കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പുരോഗമന ചിന്തകളുടെ വെളിച്ചം തെളിയിച്ച വ്യക്തിത്വമാണ് സഖാവ് ഇ എം രാധ.
എഴുത്തുകാരിയായും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയായും സ്ത്രീ മുന്നേറ്റത്തിന്റെ കരുത്തായും ജീവിതത്തിലുടനീളം നിലകൊള്ളാൻ സഖാവിന് സാധിച്ചു. അനശ്വരനായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ സഖാവ് ഇഎംഎസിന്റെ അവസാനത്തെ കണ്ണിയെയാണ് സഖാവ് ഇ എം രാധയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. നേരത്തെ ആർസിസിയിൽ ചികിത്സയിലായിരുന്നപ്പോഴും ശസ്ത്രക്രിയ നടത്തിയ സന്ദർഭത്തിലും, ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നപ്പോഴും സഖാവിനെ കണ്ടിരുന്നു. ചിലപ്പോഴെല്ലാം സഖാവിനോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. അവസാന സമയങ്ങളിൽ സഖാവിന് സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സഖാവിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ചെറുപ്പകാലം തൊട്ടുതന്നെ പിതാവായ ഇഎംഎസിനോടൊപ്പം ഇ എം രാധയെയും അടുത്ത് പരിചയിച്ചിരുന്നു. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും അത്യധികം മികവോടെയും ഫലപ്രദമായും നിറവേറ്റിയ സഖാവിന്റെ പ്രവർത്തനം മാതൃകാപരമാണ്. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഫലപ്രദമായി ഇടപെടുവാൻ ഇ എം രാധയ്ക്ക് സാധിച്ചു. അവരുടെ ജീവിതപങ്കാളിയായ സഖാവ്
സി കെ ഗുപ്തൻ വിദ്യാർത്ഥി കാലഘട്ടം മുതൽ സംഘടനാ രംഗത്ത് പ്രവർത്തിച്ച വ്യക്തിത്വം കൂടിയാണ്. ദേശാഭിമാനിയുമായി സഖാവ് ഇ എം രാധയ്ക്ക് ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നു. രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ പ്രവർത്തിച്ചു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ മനുഷ്യപക്ഷത്തു നിലകൊണ്ട് നിരന്തരമായ ഇടപെടലുകൾ നടത്താൻ ഇ എം രാധയ്ക്ക് സാധിച്ചു. എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും തന്റേതായ ഇടം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞു. ഇഎംഎസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ എം എസ്–മകളുടെ ഓർമകൾ' എന്ന പുസ്തകം ഇ എം രാധയുടെ എഴുത്തുമികവിനെ കൂടി അടയാളപ്പെടുത്തുന്നതാണ്. പ്രിയ സഖാവിൻ്റെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.







