Skip to main content

മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണ്

കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുകയുണ്ടായി. കേന്ദ്രം സംസ്ഥാനങ്ങളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും വിഭവ കൈമാറ്റം കുത്തനെ കൂട്ടിയതായും അവർ പറയുകയുണ്ടായി. എന്നാൽ ഈ പ്രസ്താവന സാധൂകരിക്കുന്ന യാതൊരു വിധ കണക്കും നൽകാൻ ശ്രീമതി നിർമ്മല സീതാരാമന് കഴിഞ്ഞിട്ടില്ല. ഏത് വിഭാഗത്തിൽപ്പെട്ട വിഭവ കൈമാറ്റം പരിഗണിച്ചാലും ബജറ്റിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ അനുപാതമായി സംസ്ഥാങ്ങൾക്കുള്ള വിഹിതത്തിന്റെ വ്യാപ്തിയിൽ കുറവുണ്ടായതായി യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ കാണാം.

കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് കൈമാറുന്ന വിഹിതം 42 ശതമാനമായി 14-ാം ധനകാര്യ കമ്മീഷൻ ഉയർത്തിയിരുന്നു. എന്നാൽ മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണെന്ന് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വിഹിതം 2018-19ൽ 36.6 ശതമാനം ആയിരുന്നത്, 2021-22ൽ 33.2 ശതമാനവും 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റിൽ 31.2 ശതമാനവും ആയി കുറഞ്ഞു. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 30.4 ശതമാനം മാത്രമാണ് കേന്ദ്രം നൽകുക. സംസ്ഥാനങ്ങളുമായി പങ്കിടാത്ത സെസ്സുകളുടെയും സര്‍ച്ചാര്‍ജ്ജുകളുടെയും രൂപത്തിലുള്ള പ്രത്യേക ലെവികൾ അധിക ധന സമാഹരണത്തിന് കൂടുതലായി ഉപയോഗിക്കുന്നതിലൂടെയാണ് കേന്ദ്രസർക്കാർ ഈ വഞ്ചന നടത്തുന്നത്. മൊത്തം നികുതി വരുമാനത്തിൽ ഇത്തരം ലെവികളുടെ പങ്ക് 2011-12ലെ പത്തിലൊന്നിൽ നിന്ന് 2021-22ൽ അഞ്ചിലൊന്നായി ഇരട്ടിച്ചു.

നികുതി വിഭജനത്തിൽ ഇടിവ് സംഭവിച്ചത് കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മാത്രമല്ല, ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോഴും കാണാൻ സാധിക്കും. സമീപകാല ബജറ്റ് ഈ പ്രവണതയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നു. 2022-23നെ അപേക്ഷിച്ച് 2023-24ലെ ജിഡിപി നാമമാത്രമായി 10.5 ശതമാനം കൂടുതലായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ബജറ്റ് നിർദേശം അനുസരിച്ച് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള നികുതി വിഭജനം 9,48,406 കോടി രൂപയിൽ നിന്ന് 10,21,448 കോടി രൂപയായിട്ടാണ് വർധിക്കുന്നത്. അതായത് 7.7% മാത്രം. ഇത് ജിഡിപിയുടെ വളർച്ചാ നിരക്കിനേക്കാൾ കുറവാണ്. ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം വികേന്ദ്രീകരണത്തിന്റെ വ്യാപ്തി 3.47 ശതമാനത്തിൽ നിന്ന് 3.38 ശതമാനമായി കുറയും.

കൈമാറ്റത്തിന്റെ നികുതി-വിഭജന ഭാഗം നോക്കുകയാണെങ്കിൽ കൈമാറ്റം "കുത്തനെ" ഉയരുന്നു എന്ന ധനമന്ത്രിയുടെ അവകാശവാദം പച്ചക്കളമാണെന്ന് കാണാം. കേന്ദ്രത്തിന് ലഭിക്കുന്ന മൊത്തം നികുതികളുടെ അനുപാതമായും ജിഡിപിയുടെ അനുപാതമായും അത് കുറഞ്ഞു എന്നതാണ് യാഥാർഥ്യം. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായം, വടക്കുകിഴക്കൻ മേഖലയ്ക്കുള്ള പ്രത്യേക സഹായം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും മറ്റ് കേന്ദ്ര പദ്ധതികളുടെയും അക്കൗണ്ടിലെ കൈമാറ്റങ്ങൾ, ആരോഗ്യ മേഖലയ്‌ക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ പ്രത്യേക ആവശ്യങ്ങൾക്കായി ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്യുന്ന ഗ്രാന്റുകളും മറ്റും, എന്നിവയെല്ലാം കണക്കിലെടുത്താൽ 2022-23ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം പിരിച്ചെടുക്കുന്ന മൊത്തം നികുതിയിൽ നിന്ന് സംസ്ഥാങ്ങൾക്കുള്ള മൊത്തം കൈമാറ്റം 17.11 ലക്ഷം കോടി രൂപയാണ്. 2023-24ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 18.63 ലക്ഷം കോടി രൂപയായി ഉയരും. അതായത് 8.88 ശതമാനം.

പക്ഷേ, ഈ വർദ്ധനയും നാമമാത്രമായി ജിഡിപി ഉയരുമെന്ന് അനുമാനിക്കപ്പെടുന്ന 10.5 ശതമാനത്തേക്കാൾ വളരെ താഴെയാണ്. ജിഡിപിയുടെ അനുപാതമെന്ന നിലയിൽ, കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം കൈമാറ്റത്തിന്റെ വിഹിതം 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റിലെ 6.267 ശതമാനത്തിൽ നിന്ന് 2023-24ൽ 6.174% ആയി കുറയും എന്നതാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.