Skip to main content

മതനിരപേക്ഷ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു ഇവിടെ കോൺഗ്രസ്

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ കരുത്തും ജനപിന്തുണയും രാജ്യത്താകമാനം കുറഞ്ഞുവരികയാണ്. വിശ്വാസ്യതയ്ക്കും വലിയ തിരിച്ചടിയുണ്ടായി. കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു കഴിഞ്ഞാൽ അധികാരത്തിനുവേണ്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന ബോധം ജനങ്ങളിൽ ശക്തിപ്രാപിച്ച് കഴിഞ്ഞിരിക്കുന്നു. കേരളത്തിൽത്തന്നെ ബിജെപി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാർഥികളിൽ നാലു പേർ അടുത്തകാലംവരെ കോൺഗ്രസുകാരായിരുന്നു. കേരളംപോലെ മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ളിടത്തുപോലും ഈ സ്ഥിതിയാണുള്ളത്‌. കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകൾ തമ്മിലുള്ള അതിർവരമ്പുകൾ കുറഞ്ഞുവരുന്നുവെന്നതാണ് ഇതിന് കാരണം. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ബിജെപിയെ നേരിടുന്നതിൽ പാർടിയെ സജ്ജമാക്കാത്തതിന്റെ ഫലംകൂടിയാണിത്. കേവലമായ താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കായി വർഗീയതയുമായി ഉണ്ടാക്കിയ സന്ധികൾ കോൺഗ്രസിനെ തിരിഞ്ഞുകുത്തുകയായിരുന്നു.

ഇന്ത്യയിലെ പൊതുചിത്രം പരിശോധിച്ചാൽ ഓരോ സംസ്ഥാനത്തെയും ബിജെപിവിരുദ്ധ വോട്ടുകൾ യോജിപ്പിച്ച് നിർത്തിയാൽ ബിജെപിക്ക്‌ മൂന്നക്കത്തിൽപ്പോലും എത്താൻ പറ്റില്ലെന്ന സാഹചര്യമാണ് ഇന്ത്യയിലിപ്പോഴുമുള്ളത്. ഇക്കാര്യത്തിൽ പ്രാദേശിക കക്ഷികൾ കാണിക്കുന്ന ആത്മാർഥത കോൺഗ്രസ് കാണിക്കുന്നില്ല. ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്‌ തുടങ്ങിയ ഇടങ്ങളിലെല്ലാം രൂപപ്പെട്ട ഇത്തരമൊരു മുന്നേറ്റത്തിന്റെ അടിസ്ഥാനം കോൺഗ്രസ് ഇതര മതനിരപേക്ഷ കക്ഷികൾ എടുത്ത മുൻകൈയാണെന്ന് കാണാം. കോൺഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ മതനിരപേക്ഷ കക്ഷികളെ കൂട്ടിച്ചേർത്ത്‌ ബിജെപിയെ പരാജയപ്പെടുത്തുന്നതിന്‌ നേതൃത്വം കൊടുക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. അങ്ങനെ നേതൃത്വം നൽകേണ്ട നേതാക്കൾ കേരളത്തിൽ വന്ന്‌, മതനിരപേക്ഷതയെ മുറുകെപ്പിടിക്കുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌. ആർഎസ്‌എസിന്റെ സർസംഘ്‌ചാലക്‌ മുന്നോട്ടുവച്ച, ഇടതുപക്ഷത്തെ തകർക്കുകയെന്ന അജൻഡയ്ക്ക്‌ കൂട്ടുനിൽക്കുകയാണ്‌ കേരളത്തിൽ കോൺഗ്രസ്‌ ചെയ്യുന്നത്‌.

രാജ്യത്ത് ബിജെപിക്കെതിരായി ഉയർന്നുവന്ന പോരാട്ടങ്ങൾക്കെല്ലാം അടിസ്ഥാനമായിത്തീർന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടപെടലുകളാണ്. മഹാരാഷ്ട്രയിലെ ഇടതുപക്ഷ ശക്തികൾ വികസിപ്പിച്ചെടുത്ത കർഷക പ്രക്ഷോഭമാണ് രാജ്യം മുഴുവൻ പടർന്നുപിടിക്കുന്ന തരത്തിലേക്ക് പിന്നീട് വളർന്നതെന്ന്‌ കാണാം. തൊഴിലാളികളുടെയും ജീവനക്കാരുടെയും മേഖലകളിൽ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തിയതും ഇടതുപക്ഷ സംഘടനകളാണ്. ആഗോളവൽക്കരണ നയങ്ങൾക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും എതിരായി പൊരുതി ജനകീയ താൽപ്പര്യം സംരക്ഷിക്കുന്നത് ഇടതുപക്ഷമാണ്. ദാരിദ്ര്യത്തെയും പട്ടിണിയെയും കുറിച്ച് കേന്ദ്രസർക്കാരിന് പറയേണ്ടി വരുന്നതുപോലും ഈ ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനത്തിലാണ്. ബിജെപി സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കോ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായോ ശക്തമായൊരു പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസിന് കഴിയാത്തത് അവരുടെ പ്രത്യയശാസ്ത്രപരമായ ദുർബലതകൊണ്ടാണ്.

മതത്തെ രാഷ്ട്രീയതാൽപ്പര്യത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി രാമക്ഷേത്രനിർമാണത്തിലൂടെ വോട്ട് പ്രതിഷ്ഠ നടത്തിയപ്പോൾ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടാണ് ആ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലേക്കെങ്കിലും കോൺഗ്രസ് എത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. രാജ്യത്ത് ഉയർന്നുവരുന്ന മതനിരപേക്ഷ രാഷ്ട്രീയത്തിന് കരുത്തും ദിശാബോധവും നൽകുന്നതിന് ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാർലമെന്റിൽ വർധിക്കുകയെന്നത് ഏറെ പ്രധാനമാണ്.രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്ന പൗരത്വഭേദഗഗതിക്ക് എതിരെയും ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ്.
ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താൻ ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പുറമെ നിന്നു പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ചേരാതെ തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ചാണ് അത്തരമൊരു സമീപനം സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും വനാവകാശ നിയമവും പ്രാബല്യത്തിൽ വന്നു. പൊതുമേഖല സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടിയും സ്വീകരിച്ചു. ആഗോളവൽക്കരണ നയങ്ങൾക്ക് തടയിടുന്ന തരത്തിലുള്ള ഇടപെടലും നടത്തി. ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയെ അക്കാലത്ത് ബാധിക്കാതെ പോയത് ഇടതുപക്ഷം സ്വീകരിച്ച തത്വാധിഷ്ഠിതമായ നിലപാടിന്റെ ഭാഗമാണ്. ഇത്തരത്തിൽ ഇടതുപക്ഷം സ്വീകരിച്ച സമീപനം ഒന്നാം യുപിഎ സർക്കാരിന് ജനകീയമുഖം നൽകുന്നതിന് ഏറെ സഹായകമായി.

പിന്നീട് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം യുപിഎ സർക്കാർ രൂപപ്പെടുന്നതിന് അത് ഇടയാക്കുകയും ചെയ്തു. എന്നാൽ, രണ്ടാം യുപിഎ സർക്കാർ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെയാണ് ഭരിച്ചത്. ഒന്നാം യുപിഎ സർക്കാരിൽനിന്ന്‌ വ്യത്യസ്തമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ആഗോളവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കപ്പെട്ടു. അഴിമതി വ്യാപകമായി. വർഗീയതയ്ക്കെതിരെയുള്ള നിലപാടുകൾ ദുർബലപ്പെട്ടു. ഇത് ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തി ഉപയോഗപ്പെടുത്തിയും വർഗീയധ്രുവീകരണം സംഘടിപ്പിച്ചും ബിജെപി സർക്കാർ അധികാരത്തിൽ വന്നു. |

ഇടതുപക്ഷത്തിന് പാർലമെന്റിൽ കൂടുതൽ പങ്കാളിത്തവും ഇടപെടൽ ശേഷിയും ഉണ്ടാകുമ്പോഴാണ് മതനിരപേക്ഷതയും ജനക്ഷേമകരമായ പ്രവർത്തനങ്ങളും ഫെഡറൽ സംവിധാനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സംരക്ഷിക്കപ്പെടുന്നത് എന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിന്റെ ഈ ശേഷിയെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ആർഎസ്എസിന്റെ സർസംഘ്ചാലക്, മാർക്സിസമാണ് ഏറ്റവും വലിയ ശത്രുവെന്ന് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള ഒരു സാന്നിധ്യം ഉറപ്പുവരുത്താൻ ശേഷിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആ ഉത്തരവാദിത്വം പാർലമെന്റിൽ നിറവേറ്റാനുതകുന്ന കരുത്തുറ്റ നിരയെയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ചിട്ടുള്ളത്.

കേരളത്തിന്റെ വികസനത്തിനും ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാർലമെന്റിൽ വർധിക്കുകയെന്നത് പ്രധാനമാണ്. കേരളത്തിന് അർഹതപ്പെട്ട വിഭവം ലഭിച്ച ഘട്ടമുണ്ടായത് ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ ഭരിച്ച ഘട്ടത്തിലാണ്. റെയിൽവേ കോച്ച് ഫാക്ടറിയും റെയിൽവേ മെഡിക്കൽ കോളേജുമെല്ലാം ലഭ്യമായതും ആ അവസരത്തിലാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ ഈ സ്വാധീനം പാർലമെന്റിൽ ദുർബലമായതോടെ ലഭിച്ചവയെല്ലാം ഒന്നിനു പിറകെ ഒന്നായി നഷ്ടപ്പെട്ടു. അർഹതപ്പെട്ട വിഭവങ്ങൾക്കും സമാനമായ സ്ഥിതിയുണ്ടായി. നവകേരള സൃഷ്ടിക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, അത്തരം വികസന പദ്ധതിയെ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേത്‌. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഒരു ലക്ഷത്തി ഏഴായിരം കോടി രൂപയാണ് നമുക്ക് ലഭിക്കാതെ പോയത്. ഇങ്ങനെ സംസ്ഥാനത്തോട് അവഗണന കാണിച്ചിട്ടും കേന്ദ്രത്തിനെതിരെ എംപിമാർ പ്രതിഷേധിച്ചില്ലെന്ന് മാത്രമല്ല, അവരുടെ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തത്.

കേന്ദ്രത്തിന്റെ ഉപരോധം തുടരുകയും കേരളത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പാർലമെന്റ് അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന അഭ്യർഥന യുഡിഎഫ് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിൽ ആ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാർതന്നെ ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽനടന്ന സമരവും കേരളത്തിലെ ജനതയുടെ ഐക്യദാർഢ്യവും ഭാഷാ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിനുശേഷം ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായുള്ള ഉജ്വലമായ പോരാട്ടമായിരുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം അതുമായി ഐക്യപ്പെട്ടു. കർണാടകത്തിലെ കോൺഗ്രസും സമാനമായ നിലപാട് സ്വീകരിച്ചു. അപ്പോൾപ്പോലും കേരളത്തിലെ കോൺഗ്രസ് ബിജെപിക്കൊപ്പമായിരുന്നു.

കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള വഴികളിലേക്ക് നീങ്ങി. ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിന്റെ മറ്റൊരു മുഖമെന്ന നിലയിൽ സുപ്രീംകോടതിയിൽ കേരളം കേസ് നൽകുകയും ചെയ്തു. സംസ്ഥാനത്തിന് അർഹതപ്പെട്ട വിഭവങ്ങൾ ലഭിക്കുന്നില്ലെന്ന വാദം ശരിയാണെന്ന് പറഞ്ഞ കോടതി പതിനാലായിരത്തോളം കോടി സംസ്ഥാനത്തിന് നൽകണമെന്ന് വിധിക്കുകയുണ്ടായി. കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് അതിലൂടെ വ്യക്തമാകുകയായിരുന്നു. കേരളം ഉയർത്തിയ സാമ്പത്തിക ഉപരോധം എന്ന പ്രശ്‌നം ന്യായമാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങളിൽ മാത്രമല്ല ദുരന്തങ്ങളിൽപ്പോലും കേരളീയർക്കൊപ്പം നിൽക്കാൻ യുഡിഎഫും അവരുടെ എംപിമാരും തയ്യാറായില്ല. നിപാ, ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലെല്ലാം ഇത് കാണാവുന്നതാണ്. മാത്രമല്ല കേരളത്തെ രക്ഷപ്പെടുത്താൻ മലയാളികൾ സ്വയം സന്നദ്ധമായി വന്ന സാലറി ചലഞ്ചിനെപ്പോലും അട്ടിമറിക്കുന്നതിനാണ് ഇവർ പരിശ്രമിച്ചത്.

പ്രതിപക്ഷ കക്ഷി നേതാക്കൾക്കുനേരെ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ രാജ്യത്തെമ്പാടും കേന്ദ്ര സർക്കാർ സംഘടിപ്പിച്ചു. പശ്ചിമഘട്ടത്തിനപ്പുറത്ത് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിനെതിരെ പ്രസംഗിച്ച കോൺഗ്രസ് കേരളത്തിൽ കേന്ദ്ര ഏജൻസികൾക്ക്‌ പിന്തുണ നൽകി. മതനിരപേക്ഷ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയായിരുന്നു ഇവിടെ കോൺഗ്രസ്. കോ-ലീ-ബി സഖ്യത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ കോൺഗ്രസിൽനിന്ന്‌ അതിലേറെ പ്രതീക്ഷിക്കാനില്ല.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽശേഷി വർധിപ്പിക്കണം. കേരളത്തിന്റെ വികസനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് പ്രധാനമാണ്. ഇതിന്‌ കരുത്തും ശേഷിയുമുള്ള ഒരു നിരയെയാണ് എൽഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. സംഘപരിവാറിനെതിരെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുന്ന നിരയാണിത്. രാജ്യത്തിന് മാതൃകയാകുന്ന ബദൽനയങ്ങൾ സംസ്ഥാനത്തുയർത്തിപ്പിടിച്ച ഒരു നിര പാർലമെന്റിലെത്തുമ്പോൾ രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്താനുമുള്ള ഗ്യാരന്റിയായിരിക്കുമത്. നരേന്ദ്ര മോദി മുന്നോട്ടുവയ്‌ക്കുന്ന കോർപറേറ്റ്– -ഹിന്ദുത്വ –-അമിതാധികാര പ്രവണതയ്‌ക്കെതിരെ പോരാടാനുള്ള ഗ്യാരന്റിയുമായിരിക്കും അത്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.