ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ് ട്രംപ്. ഇത്തരം സമ്മർദ്ദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുകയും ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണം.
അമേരിക്കൻ കോർപറേറ്റുകളുടെ ചൂഷണത്തിനായി ഇന്ത്യ കാർഷിക, ക്ഷീര, ഔഷധനിർമാണം തുടങ്ങി മേഖലകൾ തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്. അമേരിക്കൻ സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്ത്യ ഇതിനകം അവരുമായി പ്രതിരോധ, എണ്ണ കരാറുകൾ ഒപ്പിട്ടു; നൂറുകണക്കിന് കോടി ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങുകയാണ്. അമേരിക്ക കൂടുതൽ സൗജന്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുന്നു.
അമേരിക്കയുടെ സമ്മർദ്ദത്തിന് കേന്ദ്രസർക്കാർ വഴങ്ങരുത്. ഇന്ത്യൻ കൃഷിയെയും വ്യവസായത്തെയും തകർക്കുംവിധം രാജ്യത്തെ വിപണിയും സമ്പദ്‌ഘടനയും അമേരിക്കൻ ചൂഷണത്തിന് തുറന്നുകൊടുക്കരുത്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും അമേരിക്കൻ ഭീഷണി തള്ളാനും ബിജെപി സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
