Skip to main content

ഒക്ടോബർ 20 - സഖാവ് സി എച്ച് കണാരൻ ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള സംഘടനയായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്. പാർടിയുടെ അടിസ്ഥാന നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മറ്റു ജനാധിപത്യശക്തികളെ യോജിപ്പിക്കാൻ കഴിവുള്ള അസാധാരണശേഷിയുള്ള നേതാവ് കൂടിയായിരുന്നു സി എച്ച്. പാർടി പിളരുന്ന ഘട്ടത്തിൽ പാർടിയെ നയിക്കുകയെന്ന ഏറെ ശ്രമകരമായ ഉത്തരവാദിത്വം ഫലപ്രദമായി ഏറ്റെടുക്കുകയായിരുന്നു സഖാവ്.

ജനങ്ങളുടെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നതിനും കേഡർമാരെ കണ്ടെത്തി വിന്യസിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനിതരസാധാരണമായ കഴിവാണ് സി എച്ച് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് ഇഎംഎസ്, ഒരു ഡോക്ടർ രോഗിയുടെ നാഡിമിടിപ്പും മറ്റ് അവയവങ്ങളുടെ പ്രവർത്തനവും പരിശോധിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്നതുപോലെയാണ് ജനങ്ങളുടെ പ്രതികരണം നോക്കി നയസമീപനങ്ങളുടെ ശരിയും തെറ്റും മനസ്സിലാക്കാൻ സി എച്ച് ശ്രമിച്ചിരുന്നുവെന്നത് രേഖപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി. മികച്ച വിദ്യാർഥിയായിരുന്നു സി എച്ച്. ബൈബിൾ പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹനായിരുന്നു. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരവും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയ ജീവിതമായിരുന്നു സഖാവിന്റേത്.

1932ൽ ബ്രിട്ടീഷുകാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ സി എച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1934ൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർടിയുടെ നേതൃത്വനിരയിലേക്കുയർന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1940, 1948, 1964 എന്നീ വർഷങ്ങളിൽ രാജ്യരക്ഷാ തടവുകാരനെന്ന പേരിൽ ജയിലിൽ അടയ്‌ക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും തടവുകാരനായി കഴിയേണ്ടിവന്നു സി എച്ച് എന്ന സ്വാതന്ത്ര്യസമര പോരാളിക്ക്.

ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് മറ്റു സംസ്ഥാനങ്ങളിലെ വിപ്ലവകാരികളുമായി അദ്ദേഹം അടുത്തിടപഴകുന്നത്. കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത് ഈ അവസരത്തിലാണ്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ സി എച്ച് പങ്കെടുത്തിരുന്നു. 1952ലെ മദിരാശി അസംബ്ലി അംഗമെന്നനിലയിൽ ഐക്യ കേരളത്തിനുവേണ്ടി ശക്തമായ വാദം സി എച്ച് ഉന്നയിച്ചത് ചരിത്രരേഖയാണ്. 1957ൽ നാദാപുരം മണ്ഡലത്തിൽനിന്നും വിജയിച്ചു. ഭൂപരിഷ്കരണ ബില്ലിന്റെ രൂപീകരണത്തിൽ രാഷ്ട്രീയമായും നിയമപരമായും സി എച്ച് നടത്തിയ ഇടപെടൽ അവിസ്‌മരണീയമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ചെറുപ്പത്തിലേ സി എച്ച് പൊരുതി. കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം രൂപീകരണം ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് ചർച്ചായോഗങ്ങൾ അക്കാലത്ത് സി എച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ നേതൃത്വം നൽകിയതും എടുത്തുപറയേണ്ട സംഭവമാണ്. ശ്രീനാരായണ ദർശനം അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് ഏറെ ദിശാബോധം നൽകി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ സജീവമായി നിൽക്കുന്ന ഘട്ടമാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമുയരേണ്ട കാലത്ത് സി എച്ചിന്റെ പ്രവർത്തനങ്ങൾ വഴികാട്ടിയായിത്തന്നെ മുന്നിൽ നിൽക്കുന്നുണ്ട്.

സി എച്ചിന്റെ ഉൾപ്പെടെ ശ്രമഫലമായി രൂപപ്പെട്ട ഭൂപരിഷ്കരണം കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് തലയുയർത്തി ജീവിക്കാൻ പറ്റുന്ന സാഹചര്യം അത് സൃഷ്ടിച്ചു. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് നവകേരള സൃഷ്ടിയിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. ആഗോളവൽക്കരണ നയങ്ങൾക്ക് ഫെഡറലിസത്തിന്റെ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ബദൽ ഉയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണിത്. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യശക്തികൾക്ക് രാഷ്ട്രീയമായ കരുത്തായും ഈ ഇടപെടൽ മാറിയിട്ടുണ്ട്.

ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങൾ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ജനവിഭാഗത്തെയും സർക്കാരിനെതിരാക്കാനുള്ള കള്ളപ്രചാരവേലകളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവർണർമാരെ ഉപയോഗിച്ച് കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ കാഴ്ചപ്പാടുകൾക്ക്‌ അനുസരിച്ച് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന രീതിയാണ് കേരള ഗവർണർ സ്വീകരിക്കുന്നത്. സെനറ്റിലേക്ക് ഒഫീഷ്യൽ പദവിയുടെ അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടവരെപ്പോലും പുറത്താക്കുന്ന രീതി ഗവർണർ സ്വീകരിച്ചു. ഇപ്പോൾ മന്ത്രിമാരെയും പുറത്താക്കുമെന്നാണ് ഗവർണറുടെ ഭീഷണി. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനംപോലും അറിയാത്ത നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.

ആർഎസ്എസ് മേധാവിയുടെ ദർശനത്തിനുവേണ്ടി കാത്തുനിന്ന ഗവർണറിൽനിന്ന് ഇത്തരം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റകൂടി ഫലമാണ് ഗവർണർ തന്റെ രാഷ്ട്രീയ പക്ഷപാതിത്വവും എൽഡിഎഫ് സർക്കാരിനോടുള്ള പകയും പ്രകടിപ്പിച്ചിട്ടുള്ളത്. സംഘപരിവാറിനുവേണ്ടി എന്തുംചെയ്യുമെന്ന സന്ദേശം നൽകുകകൂടി ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തം. രാഷ്ട്രീയവും വ്യക്തിപരവുമായ താൽപ്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരത്തിലുള്ള ഒരു അജൻഡയും കേരളത്തിൽ വിലപ്പോകില്ല. വരുംനാളുകൾ അത് തെളിയിക്കും. ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനും ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള ചരിത്രപരമായ പരിഷ്കാരങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ച സി എച്ചിന്റെ ഓർമകൾ ഈ പോരാട്ടത്തിന് കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.