ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കു ന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും.

ഉന്നത വിദ്യാഭ്യാസം

 1. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എന്റോള്‍മെന്റ് റേഷ്യോ 75 ശതമാനമായെങ്കിലും ഉയര്‍ത്തണം. അഖിലേന്ത്യാ ശരാശരി 26 ശതമാനമാണ്. ഇപ്പോള്‍ കേരളത്തിലെ എന്റോള്‍മെന്റ് 37 ശതമാനമാണ്. പക്ഷെ ഇതില്‍ പുറത്തു പഠിക്കുന്ന കുട്ടികളുടെ എണ്ണം ഉള്‍പ്പെടില്ല. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടത്തും. ഇവരെക്കൂടി പരിഗണിക്കുകയാണെങ്കില്‍ ഒരു പക്ഷെ ഏതാണ്ട് 16-17 ലക്ഷം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത് 20-22 ലക്ഷമായി ഉയര്‍ത്തും. ഇതിനായി 2021 ല്‍ കോളേജുകള്‍ തുറക്കുമ്പോള്‍ 20000 പേര്‍ക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വര്‍ദ്ധന, പുതിയ കോഴ്സുകള്‍, ഗവേഷണ സൗകര്യ വര്‍ദ്ധന. 2021-22ല്‍ തെരഞ്ഞെടുത്ത കോളേജുകളില്‍ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളി ലൂടെയും പരീക്ഷണാടിസ്ഥാനത്തില്‍ പഠനസൗകര്യം ഒരുക്കും.

 2. സര്‍വ്വകലാശാലകള്‍ക്കുള്ളില്‍, കേരളത്തിലെ ശാസ്ത്ര പ്രതിഭകളുടെ പേരില്‍ 30 ഓട്ടോണമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതാണ്. ഏറ്റവും പ്രഗത്ഭരായ വിദഗ്ദ്ധരെയോ പണ്ഡിതന്മാരെയോ സേര്‍ച്ച് കമ്മിറ്റി വഴി ദേശീയതലത്തില്‍ നിന്ന് തെരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ് ക്കുള്ള നിയമനങ്ങള്‍ നടത്തുക. ഈ പ്രഗത്ഭ മേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകള്‍ രൂപാന്തരപ്പെടുക. ഇവയില്‍ നല്ല പങ്കും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളോ ഇന്റര്‍ ഡിസിപ്ലിനറി സെന്ററുകളോ ആയിരിക്കും.

 3. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകള്‍/ഡിപ്പാര്‍ട്ട്മെന്റുകള്‍/ സെന്ററുകള്‍ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തും. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കെ-ഡിസ്ക് തുടങ്ങിയ സ്ഥാപനങ്ങളു മായി ചര്‍ച്ച ചെയ്താണ് സെന്ററുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.

 4. പ്രതിമാസം 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കില്‍ ലഭ്യമാക്കും. രണ്ടു വര്‍ഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധര്‍ക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ദേശീയ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്തായിരിക്കും ആളെ തെരഞ്ഞെടുക്കുക. ഫെലോഷിപ്പുകളുടെ വിഷയങ്ങള്‍ കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് തീരുമാനിക്കുക.

 5. കിഫ്ബി ധനസഹായത്തോടെ സര്‍വ്വകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ്. മേജര്‍ സര്‍വ്വകലാശാലകള്‍ക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതം അനുവദിക്കും. ലാബുകള്‍, ക്ലാസ് മുറികള്‍, സ്റ്റുഡന്റ്/ ഫാക്കല്‍റ്റി ഹോസ്റ്റല്‍, ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ എന്നിവയ്ക്കാണ് പണം അനുവദിക്കുക.

 6. കേരള സാങ്കേതിക സര്‍വകലാശാലയ്ക്കും മെഡിക്കല്‍ സര്‍വ്വകലാശാല യ്ക്കും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും പുതിയ ആസ്ഥാന മന്ദിരങ്ങള്‍ പണിയും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് പുതിയ ആസ്ഥാന മന്ദിരം ലഭ്യമാക്കും.

 7. ഉന്നതവിദ്യാഭ്യാസ മേഖലയുടെ പദ്ധതി അടങ്കല്‍ ഗണ്യമായി ഉയര്‍ത്തും.

 8. ഐ.ഐ.ഐ.ടി.എം.കെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നവേറ്റീവ് ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍ണ്ണായക പങ്ക് വഹിക്കാനാവും വിധം വികസിപ്പിക്കും.

 9. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചര്‍ സ്റ്റഡീസ് സ്ഥാപിക്കും, അത് എല്ലാത്തരം ഭാവി സാങ്കേതികവിദ്യകളിലും സാങ്കേതങ്ങളിലും ഊന്നല്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാവി സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് പുതിയ കോഴ്സ് ഉള്ളടക്കം നിര്‍ദ്ദേശിക്കും.

 10. സര്‍വ്വകലാശാലകളില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ അടുത്തു മനസ്സിലാക്കാനും പ്രധാന വിദേശ ഭാഷകളില്‍ നമ്മുടെ ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ സര്‍വ്വകലാശാലകളില്‍ സംവിധാനം ഒരുക്കും.

 11. ഓണ്‍ലൈനായുള്ള MOOC മാതൃകയിലുള്ള കോഴ്സുകളുടെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തും. പരമ്പരാഗതമായ കോഴ്സുകള്‍ MOOC കോഴ്സുകളും മിശ്രമാക്കാവുന്നതാണ്.

 12. കേരളത്തിലെ സര്‍വ്വകലാശാലകളും വിദേശ സര്‍വ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായുള്ള സമ്പര്‍ക്കവും അക്കാദമിക് സഹകരണങ്ങളും പ്രോത്സാഹിപ്പിക്കും.

 13. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ സ്പോക്കണ്‍ അറബി കോഴ്സുകള്‍ക്കു പ്രാധാന്യം നല്‍കി ഒരു പഠനകേന്ദ്രം ആരംഭിക്കും.

 14. ഉന്നത വിദ്യാഭ്യാസ വ്യവസായ വികസന സഹകരണം ശക്തിപ്പെടുത്തും. ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഉന്നതവിദ്യാപീഠങ്ങള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, നൂതനവിദ്യാ പ്രോത്സാഹന പദ്ധതികള്‍ എന്നിവയൊക്കെയായിരിക്കും ഈ സഹകരണത്തിന്റെ മുഖ്യചാലുകള്‍.

 15. അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികള്‍ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യും. അസാപ്പിനായിരിക്കും ഇതിന്റെ ചുമതല.

 16. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ 512 കോടി രൂപ വീതം മുടക്കി വിപുലീകരിക്കും. നാക് അക്രെഡിറ്റേഷനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിനു പ്രത്യേക ധനസഹായം നല്‍കും.

 17. 'ബി+'നു മുകളില്‍ ഗ്രേഡുള്ള എല്ലാ കോളജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇനിയും അനുവദിക്കും.

 18. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം പരിഷ്കരിക്കും. വ്യത്യസ്ത വിഷയങ്ങളിലുള്ള നിപുണത വികസിപ്പിക്കുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും.

 19. ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ പരിവര്‍ത്തനത്തില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സി.ഡബ്ല്യൂ.ഡി.ആര്‍.എം, കെ.എഫ്.ആര്‍െ.എ, നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സ്റ്റെക്കിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കു പൂര്‍ണ ഓട്ടോണമി നല്‍കുകയും കൗണ്‍സിലിന്റെ ചുമതല ഏകോപനം, അവലോകനം, പൊതുദിശ നിര്‍ണയിക്കല്‍ എന്നിവയില്‍ ഒതുക്കുകയും ചെയ്യും. ഇന്‍സ്റ്റിിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലോകോത്തര സ്ഥാപനമാക്കും.

 20. കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന് ഓട്ടോണമി നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്ര പാഠശാലയാക്കി മാറ്റും.

 21. പഠനത്തിനൊപ്പം വരുമാനം കൂടി ഉറപ്പാക്കാന്‍ സാധിക്കുംവിധം ഏണ്‍ ബൈ ലേണ്‍ പദ്ധതി വിപുലീകരിക്കും.

 22. പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്തുതന്നെ പ്രായോഗിക പരിശീലനം ഉറപ്പാക്കാന്‍ തെരഞ്ഞെടു ക്കപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കും.

 23. വിവിധ സര്‍വ്വകലാശാല ലൈബ്രറികളിലെ ഇ-റിസോഴ്സ് മറ്റിതര സര്‍വ്വകലാശാലകളിലടക്കമുള്ള സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥിക ള്‍ക്കും ലഭ്യമാക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇ-ജേര്‍ണല്‍ കണ്‍സോര്‍ഷ്യം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും അഫിലേറ്റഡ് കോളേജുകളിലെയും ഡിപ്പാര്‍ട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്കരിക്കും. മികച്ച ഗ്രേഡ് ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും.

 24. ജ്ഞാനസമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ ബഹുവിഷയ സ്പര്‍ശിയായ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. കല, സാംസ്ക്കാരിക മേഖലയില്‍ ഇത്തരത്തിലുള്ള സ്ഥാപനമായിരിക്കും സ്കോപ്. (Skope-School of Knowledge, Performance and Aesthetics). ഇത് കേരളത്തിലും ഇന്ത്യയിലും അന്യരാജ്യങ്ങളിലുമുള്ള വിവിധ ശാസ്ത്ര-കലാ-സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പ്രഗത്ഭര്‍ക്ക് ഒത്തുകൂടി പ്രവര്‍ത്തിക്കാനുള്ള സംവിധാനമൊരുക്കും.

 25. സ്വാശ്രയ സ്ഥാപനങ്ങളിലെ അക്കാദമിക ഗുണമേന്മ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള അക്രെഡിറ്റേഷന്‍ സംവിധാനം ആരംഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അവ ഫലപ്രദമാക്കും.

 26. സര്‍വകലാശാലകളിലെ സിലബസ് കാലോചിതമായി പരിഷ്കരിക്കും. പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ഓരോ സര്‍വ്വകലാശാലയും അവരവരുടെ സിലബസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

 27. കൂടുതല്‍ ഡോക്ടറല്‍ സീറ്റുകളും സ്കോളര്‍ഷിപ്പുകളും അനുവദിക്കും. ജ്ഞാനോല്‍പ്പാദനത്തിന് ശേഷിയും യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ബിരുദ-ബിരുദാനന്തര കാലത്ത് വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ക്ക് ഊന്നല്‍ കൊടുക്കും. ഗവേഷണ മെത്തഡോളജിയില്‍ പാര്‍ടൈം കോഴ്സുകള്‍ ആരംഭിക്കും.

 28. കേരളത്തിലെ അക്കാദമിക ജേര്‍ണലുകള്‍ക്ക് ഉദാരമായ സാമ്പത്തിക പിന്തുണ നല്‍കും. ഈ ജേര്‍ണലുകള്‍ റഫറീയിഡ് പ്രസിദ്ധീകരണങ്ങളാ ണെന്ന് ഉറപ്പുവരുത്തും.

 29. അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനു ചലഞ്ച് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കും. ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണ പ്രോജക്ടുകളെടുക്കാന്‍ ഈ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലോ അല്ലാതെയോ കോഴ്സുകള്‍ നടത്തുന്നതിന് കോളേജുകളുടെ ഗ്രേഡ് കണക്കിലെടുത്തുകൊണ്ടായിരിക്കും.

 30. എല്ലാ കോളേജ് അധ്യാപകര്‍ക്കും സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ഡക്ഷന്‍ കോഴ്സുകള്‍ സംഘടിപ്പിക്കും. അധ്യാപകര്‍ക്ക് ഇന്‍സര്‍വ്വീസ് കോഴ്സുകള്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ വിപലുപ്പെടുത്തും. മാനദണ്ഡങ്ങള്‍ക്ക നുസരിച്ച് പൂര്‍ണ്ണമായ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

 31. സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പൂര്‍ണമായും നികത്തും. പുതിയ വകുപ്പുകളും അതിന് ആവശ്യമായ പിന്തുണാസംവിധാനങ്ങളും സൃഷ്ടിക്കും.

 32. സര്‍വകലാശാല ഗ്രന്ഥാലയങ്ങളെ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി മാറ്റും. പഴയ പുസ്തകങ്ങളും രേഖകളുമെല്ലാം ഡിജിറ്റലൈസ് ചെയ്യും. ലൈബ്രറി, പുസ്തകമെടുക്കുന്നതിനു മാത്രമല്ല, കുട്ടികള്‍ക്കുളള ഒരു പഠനകേന്ദ്രം കൂടിയാക്കി മാറ്റും. നൂറുകണക്കിന് കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാളുകള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലൈബ്രറികളില്‍ ലഭ്യമാക്കും. സര്‍വ്വകലാശാല, കോളേജ് ലൈബ്രറികളെ ഓണ്‍ലൈനായി ബന്ധിപ്പിക്കും.

 33. സ്കോളര്‍ഷിപ്പ് ഫണ്ടിലേയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റിന് പുറമേ സംഭാവനകളും എന്‍ഡോവ്മെന്റുകളും ചേര്‍ത്ത് വിപുലീകരിക്കും. സ്കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കും.

 34. സര്‍വ്വകലാശാല നിയമങ്ങള്‍ പുനരവലോകനം ചെയ്യുകയും അക്കാദമിക മികവിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

 35. പ്രവേശന പരീക്ഷ കമ്മീഷണര്‍ ഓഫീസിനെ ആധുനീകരിച്ചുകൊണ്ട് അലോട്ട്മെന്റ് പ്രക്രിയ ലളിതമാക്കും. ഇതുപോലെ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, പ്രത്യേകിച്ച് എസ്.സി/എസ്.ടി വിഭാഗത്തിലുള്ള വരുടെയും മിശ്രവിവാഹത്തിലുള്ളവരുടെയും നടപടി ക്രമങ്ങള്‍ ലളിതമാക്കും.

 36. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പ് വരുത്തും.

 37. കോളേജ് ക്ലസ്റ്ററുകളെ പ്രോത്സാഹിപ്പിക്കും. അവയ്ക്കു പ്രത്യേക ധനസഹായം അനുവദിക്കും.

 38. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

 39. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കെല്ലാം അക്രെഡിറ്റേഷന്‍ ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. തെരഞ്ഞെടുത്ത കോളേജുകളെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആയി ഉയര്‍ത്തും.

 40. ഇന്ത്യയില്‍ ആദ്യമായി വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പരിഹരിക്കുന്നതിനു സ്കീം ആരംഭിച്ചത് കേരളത്തിലാണ്. അനുഭവം പുനരവലോകനം ചെയ്ത് ഇതു പരിഷ്കരിക്കും. ജോലി ലഭിക്കുന്നതുവരെ തിരിച്ചടവ് നിര്‍ബന്ധിക്കാന്‍ പാടില്ല. ജോലി ലഭിച്ചാലും വരുമാനത്തിലെ നിശ്ചിത ശതമാനത്തിലധികം തിരിച്ചടവ് വരാന്‍ പാടില്ല. ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.