ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും

ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നതാണ്. ചരിത്ര സ്മാരകങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മുടെ സമ്പത്തായ നാടന്‍ കലകളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടല്‍ ഉണ്ടാകും. സാഹിത്യ സമാജങ്ങള്‍, കലാസമിതികള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, നാടന്‍പാട്ട് സംഘങ്ങള്‍, നാടക സംഘങ്ങള്‍, തുടങ്ങിയ സാംസ്കാരിക കൂട്ടായ്മകള്‍ക്ക് അക്കാദമികള്‍ വഴി ധനസഹായം നല്‍കും. ലൈബ്രറികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. സ്കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കലാ പരിശീലനത്തിന് സൗകര്യമൊരുക്കും. ബിനാലെ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍, അന്തര്‍ദേശീയ നാടകോത്സവം, അന്തര്‍ദേശീയ നാടന്‍ കലോത്സവം എന്നിവ കൂടുതല്‍ മികവുറ്റതാക്കും. ജില്ലാ സാംസ്കാരിക സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും.

കല, സംസ്കാരം, മാധ്യമം

 1. എല്ലാ ജില്ലകളിലും കിഫ്ബി സഹായത്തോടെ സാംസ്കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും. ഇവിടെ ഗാലറി, സംഗീതശാല, നാടകശാല എന്നിവ നിര്‍ബന്ധമായും ഉണ്ടാവും. കലാകാരന്‍മാര്‍ക്ക് ഒത്തുചേരുന്നതിനും റിഹേഴ്സലുകള്‍ നടത്തുന്നതിനും മറ്റും ഇടമുണ്ടാവണം. ഓരോ ജില്ലയിലെയും സവിശേഷതകള്‍ കണക്കിലെടു ത്തായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ കലാകാരന്മാരുടെ അഭിപ്രായം കൂടി ആരായും. അവര്‍ക്ക് സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിലും പങ്കാളിത്തമുണ്ടായിരിക്കും.

 2. നവ വനിതാ സംവിധായകരുടെയും പട്ടികവിഭാഗ സംവിധായകരുടെയും പ്രോത്സാഹനത്തിനുള്ള ധനസഹായം തുടരും. അമച്വര്‍ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കീം തുടരും. ഓരോ വര്‍ഷാരംഭത്തിലും അപേക്ഷ ക്ഷണിക്കുകയും, കലാസംഘത്തിന്റെ മുന്‍പരിചയത്തിന്റെയും സ്ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം നല്‍കുക. യുവ കലാകാരന്മാര്‍ക്കുള്ള 1000 ഫെലോഷിപ്പ് തുടരും.

 3. കലാകാരന്മാരുടെ വാസനയും നൈപുണിയും പ്രോത്സാഹിപ്പിക്കു ന്നതിനും അന്തര്‍ദേശീയ കലാകമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറല്‍ ആര്‍ട് ഹബുകള്‍ തുടങ്ങും. സാംസ്കാരികത്തെരുവ്/പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്കീം ആരംഭിക്കും.

 4. സ്കൂള്‍ ലൈബ്രറികളെല്ലാം വിപുലീകരിക്കും. ഇതോടൊപ്പം ക്ലാസ് റൂം ലൈബ്രറികളും സൃഷ്ടിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മലയാള വായനാഭിരുചി ഉണ്ടാക്കാന്‍ ഇതു സഹായിക്കും. ഇതിനായുള്ള വായനയുടെ വസന്തം ക്യാമ്പയിന്‍ ശക്തിപ്പെടുത്തും.

 5. വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഗ്രന്ഥശാലകള്‍ നവീകരിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. അത് പൂര്‍ത്തീകരിക്കും. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് ഇരട്ടിയാക്കും. ലൈബ്രേറിയന്‍മാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കും. അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ജില്ലയില്‍ ഏതെങ്കിലും ഒരു ലൈബ്രറിയില്‍ കേന്ദ്രീകരിക്കുന്നതിന് ഒരു സ്കീം ആരംഭിക്കും.

 6. സര്‍ഗ്ഗവാസന പോഷിപ്പിക്കുന്നതിന് സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി ശക്തിപ്പെടുത്തും. സര്‍ക്കാര്‍ സ്കൂളുകളില്‍ കലാധ്യാപകരെ നിയമിക്കും. കലാമേളകളുടെ ചെലവു കുറയ്ക്കും. പക്ഷെ, കൂടുതല്‍ പങ്കാളിത്തവും ആകര്‍ഷണീയതയും കൊണ്ടുവരും.

 7. സാഹിത്യ അക്കാദമി വഴി പ്രാദേശിക സാഹിത്യസമിതികള്‍, കലാ- സാംസ്കാരിക സംഘടനകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനുള്ള മാനദണ്ഡങ്ങള്‍ക്ക് അടിയന്തരമായി രൂപം നല്‍കും. സാമ്പ്രദായ രീതികളില്‍ നിന്ന് വ്യത്യസ്തമായി ലിറ്റററി ഫെസ്റ്റിവെലുകള്‍ കേരളത്തില്‍ സംഘടിപ്പിക്കും. മലയാള ഭാഷയിലെ ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ലോകഭാഷകളിലേയ്ക്കും തര്‍ജ്ജിമ ചെയ്യാന്‍ പരിപാടി തയ്യാറാക്കും.

 8. ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ നാടന്‍ കലകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. തെരഞ്ഞെടുത്ത നാടന്‍പാട്ടു സംഘങ്ങള്‍ക്കും നാടന്‍കലാ സംഘങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കും.

 9. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവെലിനു സ്ഥിരം വേദിയുണ്ടാക്കും. ഫിലിം സൊസൈറ്റികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും, പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

 10. ചിത്രകാരന്മാര്‍ക്ക് പെയിന്റിംഗ് എക്സിബിഷനുളള ധനസഹായം ലഭ്യമാക്കും. കൊച്ചി ബിനാലേയ്ക്കുള്ള ധനസഹായം തുടരും. ആലപ്പുഴയില്‍ ലോകമേ തറവാട് ചിത്രോത്സവം സംഘടിപ്പിക്കും.

 11. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും, അനുബന്ധ ക്യാമ്പസ് ആരംഭിക്കും.

 12. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനിടയില്‍ ഒട്ടേറെ മ്യൂസിയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നിരവധി എണ്ണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇവയെ അവലോകനം ചെയ്യുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മ്യൂസിയം കമ്മീഷനെ നിയോഗിക്കും.

 13. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വം നല്‍കും.

 14. യൂണിവേഴ്സിറ്റികളില്‍ മാധ്യമ പഠനത്തിനു പുറമേ പ്രസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും മാധ്യമ കോഴ്സുകള്‍ നടത്തും. മീഡിയ അക്കാദമി ഇവയാകെ അവലോകനം ചെയ്ത് ഒരു പൊതുചട്ടക്കൂടിനു രൂപം നല്‍കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാധ്യമ സാരക്ഷരത ഉള്‍പ്പെടുത്തും.

 15. കെ-ഫോണ്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഫൈബര്‍ ശൃംഖലയെ പ്രാദേശിക വിവര വിനിമയ പദ്ധതികള്‍ക്കു ഉപയോഗപ്പെടുത്തും.

 16. മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. അവയെ ഏകോപിപ്പിക്കുന്നതിനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും വേണ്ടി മാധ്യമ പ്രവര്‍ത്തക വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കും.

 17. ജനപങ്കാളിത്തത്തോടുകൂടി പുരാവസ്തുരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംരക്ഷിക്കുകയും ചെയ്യും.

 18. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് മലയാളം പഠിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ മലയാളം മിഷന്‍ വഴി ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതി ഊര്‍ജ്ജിതമാക്കും.

 19. പി.എസ്.സിയുടേത് ഉള്‍പ്പെടെയുള്ള തൊഴില്‍ പരീക്ഷകളില്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമായി പരിശോധിക്കുന്നതിന് സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കും. സാധ്യമാകുന്ന എല്ലാ മേഖലകളിലും പ്രവേശന പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കാനുമുള്ള ഇടപെടല്‍ നടത്തും. പ്ലസ്ടു തലത്തില്‍ മലയാളത്തില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.

 20. ഏതുതലം വരെയും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും സഹായകരമാകുന്ന തരത്തില്‍ എല്ലാ വിജ്ഞാന ശാഖകള്‍ക്കും വിജ്ഞാന നിഘണ്ടു പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

 21. കേരളത്തിലെ ആദിവാസി പശ്ചാത്തലമുള്ള സ്കൂളുകളില്‍ പ്രീപ്രൈമറി തലത്തിലും പ്രൈമറി തലത്തിലും ഗോത്ര ഭാഷകളെ പഠനവിഷയമെന്ന നിലയിലും പഠന മാധ്യമം എന്ന നിലയിലും വികസിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാ അവകാശം സംരക്ഷിക്കും.

 22. ഭാഷാ സാങ്കേതിക മേഖലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഭാഷാ സാങ്കേതികതയുടെ മേഖലയില്‍ ഒരോ വര്‍ഷവും മലയാളം കൈവരിച്ച നേട്ടങ്ങള്‍ അവലോകനം ചെയ്യാനും ഭാവി ആസൂത്രണം ചെയ്യാനും ഈ മേഖലയിലെ എല്ലാവരെയും ചേര്‍ത്തുകൊണ്ട് വിപുലമായ സമ്മേളനങ്ങള്‍ നടത്തും. ഭരണഭാഷാ ഉത്തരവുകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇ-ഗവര്‍ണന്‍സ് പൂര്‍ണമായി മലയാളത്തിലാക്കും. എല്ലാ വകുപ്പുകളുടെയും വെബ്സൈറ്റുകളിലെ മുഖ്യഭാഷ മലയാളമായിരിക്കും.

 23. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന സ്ഥാപനമെന്ന നിലയില്‍ മലയാള സര്‍വ്വകലാശാലയെ വികസിപ്പിക്കുന്നതിന് ശ്രമിക്കും. ഇതിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാനകോശം എന്നിവയുമായി ചേര്‍ന്നു കൊണ്ടുള്ള പ്രസിദ്ധീകരണ സംവിധാനം ഏര്‍പ്പെടുത്തും.