരെ സ്വപ്നം കണ്ടു. മറ്റെല്ലാ മതനിരപേക്ഷ കക്ഷികളെയും അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു. ഏതായാലും ഈ അഹങ്കാരം അവരെ കൊണ്ടെത്തിച്ചത് ദയനീയ അവസ്ഥയിലേക്കാണ്. ചെറുകക്ഷികളെ കൂടെനിർത്താനുള്ള കോൺഗ്രസിന്റെ വിമുഖതയാണ് ഹരിയാനയിലെ പരാജയത്തിനും പ്രധാനകാരണം. ആം ആദ്മി പാർടിയെയും സമാജ്‌വാദി പാർടിയെയും സഖ്യത്തിൽ ചേർക്കാനുള്ള കോൺഗ്രസിന്റെ വിമുഖതയാണ് അവിടെയും പരാജയം ക്ഷണിച്ചു വരുത്തിയത്. അതിൽനിന്ന്‌ ഒരുപാഠവും ഉൾക്കൊള്ളാനും തയ്യാറായില്ല.

നാല് വർഷംമുമ്പ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് ആർജെഡി നയിച്ച മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കിയത്. വാശിപിടിച്ച് 70 ഇടത്ത്‌ മത്സരിച്ച അവർക്ക്‌ 19 സീറ്റ് മാത്രമാണ് ലഭിച്ചത്. കൂടുതൽ സീറ്റ് ആർജെഡിക്കും ഇടതു പക്ഷത്തിനും നൽകിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നായേനേ. ശക്തി ഏറെ ക്ഷയിച്ചെങ്കിലും ആ യാഥാർഥ്യം കാണാൻ കൂട്ടാക്കാത്ത നേതൃത്വമാണ് കോൺഗ്രസിന്റേത്. ലോക്‌സഭയിൽ അംഗസംഖ്യ കൂടിയത് സ്വന്തം ബലത്തിൽ അല്ലെന്ന യാഥാർഥ്യം ഇനിയെങ്കിലും ഉൾക്കൊള്ളണം. യുപിയിലായാലും ബിഹാറിലായാലും മഹാരാഷ്ട്രയിലായാലും തമിഴ്‌നാട്ടിലായാലും സഖ്യകക്ഷികളുടെ ബലത്തിലാണ് ലോക്‌സഭയിൽ സീറ്റ് ഇരട്ടിയാക്കാനായത്. എന്നാൽ, തനിച്ച് ഭൂരിപക്ഷം നൽകാതെ ബിജെപിയെ തളച്ച ഇന്ത്യ കൂട്ടായ്‌മയുടെ മുന്നിൽ തുറന്നിട്ട സാധ്യതയുടെ വാതിലാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോൽവിയോടെ പാതി അടഞ്ഞത്. അതിന് പ്രധാന ഉത്തരവാദി കോൺഗ്രസാണ്.

സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാനും അർഹമായ അംഗീകാരവും പരിഗണനയും നൽകാനുള്ള മനസ്സ് കോൺഗ്രസിനില്ലാത്തതാണ് തോൽവിയുടെ പ്രധാനകാരണം. ബിജെപിയെപ്പോലെ സങ്കുചിത മനസ്‌കരായാൽ കോൺഗ്രസിന് ഇനിയും പരാജയം ഏറ്റുവാങ്ങേണ്ടിവരും. അതോടൊപ്പം സംഘടനാശേഷി വീണ്ടെടുക്കുകയും പ്രത്യയശാസ്ത്ര വ്യക്തത നേടുകയും വേണം. മഹാരാഷ്ട്രയിൽ മലേഗാവിലെയും മറ്റും വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത് ന്യൂനപക്ഷജനത വൻതോതിൽ കോൺഗ്രസിനെ കൈവിടുകയാണെന്നാണ്. ഇത് എന്തുകൊണ്ടെന്ന സൂചന നൽകുന്നതാണ് ബോളിവുഡ് തിരക്കഥാകൃത്ത് ദറാബ് ഫാറൂഖിയുടെ അഭിപ്രായം-"കോൺഗ്രസിനെ പൂർണമായും ഞങ്ങൾക്ക് മടുത്തിരിക്കുന്നു. നിങ്ങൾ (കോൺഗ്രസ്) മൃദുഹിന്ദുത്വത്തിലേക്ക് വഴുതിവീഴുന്നത് കാണുമ്പോൾ നിങ്ങൾ മതനിരപേക്ഷതയ്‌ക്കുവേണ്ടി നിലകൊള്ളുന്നില്ലെന്നും പുരോഗമനപരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ താൽപ്പര്യമില്ലെന്നും തിരിച്ചറിയുന്നു. നിരാശരാകുന്നു’. ഇത് കേൾക്കാനുള്ള മനസ്സ്‌ കോൺഗ്രസിനുണ്ടോ?

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.