Skip to main content

പരമ്പരാഗത വ്യവസായ സംരക്ഷണം

സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയര്‍ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയര്‍ന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയര്‍ത്തും. കശുവണ്ടിയില്‍ 10000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ന്യായവിലയ്ക്ക് കാഷ്യൂ ബോര്‍ഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും. ഹാന്റക്സും ഹാന്‍വീവും പുനരുദ്ധരിക്കും. ബീഡിക്കുള്ള ക്ഷേമസഹായം വര്‍ദ്ധിപ്പിക്കും. പനമ്പ്, ഖാദി, ചെത്ത്, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. കയര്‍ & ക്രാഫ്റ്റ് സ്റ്റോറുകളിലൂടെ വിപണി കണ്ടെത്തും. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടപ്പാക്കും. വരുമാന ഉറപ്പുപദ്ധതി വിപുലീകരിച്ച് മിനിമം കൂലി ഉറപ്പുവരുത്തും. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ പ്രതിസന്ധിക്കു പരിഹാരം കാണും.

കയർ

  1. കയര്‍ വ്യവസായത്തിലെ ഉത്പാദനം 2015-16ല്‍ 7000 ടണ്‍ ആയിരുന്നത് 28000 ടണ്ണായി ഉയര്‍ന്നു. 2025 ആകുമ്പോഴേയ്ക്കും കയറുല്‍പാദനം 70000 ടണ്ണായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ യന്ത്രവല്‍ക്കരണം പൂര്‍ണമാകും. ചകിരി മില്ലുകളുടെ എണ്ണം 500 ഉം, ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ എണ്ണം 10000 ഉം, ഓട്ടോമാറ്റിക് ലൂമുകളുടെ എണ്ണം 300 ഉം ആയി ഉയരും.

  2. ഈ സാങ്കേതിക മാറ്റം സഹകരണ സംഘങ്ങളുടെ മുന്‍കൈയിലാണ് നടക്കുന്നത് എന്നുള്ളതുകൊണ്ട് വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നതു സംബന്ധിച്ച സംഘര്‍ഷം ഉണ്ടാവുകയില്ല. പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക് സര്‍ക്കാര്‍ തുടര്‍ന്നും സംഭരിക്കുന്നതാണ്.

  3. കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്തും. ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വിവിധതരം കയര്‍ കോമ്പോസിറ്റുകളും കൃത്രിമ രാസവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ബോര്‍ഡുകളും വലിയ തോതില്‍ ഉല്‍പാദിപ്പിക്കും. കേരളത്തെ ജിയോ ടെക്സ്റ്റൈല്‍സിന്റെ ഹബ്ബായി മാറ്റും.

  4. കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യത്തിലും കരവിരുതിലും വൈവിദ്ധ്യത്തിലും ഊന്നിക്കൊണ്ട് കയര്‍ കേരള ബ്രാന്‍ഡു ചെയ്യും. ഇതിന് ആലപ്പുഴയില്‍ സ്ഥാപിക്കുന്ന കയര്‍ മ്യൂസിയങ്ങള്‍ സുപ്രധാന പങ്കുവഹിക്കും.

  5. ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിന് ഇന്ത്യയിലെ കണ്‍സ്യൂമര്‍ ചെയിന്‍ സ്റ്റോറുകളുമായി ബന്ധം സ്ഥാപിക്കും. റോഡ്, മണ്ണുജല സംരക്ഷണം, ഖനികള്‍, ഹിമാലയന്‍ മലഞ്ചരിവുകള്‍, റെയില്‍വേ, പ്രതിരോധം, എന്നിവിടങ്ങളിലെല്ലാം ജിയോ ടെക്സ്റ്റൈല്‍സ് ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  6. ഇതിന്റെയെല്ലാം ഫലമായി യന്ത്രവത്കൃത മേഖലയില്‍ പുതുതായി പതിനായിരം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കും. കയര്‍പിരി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീമിന്റെ സഹായത്തോടെ 300 രൂപ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് സബ്സിഡിയില്ലാതെ ശരാശരി 500 600 രൂപയായി തൊഴിലാളിയുടെ വരുമാനം ഉയരും.

  7. കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍ ശരാശരി വരുമാനം പ്രതിവര്‍ഷം 13380 രൂപയായിരുന്നത് 2021-22ല്‍ 50000 രൂപ കവിഞ്ഞു. ഇത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം രൂപയായെങ്കിലും ഉയര്‍ത്തും. 

  8. 2020-21ലെ വെര്‍ച്വല്‍ കയര്‍ മേളയില്‍ 750 കോടി രൂപയുടെ ഓഡറുകള്‍ ലഭിച്ചു. കയര്‍ മേള കൂടുതല്‍ ആകര്‍ഷകവും വിപുലവുമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  9. കയര്‍ ഗവേഷണം വിപുലപ്പെടുത്തും. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉതകുംവിധം എന്‍.സി.എം.ആര്‍.എയെ ശക്തിപ്പെടുത്തും.

    കശുവണ്ടി

  10. കശുവണ്ടി കോര്‍പറേഷനിലും കാപ്പെക്സിലുമായി അയ്യായിരം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. ഫാക്ടറികള്‍ നവീകരിക്കുകയും ആധുനീകരിക്കുകയും ചെയ്യും. മിനിമം കൂലി പരിഷ്കരിക്കും.

  11. കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ബോര്‍ഡു വഴി പ്രതിവര്‍ഷം 30000 - 40000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സംയുക്ത ബ്രാന്‍ഡ് നെയിമില്‍ കൊല്ലത്ത് കശുവണ്ടിപ്പരിപ്പ് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായും. ആശാവഹമായ പ്രതികരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

  12. സ്വകാര്യ കശുവണ്ടി വ്യവസായികളെ പ്രോത്സാഹിപ്പിക്കും. അവര്‍ക്കുള്ള പലിശ സബ്സിഡി തുടരും. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് റിവൈവല്‍ പാക്കേജിനു രൂപം നല്‍കും.ഇത്തരം ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

  13. ഉല്‍പാദനക്ഷമതയേറിയ ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗപ്പെടുത്തി കശുവണ്ടി കൃഷി വ്യാപിപ്പിക്കും. തെങ്ങിന് ഇടവിളയായി ഉപയോഗിക്കാനുതകുന്ന കുള്ളന്‍ ഇനങ്ങളാണ് നടുക. 

    കൈത്തറി

  14. കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം ശക്തിപ്പെടുത്തും. സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കും എന്നുറപ്പു വരുത്തും.

  15. കൈത്തറി റിബേറ്റ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. കേരളത്തില്‍ റിബേറ്റ് സമ്പ്രദായം തുടരും. കൂടുതല്‍ ദിവസം റിബേറ്റ് അനുവദിക്കും.

  16. നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കഴിനൂല്‍ സുലഭമാക്കുന്നതിനും കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സ്പിന്നിംഗ് മില്ലുകളില്‍ ഹാങ്ങിയാണ്‍ (കഴിനൂല്‍) ഒരു നിശ്ചിത ശതമാനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

  17. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. ബിനാമി സംഘങ്ങളെ നീക്കം ചെയ്യും.

  18. ഹാന്‍വീവും ഹാന്‍ടെക്സും സമൂലമായി പുനഃസംഘടിപ്പിക്കും. വിപണന ശൃംഖല ആകര്‍ഷകമാക്കും. ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കും.

  19. കൈത്തറി ഉല്‍പ്പന്നങ്ങളെ ഏറ്റവും ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യുന്നതിനും പുതുതലമുറയെ ആകര്‍ഷിക്കുന്ന ഡിസൈന്‍ രൂപീകരണത്തിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ സീനിയര്‍ ഡിസൈനര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഉപദേശകസമിതി രൂപീകരിക്കും.

    ഖാദി

  20. ഖാദി നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കും. ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തും. റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്തും. ഇതിന് ആധുനിക ഡിസൈന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തും. വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്തും.

  21. ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കും. സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കും.

  22. 15 ലക്ഷം ഉപജീവനത്തൊഴിലുകളുമായി ബന്ധപ്പെടുത്തി പതിനായിരം ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.

    മറ്റു പരമ്പരാഗത വ്യവസായങ്ങള്‍

  23. കേരള ആര്‍ടിസാന്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പ്രാദേശിക ആര്‍ടിസാന്‍ യൂണിറ്റുകളുടെ അംബ്രല്ലാ സംവിധാനമായി വികസിപ്പിക്കും.

  24. കരകൗശല വികസന കോര്‍പറേഷന്‍ റോ മെറ്റീരിയല്‍ ബാങ്കും ഹാന്‍ഡി ക്രാഫ്റ്റ് ഡിസൈന്‍ സെന്ററും ആരംഭിക്കും. കെല്‍പാം വൈവിദ്ധ്യവത്കരിക്കും. പനയുല്‍പ്പന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ വൈവിധ്യവല്‍ക്കരണ പാക്കേജുകള്‍ നടപ്പിലാക്കും. പ്രീമിയം ഉല്‍പന്നശാലകള്‍ ആരംഭിക്കും. വര്‍ക്ക് ഷെഡുകള്‍ നവീകരിക്കും.

  25. കര്‍ഷകര്‍/ തൊഴിലാളികള്‍/ കരകൗശലത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ന്യായമായ വേതനം / വരുമാനം ലഭിക്കുന്നൂവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഫെയര്‍ ട്രേഡ് മാര്‍ക്കറ്റുകളില്‍ വിപണി കണ്ടെത്തുന്നതിനും കേരള ഫെയര്‍ ട്രേഡ് കോര്‍ഡിനേഷന്‍ അതോറിറ്റി ഉണ്ടാകും. ഇത് ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും.

  26. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പുനഃസംഘടന പൂര്‍ത്തിയാക്കും. ബാംബൂ പ്ലൈവുഡിന്റെ വിപുലമായ ഉല്‍പാദന ഫാക്ടറി സ്ഥാപിക്കും. അതുവഴി പനമ്പു നെയ്ത്തു തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയും.

  27. തൊഴിലുറപ്പ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി മുള വച്ചുപിടിപ്പിക്കുന്നത് വ്യാപകമാക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രോത്സാഹിപ്പിക്കും.

  28. തെങ്ങിന്‍തടി സംസ്ക്കരണ ഫാക്ടറികള്‍ ആരംഭിക്കും.

  29. കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കും.

  30. ഡാമുകള്‍ വ്യാപകമായി ഡീസില്‍റ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിലെ ചെളി കളിമണ്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയിലും വയലുകളില്‍ വെളളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കും

  31. കക്ക വ്യവസായത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കു ന്നതിനുള്ള നടപടി തുടരും.

  32. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തും. ബീഡിയുടെ ജി.എസ്.ടി കുറയ്ക്കുന്നതിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ദിനേശ് ബീഡി സഹകരണ സംഘത്തിന് ജി.എസ്.ടി റീ ഇംപേഴ്സ് ചെയ്യുന്ന സമ്പ്രദായം തുടരും.

  33. ടോഡി ബോര്‍ഡ് രൂപീകരിച്ചു. 2021 ല്‍ പ്രവര്‍ത്തനക്ഷമമാകും. കളളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും പ്രോട്ടോക്കോളിന് രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യാജ മദ്യത്തിനെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും.

  34. വഴിയോര/തെരുവ് കച്ചവടത്തിനു പ്രത്യേക മേഖലകള്‍ അനുവദിക്കും.

    കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോര്‍

  35. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കും. ഈ കടകളില്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉല്‍പന്നങ്ങളായ കയര്‍, കളിമണ്‍ പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിംഗ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ഇവ കുടുംബശ്രീയുടെ ഹോംഷോപ്പി കേന്ദ്രങ്ങളുമായിരിക്കും. പരമ്പരാഗത മേഖലകള്‍ക്ക് ഇതു വലിയ ഉത്തേജകമാകും.

  36. കൈത്തൊഴിലുകാര്‍ക്കു വേണ്ടിയുള്ള മള്‍ട്ടി ട്രേഡ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. വിവിധ ക്രാഫ്റ്റുകളെ അണിനിരത്തിക്കൊണ്ട് വെര്‍ച്വല്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കും.

  37. ആരംഭിക്കും. കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കു ന്നതിനും ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ഇതുവഴി കഴിയും.

  38. പരമ്പരാഗത വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഫെയര്‍ ട്രേഡ് ചാനലുകളെ ഉപയോഗപ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കും. ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കും.

    നിര്‍മ്മാണമേഖല

  39. നിര്‍മ്മാണ മേഖലയിലെ മണല്‍, കല്ല്, സിമെന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഡാമുകളിലെ ആവാഹശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ക്വാറി പ്രവര്‍ത്തനം വിപുലപ്പെടുത്തും.

  40. ബദല്‍ സാമഗ്രികളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുന്ന ഗ്രീന്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കും.

  41. സിമന്റിന് മേലുള്ള കുത്തക നിയന്ത്രണം ആണ് വിലക്കയറ്റത്തിന് അടിസ്ഥാനം. ഇതില്‍ ഇടപെടുന്നതിനുവേണ്ടി കേരളത്തില്‍ സിമന്റ് ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

  42. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ വൈവിധ്യ പോഷണത്തിന് നടപടി സ്വീകരിക്കും. കോണ്‍ട്രാക്ടര്‍മാരെ ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും പ്രോത്സാഹനം നല്‍കും.