Skip to main content

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള ക്വട്ടേഷൻ സംഘങ്ങൾ

ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട ആവശ്യമില്ലാതെ കോടാനുകോടി രൂപ സമാഹരിക്കുന്നതിനായി ബിജെപി സർക്കാർ ആവിഷ്കരിച്ച ഇലക്ടോറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ അപ്പോഴാണ് അടുത്ത വൻകിട അഴിമതിയുടെ കഥ വരുന്നത്.

2018–2019 മുതൽ 2022–2023 വരെ ഇഡിയുടെയും ആദായനികുതിവകുപ്പിന്റെയും നടപടികൾ നേരിട്ട 30 കമ്പനികൾ 335 കോടി രൂപ ബിജെപിക്ക്‌ സംഭാവന നൽകിയതിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ബദൽ മാധ്യമങ്ങളായ ‘ന്യൂസ്‌ ലോണ്ടറി’യും ‘ന്യൂസ്‌ മിനിറ്റും’ ചേർന്ന് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ രേഖകളും ഒരു കോടിയിലധികം സംഭാവന നൽകിയ കമ്പനികളുടെ ധനകാര്യപ്രസ്‌താവനകളും മറ്റും പരിശോധിച്ചാണ്‌ 'ന്യൂസ്‌മിനിറ്റും' 'ന്യൂസ് ലോണ്ടറി’യും ഈ വിവരങ്ങൾ കണ്ടെത്തിയത്.

ഇപ്പറഞ്ഞ 30 കമ്പനികളിൽ 23 കമ്പനികളും 2014-ൽ ബിജെപി കേന്ദ്രഭരണത്തിൽ എത്തുന്നതിന് മുമ്പ് അവർക്ക് ഒരു സംഭാവനയും നൽകിയവരല്ല. കേന്ദ്ര ഏജൻസികളുടെ വേട്ട തുടങ്ങിയതിനുശേഷം ഇവർ 187.58 കോടി രൂപയാണ് ബിജെപിക്ക് കൈമാറിയത്. കേന്ദ്ര ഏജൻസികളുടെ ‘അന്വേഷണം’ തുടങ്ങി നാല്‌ മാസത്തിനുള്ളിൽ നാല്‌ കമ്പനികൾ 9.05 കോടി രൂപ ബിജെപിക്ക്‌ കൈമാറി!. ബിജെപിയ്ക്ക് നേരത്തെതന്നെ സംഭാവനകൾ നൽകിയിരുന്ന ആറ്‌ കമ്പനികൾ കേന്ദ്ര ഏജൻസികളുടെ തെരച്ചിലുകൾക്ക്‌ പിന്നാലെ കൂടുതൽ വലിയ തുക സംഭാവന നൽകി. ബിജെപിക്ക് വർഷാവർഷം സംഭാവനകൾ നൽകിയിരുന്ന വേറെ ആറ് കമ്പനികൾ ഒരു വർഷം പതിവ് തെറ്റിച്ചപ്പോൾ കേന്ദ്ര ഏജൻസികളുടെ അവർക്കെതിരെ നടപടി തുടങ്ങി. ബിജെപിക്ക് സംഭാവന നൽകിയയതിന് കേന്ദ്രസർക്കാരിന്റെ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം നേരിടുന്ന മൂന്ന് കമ്പനികൾക്കാകട്ടെ ഇഡിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും ഒരു നടപടിയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല!

കഴിഞ്ഞില്ല. റെയ്ഡ് നടക്കുമ്പോഴും ആദ്യ റെയ്ഡ് നേരിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെയും ബിജെപിക്ക് സംഭാവന നൽകിയ കമ്പനികളുണ്ട്. ചില കമ്പനികൾ സംഭാവനകൾ നൽകിയതിന്‌ പിന്നാലെ കേന്ദ്ര ഏജൻസികൾ അവരുടെ നടപടികൾ ഉപേക്ഷിക്കുകയോ അവയുടെ വേഗത കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഇലക്ടറൽ ബോണ്ടുകൾ വഴി കുത്തകകൾ വൻ തോതിൽ രഹസ്യമായി നൽകിയ ആയിര കണക്കിന് കോടികളുടെ വിവരങ്ങളല്ല എന്നു മനസ്സിലാക്കണം.

2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ ബിജെപിക്ക്‌ ലഭിച്ച മൊത്തം സംഭാവനയിൽ 58.39 ശതമാനവും ഇലക്‌ടറൽബോണ്ടുകൾ വഴിയായിരുന്നു. 2022–2023 വർഷത്തിൽ മാത്രം 1300 കോടിയാണ്‌ ഇലക്‌ടറൽ ബോണ്ട്‌ മുഖേന ബിജെപി സമാഹരിച്ചത്‌. ഇലക്‌ടറൽ ട്രസ്‌റ്റുകൾ വഴിയും ബിജെപി ആയിരക്കണക്കിന് കോടികൾ കഴിഞ്ഞ പത്തുവർഷ കാലയളവിനുള്ളിൽ സമാഹരിച്ചിട്ടുണ്ട്‌.

ഇഡിയെയും മറ്റ് കേന്ദ്ര ഏജൻസികളെയും ദുരുപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കന്മാരെ വിരട്ടുകയോ വരുതിയിലാക്കുകയോ മാത്രമല്ല, വൻകിട കമ്പനികളെ വിരട്ടി ബിജെപിയുടെ ഗുണ്ടാപ്പിരിവിനുള്ള കൊട്ടേഷൻ സംഘങ്ങളായി കേന്ദ്ര ഏജൻസികളെ അധ:പ്പതിപ്പിക്കുകയും ചെയ്തു. കുത്തക കമ്പനികൾക്ക് വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിക്കുകയും ശിങ്കിടി മുതലാളിമാരുടെ പിന്തുണയോടുകൂടി ഭരണം നിലനിർത്തുകയും അവരുടെ താല്പര്യത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റഴിക്കുകയും ചെയ്യുന്ന അതേ ബിജെപി, പല കമ്പനികളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുമുണ്ട് എന്നതാണ് യാഥാർഥ്യം.

ഇലക്‌ട്രൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ സുപ്രീംകോടതി അവ ആരിൽ നിന്ന് ആർക്കൊക്കെ എത്രയൊക്കെ ലഭിച്ചു എന്ന കണക്കുകൾ വെളിപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. ആ കണക്കുകൾ ലഭ്യമാകുമ്പോൾ ജനങ്ങളുടെ ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ സമ്പൂർണ്ണ പരാജയമായ കേന്ദ്ര ബിജെപി സർക്കാർ തട്ടിപ്പിലും വെട്ടിപ്പിലും കൊള്ളയിലും മഹാവിദഗ്ദ്ധരാണെന്ന യാഥാർഥ്യം കൂടി പുറത്തുവരും. “അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രം തച്ചുടയ്ക്കു”ന്നത് നമ്മുടെ രാജ്യത്തിന്റെ പൊതുതാൽപര്യമാണെന്ന സത്യമാണ് പകൽപോലെ വ്യക്തമാവുന്നത്.

2013 മേയിലാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ് ആർ എം ലോധ സിബിഐയെ "കൂട്ടിലടച്ച തത്ത" എന്നും "യജമാനന്റെ ശബ്ദം" എന്നും വിശേഷിപ്പിച്ചത്. ഇപ്പോൾ സിബിഐ മാത്രമല്ല ഇഡിയും ആദായനികുതി വകുപ്പും മറ്റ് പല കേന്ദ്ര ഏജൻസികളും കേന്ദ്ര ബിജെപി സർക്കാരിന്റെ ഗുണ്ടാപ്പട മാത്രമായി പ്രവർത്തിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.