ഇ.എം.എസിന്റെ മകളും, ദീര്‍ഘകാലം ദേശാഭിമാനിയുടെ പ്രവര്‍ത്തകയും, സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ നിലയില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഇ.എം രാധയുടെ നിര്യാണത്തില്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അതിയായ ദുഃഖവും, അനുശോചനവും അറിയിക്കുന്നു.
പുരോഗമന ചിന്താധാരയില്‍ അടിയുറച്ച് നിന്ന് സ്ത്രീ മുന്നേറ്റ മേഖലയിലും, എഴുത്തുകാരി എന്ന നിലയിലും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഏറെ പ്രയോജനകരമായവയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെ നിര്‍വ്വഹിക്കാന്‍ ഇ.എം രാധയ്ക്ക് കഴിഞ്ഞു. കാല് നൂറ്റാണ്ടിലധികം കാലം ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍, പരസ്യ രംഗത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു. വനിത കമ്മീഷന് അംഗം എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും, നീതി ലഭ്യമാക്കാനും പരമാവധി ശ്രമിച്ചു. അഛനുമായുള്ള ഓര്‍മ്മകളും അനുഭങ്ങളും പങ്കുവയ്ക്കുന്ന അവരുടെ പുസ്തകം `ഇ.എം.എസ് - മകളുടെ ഓര്‍മകള്‍' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആര്.സി.സിയില്‍ ചികിത്സയിലായിരുന്നപ്പോഴും, ശസ്ത്രക്രിയ നടത്തിയപ്പോഴും, തുടര്‍ന്ന് സ്വകാര്യ ആശുപത്രിയലായിരുന്നപ്പോഴുമെല്ലാം ആവശ്യമായ എല്ലാ സഹായങ്ങളും എത്തികുക മാത്രമല്ല, അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും പാര്‍ട്ടി നടത്തിയിരുന്നു. കുടുംബത്തിന്റെയും, ബന്ധുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ഇ.എം രാധയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.







