Skip to main content

ജലഗതാഗതം - ബദൽപാത

തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കും. ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകള്‍ നവീകരിക്കും. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ത്തീകരിക്കും. തീരദേശ കാര്‍ഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം ഹാര്‍ബറുകള്‍ പൂര്‍ത്തിയാകും. അഴീക്കല്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി ആരംഭിക്കും.

തുറമുഖം

  1. ഒരു പുതിയ വന്‍കിട ഹാര്‍ബറിന്റെ നിര്‍മ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കല്‍ ഒരു നദീമുഖ ഹാര്‍ബറാണ്. ഇതിന് 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

  2. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. വിഴിഞ്ഞം കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  3. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയെ ഉപയോഗപ്പെടുത്തി കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും.

ഉൾനാടൻ ജലഗതാഗതം

  1. സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന് പുതിയ ബോട്ടുകള്‍ വാങ്ങുകയും പഴയവ നവീകരിക്കുകയും ചെയ്യും.

  2. പശ്ചിമ കനാല്‍ ശൃംഖലയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. മാഹിയ്ക്കും വളപട്ടണത്തിനും ഇടയ്ക്കുള്ള 26 കിലോമീറ്റര്‍ കനാലുകള്‍ പുതുതായി കുഴിച്ചുകൊണ്ടിരിക്കുകയാണ്. ഇവയും കനാലുകളുടെ വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങളും 2022ല്‍ പൂര്‍ത്തീകരിക്കും.

  3. മെയിന്‍ കനാലിനു പുറമെ ആയിരത്തില്‍പ്പരം കിലോമീറ്റര്‍ ഫീഡര്‍ കനാലുകളുടെ നവീകരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

  4. കൊച്ചിയിലെ വാട്ടര്‍ മെട്രോയുടെ 19 ബോട്ട് ജെട്ടികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടമായി 19 എണ്ണം 2022ല്‍ പൂര്‍ത്തീകരിക്കും.