വിശപ്പുരഹിത കേരളം

സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍കടകളെ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിംഗ് ഏര്‍പ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യസുരക്ഷ

  1. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തും.

  2. കോണ്‍ഗ്രസ് ആവിഷ്കരിച്ച ദേശീയ പൊതുവിതരണ നയം കേരളത്തിലെ ബി.പി.എല്‍ പരിധി ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നു പുറത്താക്കുന്ന സ്ഥിതി സൃഷ്ടിച്ചു. യു.ഡി.എഫ് രൂപം നല്‍കിയ ലിസ്റ്റില്‍ നിന്ന് അനര്‍ഹരായ 15 ലക്ഷം പേരെ നീക്കം ചെയ്തതിന്റെ ഫലമായി തുല്യ എണ്ണം അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമം തുടരും. കേരളത്തിലെ മുന്‍ഗണനാ ലിസ്റ്റിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചു. 97 വില്‍പ്പനശാലകളെ അപ്ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

  4. കേരളത്തിലെ റേഷന്‍കട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എന്‍.ടു.എന്‍ കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏത് കാര്‍ഡ് ഉടമയ്ക്കും ഏത് റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പരാതി പരിഹാരം സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റേഷന്‍കടകളെ മറ്റ് അവശ്യ ഉല്‍പ്പന്നങ്ങള്‍കൂടി നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നതിന് അനുവാദം നല്‍കും. ഇത് റേഷന്‍കടകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിപണന ശൃംഖലയെ നിലനിര്‍ത്തുന്നതിനും സഹായിക്കും.

  5. ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ ഹോട്ടലുകള്‍, പലചരക്കുകടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നല്‍കുന്നതിനുള്ള സ്കീം ആരംഭിക്കും.

  6. ഇന്ത്യയെ പലരും വിശപ്പിന്റെ റിപ്പബ്ലിക് എന്നാണ് വിശേഷിപ്പിക്കുക. ഇങ്ങനെയൊരു രാജ്യത്ത് കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റും. ജനകീയ ഹോട്ടലുകള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കുക മാത്രമല്ല, ജനസംഖ്യാനുപാതികമായി അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും.