Skip to main content

ജനകീയ കോടതിയില്‍ മിന്നുന്ന ജയം നേടിയായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും കേന്ദ്രത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്‌ മറുപടി നല്‍കുക

തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ മുഖം വലിച്ചുകീറപ്പെട്ടത്‌ സിപിഐ എമ്മിന്റെ ഇടപെടല്‍ കാരണമാണ്‌. അതിനാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുമേല്‍ കരിവാരിത്തേക്കണമെന്നത്‌ ആര്‍എസ്‌എസ്‌ ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ്‌. അതിനായി എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടാനായി അലയുകയായിരുന്നു അവര്‍. അവസാനം കണ്ടെത്തിയതാണ്‌ സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഇടപാട്‌ സംബന്ധിച്ച ആരോപണവുമായി ഇതിനെ എളുപ്പം കൂട്ടിക്കുഴയ്ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത്‌. മുഖ്യധാരാ മാധ്യമങ്ങളുടെയും മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും പിന്തുണ അവര്‍ക്ക്‌ ലഭിക്കുമെന്ന ഗ്യാരന്റിയും ഇത്തരമൊരു നീക്കത്തിന്‌ കാരണമായി.

കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൌണ്ടുകള്‍ ഉണ്ടെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്‌ ഇക്കണോമിക്‌ ടൈംസിലാണ്‌. ഇഡി ഇതുസംബന്ധിച്ച വിവരം റിസര്‍വ്‌ ബാങ്കിനും ധനമന്ത്രാലയത്തിലെ റവന്യു ഡിപ്പാര്‍ട്ട്മെന്റിനും തെരഞ്ഞെടുപ്പുകമീഷനും നല്‍കിയെന്നായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്ത. വാര്‍ത്തയുടെ സ്രോതസ്സ്‌ ഇഡിയാണ്‌ എന്നതില്‍ സംശയമില്ല. ഇഡിയിലെ ചില ഉദ്യോഗസ്ഥരാണ്‌ ഈ കെട്ടുകഥ രാജ്യത്തെ പ്രമുഖ ബിസിനസ്‌ പത്രത്തിനു നല്‍കിയത്‌. ഇഡി, സിബിഐ, ആദായനികുതി വിഭാഗം എന്നിവയെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാര്‍ടികളെയും നേതാക്കളെയും വേട്ടയാടുന്നതിന്റെ തുടര്‍ച്ചയായാണ്‌ സിപിഐ എമ്മിനെതിരെയുള്ള ഈ നീക്കം. മൂന്നു പതിറ്റാണ്ടായി സിപിഐ എം ജില്ലാ കമ്മിറ്റിക്കുള്ള ബാങ്ക്‌ ഓഫ്‌ ഇന്ത്യ അക്കൌണ്ടാണ്‌ മരവിപ്പിച്ചത്‌. ഏപ്രില്‍ അഞ്ചിനാണ്‌ എംജി റോഡിലെ ബാങ്ക ഓഫ്‌ ഇന്ത്യ ബ്രാഞ്ചില്‍ ആദായനികുതി വിഭാഗം പരിശോധന നടത്തിയതും തൊട്ടടുത്ത ദിവസം അക്കൌണ്ട്‌ മരവിപ്പിച്ചതായുള്ള അറിയിപ്പ്‌ ഉണ്ടായതും. എന്തിനുവേണ്ടിയാണ്‌ ഈ നടപടി എന്നതിന്‌ ഇപ്പോഴും വ്യക്തതയില്ല. അക്കൌണ്ട്‌ ഉടമയ്ക്ക്‌ ഇതുസംബന്ധിച്ച്‌ ഒരു നോട്ടിസും ലഭിക്കുകയുണ്ടായില്ല. അക്കൌണ്ട്‌ ഉടമയ്ക്ക്‌ പറയാനുള്ള കാര്യം കേട്ടിട്ടുമില്ല, സ്വാഭാവിക നീതിയാണ്‌ നിഷേധിക്കപ്പെട്ടത്‌. ആദായനികുതി വകുപ്പിന്റെ നടപടി തനി തോന്ന്യാസവും ഗുണ്ടായിസവുമാണ്‌. നിയമപരമായി ഇതിനെ ചോദ്യംചെയ്യും.

പണം സ്വീകരിക്കുന്ന കാര്യത്തില്‍ ബിജെപിയെ പോലെയാണ്‌ സിപിഐ എമ്മും എന്ന്‌ വരുത്തിത്തീര്‍ക്കുക മാത്രമല്ല, തൃശൂര്‍ മണ്ഡലത്തില്‍ കിതച്ചുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക്‌ ജീവജലം നല്‍കുകയെന്നതും ബിജെപിയുടെയും അവരുടെ സഖ്യകക്ഷിയായി മാറിയ ആദായനികുതി വകുപ്പിന്റെയും ലക്ഷ്യമാണ്‌. വാഹന നികുതി വെട്ടിച്ച കേസില്‍ സുരേഷ്ഗോപി വിചാരണ നേരിടണമെന്ന്‌ കോടതി പറഞ്ഞതോടെ ബിജെപി ശരിക്കും വെട്ടിലായി. വിദൂരമായ മൂന്നാം സ്ഥാനംകൊണ്ട്‌ സുരേഷ്‌ഗോപിക്ക്‌ തൃപ്തിയടയേണ്ടിവരുമെന്ന്‌ വന്നപ്പോഴാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം തടയുക ലക്ഷ്യമാക്കി സിപിഐ എമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി അക്കൌണ്ട്‌ അന്യായമായി മരവിപ്പിച്ചത്‌.

ഒരുകാര്യം വ്യക്തമാക്കട്ടെ. കുതന്ത്രങ്ങളിലൂടെ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും കേരളത്തില്‍ തകര്‍ത്തുകളയാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. അധികാരവര്‍ഗവുമായി നേര്‍ക്കുനേര്‍ പൊരുതി വളര്‍ന്ന പ്രസ്ഥാനമാണ്‌ ഇത്‌. തീയില്‍ മുളച്ചത്‌ വെയിലത്ത്‌ വാടില്ല. ഒരു അക്കൌണ്ട്‌ മരവിപ്പിച്ച്‌ പാര്‍ടിയെ തകര്‍ക്കാമെന്നോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടയാമെന്നോ ധരിക്കുന്നത്‌ മാഡ്യമാണ്‌. തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരത്തോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ദേശീയ രാഷ്ട്രീയ കക്ഷിയാണ്‌ സിപിഐ എം. എല്ലാ വര്‍ഷവും വരവുചെലവ്‌ കണക്കുകള്‍ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പു കമീഷനും നല്‍കിവരുന്ന പാര്‍ടിയാണ്‌ ഇത്‌. പാര്‍ടിക്ക്‌ വെളിപ്പെടുത്താത്ത ഒരു അക്കൌണ്ടുമില്ല. ഇപ്പോള്‍ നടക്കുന്നത്‌ കേന്ദ്രഭരണകക്ഷിയെ സഹായിക്കാനുള്ള അധികാര ദുര്‍വിനിയോഗമാണ്‌. അന്വേഷണ ഏജന്‍സികളെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു മറയുമില്ലാതെ ഉപയോഗിക്കുകയാണ്‌.

ഭരണഘടനാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്ത എല്ലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്‌. ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുകതന്നെ ചെയ്യും. കേരളത്തില്‍നിന്നും ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്നു മാത്രമല്ല, ഒരു സീറ്റിലും രണ്ടാം സ്ഥാനത്തുപോലും എത്താന്‍ ബിജെപിക്ക്‌ കഴിയില്ല. മത്സരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ത്തന്നെ തോറ്റ വിഭാഗത്തിനായി മോദിയെന്നല്ല ആരു ശ്രമിച്ചാലും ഫലമുണ്ടാകില്ല. പ്രധാനമന്ത്രി തൃശൂരില്‍ത്തന്നെ താമസിച്ച്‌ പ്രചാരണം നടത്തിയാല്‍പ്പോലും സുരേഷ്‌ ഗോപിയെ ജുയിപ്പിക്കാനാവില്ല എന്ന്‌ ഞാന്‍ പറയാന്‍ കാരണവും അതാണ്‌. ജനകീയ കോടതിയില്‍ മിന്നുന്ന ജയം നേടിയായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും ഈ അധികാര ദുര്‍വിനിയോഗത്തിന്‌ മറുപടി നല്‍കുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. പിണറായി വിജയൻ

മുതിർന്ന സിപിഐ എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ സ. ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.