Skip to main content

അടങ്ങാത്ത കർഷക രോക്ഷം

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽക്ക് രാജ്യത്തെ കാർഷിക രംഗം കടുത്ത പ്രതിസന്ധിയിലാണ്. നവലിബറൽ നയങ്ങളുടെ ഭാഗമായി കാർഷിക രംഗത്ത് നിന്നുള്ള സർക്കാരിൻ്റെ നിരന്തരമായ പിൻമാറ്റം ഉത്പാദന ചെലവുകളിലെ വർധനവ്, വിളകളുടെ വിലയിൽ തുടർച്ചയായുള്ള ചാഞ്ചാട്ടം എന്നീ ഘടകങ്ങളുടെ ആക്കം കൂട്ടി. ഇത് മൂലം കൃഷിയിൽ നിന്നുള്ള ആദായം വലിയ രീതിയിൽ ശോഷിക്കുകയാണ്. 2013ൽ നിന്ന് 2019ൽ എത്തിയപ്പോൾ കാർഷികവിളകളിൽ നിന്നുള്ള ആദായം ശരാശരി 10% ഇടിഞ്ഞതായും കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം വർധിച്ചതായും ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ കണക്കുകൾ കാണിക്കുന്നു. കൃഷി ചെയ്യുന്ന ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ മാസവരുമാനം 2019ൽ എണ്ണായിരം രൂപയോളമായിരുന്നു. കൃഷി ചെയ്യുന്ന കുടുംബങ്ങളിൽ 50%ത്തിൽ അധികവും കടത്തിലാണെന്നും കണക്കുകളിൽ കാണാം.

കൃഷിക്ക്‌ പുറമെ മറ്റ് അവിദഗ്ധ തൊഴിലുകളിലേക്ക് ഇറങ്ങാനും ആത്മഹത്യ ചെയ്യാനും വരെ നിർബന്ധിതരായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യൻ ജനസംഖ്യയുടെ പകുതി വരുന്ന ചെറുകിട കർഷകകുടുംബങ്ങൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1995-2020 വരെയുള്ള കാലത്ത് നാല് ലക്ഷത്തിൽ പരം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ ഒന്നേകാൽ ലക്ഷം ആത്മഹത്യകൾ നടന്നത് മോദി സർക്കാരിന്റെ കാലത്താണ്. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന മോഹനവാഗ്ദാനം കൊടുത്ത് അധികാരത്തിലെത്തിയ മോദിയുടെ കാലത്ത് കാർഷികരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.

കാർഷികരംഗത്ത് നിന്ന് സർക്കാർ പിൻവാങ്ങുന്നത് മൂലം കർഷകരുടെ വിളകൾക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതും അവയുടെ സമയോചിതമായ സംഭരണവും അവതാളത്തിലാണ്. കൃഷിഭൂമികൾ കോർപറേറ്റുകൾക്ക് കൈമാറാനായി നിയമനിർമ്മാണം നടന്നിരുന്നു. സർക്കാരുകൾ നവലിബറൽ നയങ്ങൾ സ്വീകരിച്ചത് മൂലം കാർഷികരംഗത്തുണ്ടായ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ സർക്കാരുകളുടെ നവലിബറൽ നയങ്ങളെ തന്നെ തിരുത്തേണ്ടതുണ്ടെന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന കർഷക സംഘടനകൾ അതിനെതിരെ വിവിധ സമരങ്ങൾ നടത്തിവരികയായിരുന്നു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. ഒന്ന്, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തതനുസരിച്ചു മുഴുവൻ ഉത്പാദന ചെലവിന്റെ ഒന്നര മടങ്ങ് ആദായമായി ലഭിക്കുന്ന വിധത്തിൽ വിളകളുടെ താങ്ങുവില ഉറപ്പുവരുത്തുക. രണ്ട്, മുഴുവൻ കർഷകർക്കും കടാശ്വാസം കൊടുക്കുക. എന്നാൽ കാർഷികരംഗത്തിന്റെ കോർപറേറ്റുവൽക്കരണം ലക്ഷ്യമിട്ട് കൊണ്ട് ആദ്യം ഓർഡിനൻസായും പിന്നീട് തിടുക്കപ്പെട്ട് പാർലിമെന്റിലും പാസ്സാക്കിയെടുത്ത മൂന്ന് കൃഷി നിയമങ്ങൾക്കെതിരെ സുസംഘടിതമായ ഒരു ദേശീയ പ്രക്ഷോഭത്തിലേക്ക് കർഷകർ 2020ൽ കടന്നു. അർപ്പണബോധത്തോടെ പ്രവർത്തിച്ച കർഷകരുടെ മുന്നിൽ മുട്ടുമടക്കിയ ബിജെപി സർക്കാർ മൂന്ന് കൃഷിനിയമങ്ങളും പിൻവലിക്കുകയും താങ്ങുവില ഉറപ്പുവരുത്തിന്നതിന്നായുള്ള നിയമനിർമ്മാണം, വൈദ്യുതി ഭേദഗതി ബില്ലിൽ തുടർചർച്ചകൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തിദിനങ്ങളുടെയും വേതനത്തിന്റെയും വർദ്ധനവ് മുതലായ നിരവധി കർഷക ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പുകൾ കൊടുക്കാൻ നിർബന്ധിതരുമായി. ഒരു വർഷം നീണ്ട് നിന്ന് ഈ സമരത്തിൽ 715 കർഷകർ രക്തസാക്ഷികൾ ആയി.

കൃഷി നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകരുടെ മറ്റ് ആവശ്യങ്ങളിൽ തുടർനടപടികൾ എടുക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ദേശീയ പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുകയാണ് ഇന്ത്യൻ കർഷകവർഗ്ഗം ഇപ്പോൾ. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്തത് പോലെ എല്ലാ പ്രധാന കാർഷിക വിളകൾക്കും തോട്ടവിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കാൻ വേണ്ട നിയമനിർമ്മാണം എന്നത് നീണ്ട നാളായുള്ള കർഷകരുടെ ഒരു പൊതുആവശ്യമാണ്. ഇത് ഫലപ്രദമാക്കുന്നതിന് വേണ്ടി സർക്കാർ സംഭരണത്തിന്റെ വിപുലീകരണവും, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതും നെല്ലും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പ്രധാനമാണ്. വിള ഇൻഷുറൻസ്‌ കർഷകർക്ക് ഉപകരിക്കുവാനായി അതിനെ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യേണ്ടതുണ്ട്. സമ്പൂർണമായ ഭൂപരിഷ്ക്കരണവും കർഷകരുടെയും ആദിവാസികളുടെയും ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. വളത്തിന്റെ ലഭ്യതക്കുറവും വിലവർധനയും പരിഹരിക്കാൻ വേണ്ടി പൊതുമേഖലയിൽ കൂടുതൽ വളനിർമ്മാണ യൂണിറ്റുകൾ തുടങ്ങുന്നത്, വൈദ്യുതി മേഖലയെ പൊതുമേഖയിൽ നിലനിർത്തുന്നത് എന്നിവയും കർഷകരുടെ ആവശ്യങ്ങളാണ്.

രാജ്യത്തിന്റെ സമ്പത്ത് ഉൽപാദിപ്പിക്കുന്ന പ്രധാന വർഗ്ഗങ്ങളായ കർഷകരുടെയും തൊഴിലാളികളുടെയും തുടർന്നുള്ള ഐക്യവും സമ്പദ്ഘടനയെ കോർപറേറ്റുകളുടെ കയ്യിൽ ഏല്പിക്കാനായുള്ള മോദി സർക്കാരിന്റെ പദ്ധതികളെ തടയേണ്ടതിന്റെ പ്രാധാന്യവും മുമ്പില്ലാത്ത പോലെ രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിന് വ്യക്തമാണ്.

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.