മാനവികതയിലും യേശുക്രിസ്‌തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. ഫ്രാൻസിസ് പാപ്പയുടെ ഇടപെടലുകൾ ശ്രദ്ധിച്ചുവന്നവർക്ക് അദ്ദേഹത്തിന്റെ വേർപാട് പൊരുത്തപ്പെടാൻ കഴിയുന്നതല്ല. മാർപാപ്പമാരുടെ ചരിത്രം ഒരുപരിധിയോളം മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അസാധാരണ സ്ഥാനത്യാഗത്തെതുടർന്നാണ് ഫ്രാൻസിസ് പാപ്പ ചുമതലയേറ്റത്. ഫ്രാൻസിസ് പാപ്പയെപ്പോലെ ഒരാൾ വരണമെന്ന ചിന്തകൊണ്ടുകൂടിയാണ് ബനഡിക്ട് മാർപാപ്പ സ്ഥാനമൊഴിഞ്ഞതെന്ന് കരുതുന്നവരുമുണ്ട്.
അസാധാരണ നിലപാടുകൾ സ്വീകരിച്ച പാപ്പയായിരുന്നു അദ്ദേഹം. ലോകത്തോട് നിലപാടുകൾ വിശദീകരിക്കവെ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. ‘‘ആരും ശ്രദ്ധിക്കാനില്ലാതെ ഒരാൾ വഴിയിൽ മരിച്ചുകിടന്നാൽ മാധ്യമങ്ങൾ വലിയ വാർത്തയാക്കില്ല. എന്നാൽ ഓഹരിവിപണിയിൽ കയറ്റിറക്കങ്ങൾ ഉണ്ടായാൽ മാധ്യമങ്ങൾ അത് ഭൂകമ്പമാക്കും.’’ ലോകത്തിന്റെ മനുഷ്യത്വമില്ലായ്‌മ തുറന്നുകാട്ടിയ അദ്ദേഹത്തെ കമ്യൂണിസ്‌റ്റ് പാപ്പയെന്ന് പലരും വിളിച്ചിട്ടുണ്ട്. അതിന് അദ്ദേഹം നൽകിയ മറുപടി ഈ സന്ദർഭത്തിൽ ഞാൻ ആവർത്തിക്കുന്നില്ല.
യേശുവിന്റെ പാത പിന്തുടരാൻ ഏറ്റവുമധികം ശ്രമിച്ച പാപ്പമാരിൽ ഒരാളായിരുന്നു അദ്ദേഹം. നിസ്വരായവർക്കൊപ്പം നിലകൊണ്ടു. പശ്‌ചിമേഷ്യയിൽ സമാധാനത്തിനായി വാദിച്ചു. തീവ്രവാദത്തെ നേരിടാൻ മഹാതീവ്രവാദം പ്രയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വക്താവായിരുന്ന അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു നാം. പല കാരണങ്ങളാൽ അത് നീണ്ടുപോയി. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ നിലകൊള്ളുകയാണ് ഇനി നാം ചെയ്യേണ്ടത്.
