ഗവർണർമാരുടെ അധികാരങ്ങൾ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയുടെ പ്രതികരണം നിരാശാജനകം. കേന്ദ്ര സർക്കാരിലേക്ക് തന്നെ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തെ തടയാനാവില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണർമാർക്ക് വിവേചനാധികാരമുണ്ടെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രസ്താവിച്ചു. ഇതിലൂടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ പ്രയോഗിക്കുന്ന ഭരണഘടനാ വിരുദ്ധമായ അധികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
ഒരിക്കൽ പുനഃപരിശോധനയ്ക്ക് അയച്ച ബിൽ വീണ്ടും അംഗീകരത്തിനായി വന്നാൽ അനുമതി നൽകാൻ ഗവർണർ ബാധ്യസ്ഥനല്ല. ഇതുവഴി ഗവർണർക്ക് ബിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യാനും അതുവഴി അനിശ്ചിതമായി വൈകിപ്പിക്കാനും കഴിയും. ഒരു ബില്ലിൽ ഗവർണർ ദീർഘകാലം അടയിരുന്നാൽ ജുഡീഷ്യൽ ഇടപെടൽ നടത്താം എന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇതും അവ്യക്തമാണ്. കാലവധി എത്രയാണെന്നോ എങ്ങനെ നിശ്ചയിക്കുമെന്നോ കോടതി നിർവചിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഏകപക്ഷീയമായ പ്രവർത്തനത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ പരിശോധനകൾ സുപ്രീംകോടതിയുടെ ഉപദേശത്തിൽ നിന്ന് ഒഴിവാക്കി. ഇത് പിന്തിരിപ്പൻ നിലപാടാണ്.







