മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ട കോടതി വിധിയിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കുന്നു. സംഭവം നടന്ന് 17 വർഷത്തിന് ശേഷം വന്ന വിധിയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുൻ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയ പ്രതികളെ തെളിവുകളുടെ അഭാവത്തിന്റെയും നടപടിക്രമങ്ങളിലെ പിഴവുകളുടെയും പേരിൽ കുറ്റവിമുക്തരാക്കിയത് നീതിയെ പരിഹസിക്കുന്നതാണ്.
മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെ ഭീകരരായി ചിത്രീകരിക്കാനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാനും കുറ്റവാളികൾ ഗൂഢാലോചന നടത്തിയതിനാൽ തക്കതായ ശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഒരു തീവ്ര ഹിന്ദുത്വ സംഘടന നടത്തിയ ഭീകരാക്രമണത്തിന്റെ ഇരകൾക്ക് നീതി നിഷേധിക്കുന്നതിന്റെയും നീതിയിലുള്ള അനാവശ്യമായ കാലതാമസത്തിന്റെയും മറ്റൊരു ഉദാഹരണമാണ് ഇത്.
പ്രതികളെ ആർഎസ്‌എസും ബിജെപിയും എല്ലായ്‌പ്പോഴും രക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ബിജെപി പ്രഗ്യാ സിങ്ങിനെ സ്ഥാനാർഥിയാക്കി എംപിയായി വിജയിപ്പിച്ചു. ഒരു ഹിന്ദുവിനുെ തീവ്രവാദിയാകാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവന നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് വിധി വരുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
