Skip to main content

സ.ടി.എം തോമസ് ഐസക് എഴുതുന്നു

ഇറുകി ഒട്ടിയ, നിറയെ ബക്കിളുകളും പോക്കറ്റുകളുമുള്ള കറുത്ത വസ്ത്രം അണിഞ്ഞ,  മെല്ലിച്ച ഉറച്ച ശരീരമുള്ളയാൾ ഒരു പ്രഭാതത്തിൽ കെ.ജോസഫിനെ അറസ്റ്റ് ചെയ്യുന്നു. കുറ്റം എന്തെന്ന്  അറിയില്ല. എങ്ങോട്ടേക്ക് എന്നും അറിയില്ല. അത് പറയേണ്ടതുമില്ല. “ഒരു തെറ്റും ചെയ്യാതെ ഒരു ദിവസം പ്രഭാതത്തിൽ കെ. ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടു.  അയാളെകുറിച്ച് ആരെങ്കിലും അപവാദം പറഞ്ഞിരിക്കണം.” ഇങ്ങനെയാണ് കാഫ്കയുടെ ക്ലാസിക് നോവൽ “വിചാരണ” ആരംഭിക്കുന്നത്. ഒടുക്കം എന്തിനെന്നറിയാതെ കെ. ജോസഫ് ഒരു ഇരുണ്ട പാറക്കെട്ടിൽ വധശിക്ഷയ്ക്ക് വിധേയനാകുന്നു. The Trial (Der prozess) എന്ന ഈ നോവൽ നിയമ പ്രക്രിയ തന്നെ ശിക്ഷയാക്കുന്ന ഭരണകൂട ഭീകരതയാണ് ചിത്രീകരിക്കുന്നത്. ടി.ആർ ആണ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ എന്നെ കാമുവിനെയും, കാഫ്കയെയും പരിചയപ്പെടുത്തുന്നത്. ഈ സാഹിത്യകാരന്മാരുടെ വ്യഥകൾ ഇയാൾ പങ്കുവെച്ചില്ലെങ്കിലും ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ അതെല്ലാം നിറഞ്ഞ ചില സന്ദർഭങ്ങളുണ്ടാകുമല്ലോ എന്നാണ് അന്ന് ടി.ആർ പറഞ്ഞത്.  

കഴിഞ്ഞയാഴ്ച ഇ.ഡി.യുടെ അധികാരങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി വായിച്ചിട്ട് കാഫ്കയുടെ നോവൽ വായിക്കുക.  അപ്പോൾ സ്വേച്ഛാപരമായ നിയമങ്ങൾ യുക്തിയ്ക്കപ്പുറം നിസ്സഹായതയുടെ സർറിയലിസ്റ്റിക് ലോകം സൃഷ്ടിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകും.

അറസ്റ്റ് ചെയ്യപ്പെടുമ്പോഴാണ് അറിയുക നിങ്ങൾ അറസ്റ്റിലാണെന്ന്. എന്താണു കാരണം?  അതു നിങ്ങളെ അറിയിക്കേണ്ടതില്ല.  പക്ഷേ, ജാമ്യം വേണമെങ്കിൽ നിങ്ങൾ കുറ്റക്കാരനല്ലായെന്നു നിങ്ങൾ തന്നെ തെളിയിക്കണം.  എത്രനാൾ ജയിലിൽ?  എത്രവേണമെങ്കിലും ആവാം!  വിചാരണ കഴിയുമ്പോഴറിയാം വിധി.  ഒടുക്കം ക്വാറിയിൽ വച്ച് "പട്ടിയെപോലെ” വധിച്ചതുപോലുള്ള ശിക്ഷാവിധിയുമാകാം.  ഹിറ്റ്ലർക്ക് എത്രയോ മുൻപ് കാഫ്ക വരച്ചിട്ട നിസ്സഹായതയുടെയും, ഭയത്തിന്റെയും യുഗം, മോഡി-ഷാ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  

ജസ്റ്റിസുമാരായ എ.എം. ഖാൻ വിൽക്കർ, ദിനേശ് മഹേശ്വരി, മലയാളി കൂടിയായ സി.ടി. രവികുമാർ എന്നിവർ ചേർന്നാണ് ഇന്ത്യൻ ജുഡീഷ്യൽ പാരമ്പര്യത്തിനു തീരാകളങ്കമായ ഈവിധി പുറപ്പെടുവിച്ചിട്ടുള്ളത്.  കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമം പൗരാവകാശങ്ങളെ ഹനിക്കാൻ അനിയന്ത്രിതമായി ദുഃരുപയോഗം ചെയ്യുന്നു എന്നതിന്റെ പരിഹാരം തേടിയാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. എന്നാൽ പൗരാവകാശങ്ങളെ ചവിട്ടി മെതിക്കാനുള്ള അധികാരത്തെ ആവർത്തിച്ച് ഉറപ്പിക്കുന്ന, കൂടുതൽ ശക്തിപ്പെടുത്തുന്ന വിധിയാണ് ഇവർ പുറപ്പെടുവിച്ചത്.

ഇ.ഡി. പോലും, ഇത്രയും രാജഭക്തി പ്രതീക്ഷിച്ചു കാണില്ല. 2017-ൽ സുപ്രീംകോടതി തന്നെ ജാമ്യവ്യവസ്ഥകളിൽ നൽകിയ ഇളവുപോലും റദ്ദാക്കിക്കൊടുത്തു. കുറ്റം തെളിയുന്നതുവരെ കുറ്റക്കാരനല്ല എന്നതു മൗലികാവകാശത്തിൽപ്പെടുന്നില്ല എന്നാണു കോടതിയുടെ വ്യാഖ്യാനം. മാത്രമല്ല, പാർലമെന്റിനു നിയമം മുഖേന അവയെ പരിമിതപ്പെടുത്തുന്നതിനുള്ള അവകാശം ചോദിക്കാതെതന്നെ അംഗീകരിച്ചു കൊടുക്കുകയും ചെയ്തു.

ഇതേ ബഞ്ചുതന്നെയാണ് സാകിയ ജാഫ്രി കേസിൽ കോ-പെറ്റീഷണറായ ടീസ്റ്റ സെറ്റിൽവാദിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കാൻ ഗുജറാത്ത് പൊലീസിനു വിധിയിലെ പരാമർശത്തിലൂടെ അവസരം ഒരുക്കിയത്.  ജാമ്യം നിഷേധിക്കപ്പെട്ട് ടീസ്റ്റ ഇപ്പോഴും ജയിലിലാണ്.  
പുതിയ വിധിയിലെ ചില നിഗമനങ്ങൾ ഇങ്ങനെയൊക്കെയാണ്:

• ഇ.ഡി. പോലീസല്ല.  അതുകൊണ്ട്  സി.ആർ.പി.സി. നിയമം ഇ.ഡി.ക്ക് ബാധകമല്ല.

• സാധാരണഗതിയിൽ സെർച്ചിനും, അറസ്റ്റിനും ഉള്ള ചട്ടങ്ങൾ ഇ.ഡി.ക്ക് ബാധകമല്ല.

• പ്രതി ഇ.ഡി.ക്കു നൽകുന്ന മൊഴി കോടതിയിൽ തെളിവായി ഹാജരാക്കാം.

• ജാമ്യം വേണമെങ്കിൽ പ്രതി സ്വയം പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കണം. മാത്രമല്ല, ഇനി കുറ്റം ആവർത്തിക്കില്ലായെന്നു കോടതിയെ ബോധ്യപ്പെടുത്തുകയും വേണം.

• പ്രതിക്ക് എഫ്ഐആർ നൽകേണ്ടതില്ല.

ഭരണഘടനയുടെ അനുച്ഛേദം 20 നല്കുന്ന മൗലിക അവകാശങ്ങൾ തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. No person accused of any offence shall be compelled to be a witness against himselfഎന്നത് ആർ. 20 (3) ഉറപ്പ് നല്കുന്ന അവകാശമാണ്. ഭരണ ഘടനയിലെ ഈ സുപ്രധാന തത്വം  ഫലത്തിൽ ഇഡി കേസുകളിൽ ബാധകമല്ല എന്നു വന്നിരിക്കുന്നു. നിർബന്ധിത മൊഴി (testimonial compulsion) എടുക്കൽ സാർവ്വത്രികമാകുന്ന ഭീതിതമായ അവസ്ഥ. അത് കുറ്റാരോപിതന് എതിരായ തെളിവായി മാറും എന്ന അവസ്ഥ. 

ഭീകരവിരുദ്ധ നിയമം തുടങ്ങിയവയിൽ നിന്നു വ്യത്യസ്തമായി കള്ളപ്പണവിരുദ്ധ നിയമത്തിന് ഒരു പ്രത്യേകതയുണ്ട്.  കള്ളപ്പണത്തെ ഏതൊരു സാമ്പത്തിക പ്രവർത്തിയുമായി ബന്ധപ്പെടുത്താവുന്ന അത്രവിപുലമായ വ്യാഖ്യാനമാണു നിയമത്തിലുള്ളത്.  ഈ സാഹചര്യത്തിൽ ഇ.ഡി.ക്ക് വേണമെങ്കിൽ ഏതൊരു പൗരനെയും അറസ്റ്റു് ചെയ്യുന്നതിനും, തടവിലാക്കുന്നതിനും, സ്വത്ത് കണ്ടുകെട്ടുന്നതിനും എളുപ്പമാണ്. 

ഒന്നാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു വർഷകാലത്ത് 489 കേസുകൾ ഇ.ഡി ചാർജ്ജ് ചെയ്തുവെങ്കിൽ രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യമൂന്നു വർഷം 2723 കേസുകളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്.  അഞ്ചുമടങ്ങു വർദ്ധന. അതേസമയം ഈ കേസുകളിലെ ശിക്ഷാ നിരക്ക് 0.5 ശതമാനം മാത്രമാണ്. കേസ് എടുക്കുന്നത് കുറ്റം ഉണ്ടെങ്കിൽ സ്ഥാപിച്ച് ശിക്ഷ കൊടുക്കുന്നതിനല്ല. കുറ്റം ചാർത്തി രാഷ്ട്രീയ എതിരാളികളെ പീഡിപ്പിച്ചു കണക്കു തീർക്കുന്നതിനാണ്.  നിയമ പ്രക്രിയ തന്നെ പണിഷ്മെന്റ് ആക്കി മാറ്റുന്ന സ്വേച്ഛാപരമായ അധികാരം ഭരണകൂടത്തിന് അനുവദിച്ചു നല്കുന്ന സ്ഥിതിയാണ് വിധി ഉണ്ടാക്കുന്നത്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഇഡിയുടെ സ്വേച്ഛാപരമായ അധികാരത്തെ രാഷ്ട്രീയവൈരം തീർക്കുന്നതിനു മോഡി-ഷാ കൂട്ടുകെട്ട് വ്യാപകമായി ഉപയോഗിക്കുവാൻ പോവുകയാണ്.

വേലിതന്നെ വിളവ് തിന്നുമ്പോൾ, നീതിയെ ആര് സംരക്ഷിക്കും?

സ. ടി എം തോമസ് ഐസക് 
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.