Skip to main content

സഖാവ്‌ ചടയൻ ഗോവിന്ദൻ ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃക

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് ചടയൻ പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ലാളിത്യത്തെ അദ്ദേഹം ജീവിതവ്രതമാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്‌.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.

പൊലീസ്, ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ്‌മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച്‌ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി സഖാവിന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരായ പ്രതിഷേധ പ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും നേരിടേണ്ടിവന്നു.

ചടയന്റെ ഓർമ പുതുക്കുന്ന ഈ വേള രാജ്യത്ത് ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. കോർപറേറ്റ് നയങ്ങൾക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ശക്തമായ ജനകീയ മുന്നേറ്റം ആവശ്യപ്പെടുന്ന ഘട്ടമാണിത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്നു പ്രഖ്യപിക്കുന്നതൊക്കെ ജനാധിപത്യം പൂർണമായും തുടച്ചുനീക്കാനാണ്. പാർലമെന്ററി ജനാധിപത്യംതന്നെ രാജ്യത്ത് ഇല്ലാതാക്കി ഏകാധിപത്യ ഭരണത്തിനാണ് മോദി ഭരണം ശ്രമിക്കുന്നത്. എതിരാളികളെ ഇഡിയെയും സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുന്നനിലയും തുടരുകയാണ്.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കുന്നതിനുള്ള ശക്തമായ പരിശ്രമമാണ് വലതുപക്ഷശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളാകട്ടെ ഇല്ലാക്കഥകളുടെ പ്രവാഹംതന്നെ സൃഷ്ടിക്കുകയാണ്. ജനകീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനമായി തീർന്നിരിക്കുന്നു.

സംഘപരിവാറിന്റെ അജൻഡകൾക്ക്‌ എതിരെ വ്യക്തമായ നിലപാടുകളോടെ ഇടതുപക്ഷം പ്രവർത്തിക്കുകയാണ്‌. ഈ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് സിപിഐ എം കരുത്താർജിക്കുകയെന്നത് ഏറെ പ്രധാനമാണ്. പാർടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തുപകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക് എക്കാലവും പ്രചോദനമേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.