കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 53 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.
കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയം അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നു. പുരോഗമന ജനാധിപത്യ, മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പ്രതികരിക്കാൻ രൂപംകൊണ്ട ‘കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം'. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായി. നവോത്ഥാനവാദികളോട് ആദ്യഘട്ടത്തിൽ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായി വരുന്നവിധം അവരെ നയിക്കാൻ സി എച്ചിന് കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും. തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കാൻ നടത്തിയ സവിശേഷമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്.
പിന്തിരിപ്പൻ ജാതി, വർഗീയ ശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസ ജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഈ ഘട്ടത്തിൽ സി എച്ചിനെപ്പോലുള്ളവരുടെ ഇടപെടലിലൂടെ മുന്നേറിയ നവോത്ഥാന സമരങ്ങളിൽനിന്ന് നാം ഊർജം സ്വീകരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932-ൽ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942-ൽ ബോംബെ പാർടി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തരസമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ' എന്നാണ്. സി എച്ച് അന്തരിച്ച 1972- നുശേഷം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധമുന്നണി തകർന്നു. 1980- ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരുഭാഗത്തും വലതുപക്ഷം മറുഭാഗത്തുമാണ്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കാലങ്ങളായി വന്ന ഇടതുപക്ഷ സർക്കാരുകൾ ആവിഷ്കരിച്ചത്. എന്നാൽ, അഞ്ചു വർഷത്തിനിടെയുള്ള ഭരണമാറ്റം അവയ്ക്ക് തുടർച്ച നൽകിയില്ല.
എൽഡിഎഫ് കൊണ്ടുവന്ന പല സുപ്രധാന പദ്ധതികളും യുഡിഎഫ് ഭരണത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. നാടിനെ കരുതിയുള്ള മുന്നേറ്റത്തിന് ചുക്കാൻ പിടിക്കാൻ അവർ ഒരിക്കലും തയ്യാറായില്ല. മാത്രമല്ല അഴിമതിയും കെടുകാര്യസ്ഥതയും യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയായി. അതിനൊരു മാറ്റമുണ്ടായത് എൽഡിഎഫിന് തുടർഭരണം ലഭിച്ചപ്പോഴാണ്. വൻവികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ ആരംഭിച്ചത്. പലതും പൂർത്തിയായി. ഭാവികേരളം മുന്നിൽക്കണ്ടുള്ള നിരവധി പദ്ധതികൾ പൂർത്തിയാകാനുണ്ട്. വികസന സൂചികകളിലെല്ലാം കേരളം ഒന്നാമതായി. വികസനപദ്ധതികളെല്ലാം എൽഡിഎഫ് സർക്കാർ ഒമ്പതര വർഷമായി ഇച്ഛാശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ്.
തികച്ചും മാതൃകാപരമായി, എല്ലാവരെയും കരുതുന്ന സംസ്ഥാന സർക്കാരിനെതിരെ നിരന്തരം കള്ളവാർത്തകൾ ചമയ്ക്കുകയാണ് ഒരുപറ്റം മാധ്യമങ്ങൾ. അതിനായി അവർ വ്യാജവാർത്തകളെയും മറ്റും കൂട്ടുപിടിക്കുന്നു. നാട് കൈവരിച്ച നേട്ടങ്ങളെയെല്ലാം തമസ്കരിച്ച് ഏതുവിധേനയും സർക്കാരിനെ താറടിച്ചു കാട്ടാനുള്ള ശ്രമത്തിലാണ് ചില മാധ്യമങ്ങളും വലതുപക്ഷവും. അതിന് ഏതറ്റംവരെയും അവർ പോകുന്ന നിലയാണുള്ളത്. കേന്ദ്രസർക്കാരാകട്ടെ കേരളത്തെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും കേരളം മുന്നോട്ടു കുതിക്കുന്നു.
ബിജെപിയും കോൺഗ്രസും സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ഒരേ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും കോൺഗ്രസ് തയ്യാറാകുന്നില്ല. ബിജെപിക്കെതിരായി ഇന്ത്യ കൂട്ടായ്മയുടെ കരുത്ത് ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിലടക്കം ജനാധിപത്യവിരുദ്ധ നടപടികളാണ് ബിജെപി സ്വീകരിച്ചു വരുന്നത്. തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി. വർഗീയത പടർത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ജനാധിപത്യധ്വംസനം നടത്താനാണ് അവർ ശ്രമിക്കുന്നത്. എല്ലാ അനീതികളെയും ചെറുക്കാൻ ധൈര്യമായി മുന്നോട്ടു പോകാനുള്ള കരുത്ത് നൽകുന്നതാണ് സി എച്ചിന്റെ ജീവിതം. കേന്ദ്ര ഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് സർക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നാം ഇറങ്ങേണ്ടതുണ്ട്. അതിന് സി എച്ചിന്റെ സ്മരണ നമുക്ക് ആവേശം പകരും.







