Skip to main content

കുഞ്ഞുങ്ങളുടെ ജീവനും ഹൃദയവും വെച്ച് വ്യാജ വാർത്ത ചമയ്ക്കരുത്

പിഞ്ചുകുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് 'ഹൃദ്യം'. ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ എട്ടോ ഒന്‍പതോ പേര്‍ ജന്മനാ ഹൃദയ വൈകല്യങ്ങള്‍ ഉള്ളവരാണ്. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചെറിയ ഹൃദയ വൈകല്യങ്ങള്‍ മുതല്‍ അത്യന്തം സങ്കീര്‍ണമായിട്ടുള്ള രോഗങ്ങള്‍ വരെയാകാം. ജനിച്ച് മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിലോ ശസ്ത്രക്രിയ നടത്തി പരിഹരിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു പോകുന്ന ഗുരുതര രോഗങ്ങളുമുണ്ട്.

കുട്ടികളിലെ വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി താലോലം സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നത് 2010ലാണ്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കുന്നതിനുള്ള പദ്ധതി അന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് നടത്തിയിരുന്നത്. ആര്‍ബിഎസ്‌കെയിലെ ഘടകം കൂടി ഉപയോഗിച്ച് 2014ല്‍ ആരംഭിച്ച കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക ചികിത്സാ പരിപാടി 2017ലാണ് കൂടുതല്‍ വിപുലമായി ഒരു പ്രത്യേക പദ്ധതിയായി ആസൂത്രണം ചെയ്യപ്പെട്ടതും ഹൃദ്യം ആവിഷ്‌കരിക്കപ്പെട്ടതും.

പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജറി ഏറെ ചെലവ് ആവശ്യമായി വരുന്ന ശസ്ത്രക്രിയയാണ്. കുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സകളുടെയും തുകകള്‍ നിശ്ചയിച്ചാണ് ഹൃദ്യം പാക്കേജ് ആവിഷ്‌കരിച്ചിട്ടുള്ളത്. ശസ്ത്രക്രിയയുടെ യഥാര്‍ത്ഥ ചെലവ് മൂന്നുലക്ഷം രൂപ വരെ ആയേക്കാം. സര്‍ക്കാര്‍ ശസ്ത്രക്രിയയ്ക്ക് നല്‍കുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. സൗജന്യമായാണ് ഈ ശസ്ത്രക്രിയകള്‍ കുഞ്ഞുങ്ങള്‍ക്ക് നടത്തപ്പെടുന്നത്. ഒരു കുഞ്ഞിന് ഇന്റര്‍വെന്‍ഷന്‍ ആവശ്യമായുള്ള ഹൃദയ വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്യാം. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഏത് ആശുപത്രി വേണമെന്ന് മാതാപിതാക്കള്‍ക്ക് തെരഞ്ഞെടുക്കാം. ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യ ആശുപത്രിയുമുണ്ട്. ഹൃദ്യത്തിന്റെ തുടക്കകാലത്ത് സര്‍ക്കാര്‍ മേഖലയിലെ ശ്രീചിത്രയും കോട്ടയം മെഡിക്കല്‍ കോളേജുമാണ് ഇതില്‍ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയാണ് ഉണ്ടായിരുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ 4 കിടക്കകളുള്ള ഐസിയു പീഡിയാട്രിക് കേസുകള്‍ക്ക് മാത്രമായി നിര്‍മ്മിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയും കഴിഞ്ഞവര്‍ഷം ഹൃദ്യത്തിന്റെ എംപാനല്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അവിടെ പീഡിയാട്രിക് കാത്ത് ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു എന്നിവ പ്രത്യേകം നിര്‍മ്മിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകളുടെയും, സര്‍ജന്‍, അനസ്‌തേഷ്യോളജിസ്റ്റ് തുടങ്ങിയവരുടെയും തസ്തികകള്‍ സൃഷ്ടിച്ചാണ് പദ്ധതി ആരംഭിച്ചത്. കോട്ടയത്തിനും എസ്.എ.ടി.യ്ക്കും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിനേയും ഹൃദ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇവിടെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രത്യേക തസ്തികകള്‍, പ്രത്യേക കാത്ത് ലാബ് സൗകര്യങ്ങള്‍, പ്രത്യേക ഐസിയു എന്നിവ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.

ശ്രീചിത്ര ആശുപത്രി മികച്ച നിലയില്‍ ഹൃദ്യത്തില്‍ പങ്കാളിയായി. ശ്രീചിത്ര തുടര്‍ന്നും ഹൃദ്യത്തില്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'കാസ്പി'ലും ഹൃദ്യത്തിലും ശ്രീചിത്ര ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഡയറക്ടറുമായി 2022-23ല്‍ തന്നെ ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. കാസ്പില്‍ ശ്രീചിത്ര ഭാഗമായി. ഹൃദ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജൂണ്‍ മാസം ആദ്യം വീണ്ടും കത്തയച്ചിട്ടുണ്ട്. അനുകൂല നിലപാടെടുക്കം എന്നാണ് പ്രതീക്ഷ. നിലവില്‍ ശ്രീചിത്രയുമായി ബന്ധപ്പെട്ടുള്ള ക്ലെയ്‌മൊന്നും സ്റ്റേറ്റ് ഓഫീസില്‍ പെന്‍ഡിംഗിലില്ല. അന്‍പത്തിയഞ്ച് കോടി രൂപയുടെ ക്ലെയിം 2020ല്‍ ശ്രീചിത്ര സമര്‍പ്പിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ധാരണപ്രകാരമുള്ള തുക അന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഇതുവരെ ഹൃദ്യം പദ്ധതിയില്‍ 6107 കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡിയാക് പ്രൊസീജിയര്‍ നടത്തിയിട്ടുണ്ട്. ഇതുവരെ ചെലവായ തുക 57,11,75,161 രൂപ (അന്‍പത്തിഏഴ് കോടി പതിനൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഒരുന്നൂറ്റി അറുപത്തി ഒന്നു രൂപ). ആറായിരത്തിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും ഹൃദ്യത്തിലൂടെ ആകെ ചെലവാക്കിയതാണ് ഈ തുക. ഹൃദ്യത്തിലൂടെ പ്രൊസീജിയര്‍ നടത്തിയ കുഞ്ഞുങ്ങള്‍ക്കുള്ള തുടര്‍ ഫോളോഅപ്പ് ചികിത്സകളും സൗജന്യമായി നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.

വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.