പ്രമുഖ ആർക്കിടെക്ട് ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. ഇഎംഎസ് അക്കാദമിയും നായനാർ അക്കാദമിയുമടക്കം നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത് വാസ്തുവിദ്യാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്കൂളുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളുമടക്കം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നിരവധി നിർമാണങ്ങൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്. ചെലവ് കുറഞ്ഞ നിർമാണ ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റി മുഖേന പാവങ്ങൾക്ക് കൈത്താങ്ങാകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളിലെ പല സ്ഥാപനങ്ങളും കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ ഭാവനയിൽ പടുത്തുയർത്തിയവയാണ്. കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, സരോവരം പാർക്ക് തുടങ്ങി നാടിന്റെ മുഖമായി മാറിയ ഒട്ടേറെ പദ്ധതികളുടെ ശിൽപിയായിരുന്നു അദ്ദേഹം. ആർക്കിടെക്ട് എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന്റെ നിര്യാണം വാസ്തുവിദ്യാരംഗത്ത് വലിയ നഷ്ടമാണ് സൃഷ്ടിച്ചിക്കുന്നത്. ആർ കെ രമേശിന്റെ നിര്യാണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.
