Skip to main content

മോദി അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്നത് ഒരു ഡോളറിന് 85.77 രൂപ ആയത് ആരുടെ അഴിമതിമൂലമാണ്?

ആരുടെ അഴിമതിമൂലമാണ് മോദിജി താങ്കൾ അധികാരത്തിൽ വന്നപ്പോൾ ഒരു ഡോളറിന് 58.88 രൂപ മൂല്യം ഉണ്ടായിരുന്ന രൂപയ്ക്ക് ഇന്ന് വിദേശവിനിമയ കമ്പോളത്തിൽ ഒരു ഡോളറിന് 85.77 രൂപ ആയത്?
എന്തേ ഇങ്ങനെ ചോദിക്കാൻ കാരണം എന്നായിരിക്കും നിങ്ങൾ ആലോചിക്കുക. മോദി ഭരണംപോലെ അഴിമതി നിറഞ്ഞൊരു ഭരണം ഇന്ത്യാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും ഈ അഴിമതികൊണ്ടല്ല രൂപയുടെ മൂല്യം ഇടിഞ്ഞത്. എന്നാൽ 2013-ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിന്റെ അഴിമതിമൂലമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത് എന്നതായിരുന്നു.
പിന്നെ, എന്താണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം?
വിദേശ വിനിമയ കമ്പോളത്തിൽ ഒരു രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ആ നാണയത്തിന്റെ ഡോളറിനെ അപേക്ഷിച്ചുള്ള ഡിമാന്റും സപ്ലൈയും അനുസരിച്ചാണ്.
മൂന്ന് കാര്യങ്ങളാണ് മുഖ്യമായും സംഭവിച്ചിരിക്കുന്നത്.
ഒന്ന്, ഇന്ത്യയിൽ ഡോളറിന്റെ ഡിമാന്റ് കൂടി. ഇതിനു മുഖ്യകാരണം വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് അവരുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം പിൻവലിക്കാൻ തുടങ്ങിയതുകൊണ്ടാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 2024 സെപ്തംബറിൽ 70,000 കോടി ഡോളർ ആയിരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ വിദേശനാണയ ശേഖരം ഇന്ത്യയുടേതായിരുന്നു. പക്ഷേ, ചൈനയിലെ വിദേശനാണയ ശേഖരം വിദേശ വ്യാപാരത്തിലെ മിച്ചംകൊണ്ട് അവർ നേടിയതാണ്. ഇന്ത്യയ്ക്കാവട്ടെ, വിദേശ വ്യാപാരം എന്നും കമ്മിയാണ്. എന്നിട്ടും ഇത്ര വലിയ വിദേശനാണയ ശേഖരം എങ്ങനെ ഇന്ത്യയ്ക്ക് സമാഹരിക്കാൻ കഴിഞ്ഞു?
കയറ്റുമതി ചെയ്യുമ്പോൾ മാത്രമല്ല, വിദേശനിക്ഷേപം വരുമ്പോഴും നമുക്ക് വിദേശനാണയം കിട്ടും. ഈ വിദേശനാണയം റിസർവ്വ് ബാങ്കിന് കൊടുത്ത് രൂപയായി മാറ്റിയിട്ടാണ് വിദേശനിക്ഷേപകർ സ്റ്റോക്ക് മാർക്കറ്റിലും മറ്റും നിക്ഷേപം നടത്തുന്നത്. ഇത്തരത്തിൽ നിക്ഷേപം ആകർഷിക്കാൻ ഒട്ടേറെ നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യാ സർക്കാരിന്റെ ധനനയത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. ഇതിൽ നമ്മൾ വിജയിക്കുകയും ചെയ്തു.
പക്ഷേ, ഇപ്പോൾ അമേരിക്ക പ്രതീക്ഷിച്ചതുപോലെ അവരുടെ പലിശനിരക്ക് താഴ്ത്തിയില്ല. ഇതുമൂലം അമേരിക്കൻ പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിലേക്കുവന്ന മൂലധനം തിരിച്ച് അമേരിക്കയിലേക്ക് പോവുകയാണ്. വിദേശമൂലധനം തിരിച്ചുപോകുമ്പോൾ അവരുടെ കൈയിലുള്ള രൂപ ഡോളറായി മാറ്റും. നമ്മുടെ വിദേശനാണയ ശേഖരം കുറയും. സെപ്തംബറിൽ 70,000 കോടി ഡോളർ ഉണ്ടായിരുന്ന ഇന്ത്യയുടെ വിദേശനാണയം ഇന്ന് 64,000 കോടി ഡോളറായി കുറഞ്ഞു.
രണ്ടാമതൊരു കാരണം ഇന്ത്യയുടെ കയറ്റുമതി വർദ്ധിക്കുന്നില്ലായെന്നുള്ളതാണ്. ഇന്ത്യയുടെ കയറ്റുമതി ഒക്ടോബർ മാസത്തിൽ 3920 കോടി ഡോളർ ആയിരുന്നത് നവംബറിൽ 3211 കോടി ഡോളറായി ഇടിഞ്ഞു. ഡിസംബറിലും സ്ഥിതി ഇതുതന്നെയാണെന്ന് കരുതപ്പെടുന്നു. എന്നുവച്ചാൽ ഇന്ത്യയുടെ വ്യാപാരകമ്മി നികത്താൻ കൂടുതൽ ഡോളർ വേണ്ടിവരും.
മൂന്നാമതൊരു കാരണമുണ്ട്. ഇന്ത്യയിലെ വിലക്കയറ്റം അമേരിക്കയെ അപേക്ഷിച്ച് ഉയർന്നതാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ നാണയത്തിന്റെ മൂല്യം ഇടിയും. നാണയംകൊണ്ട് പഴയ അത്ര സാധനങ്ങൾ വാങ്ങാൻ കഴിയില്ല. അത് വിദേശ കൈമാറ്റത്തിനും ബാധകമാണ്.
അങ്ങനെ 2024 അവസാനിക്കുന്നത് ഒരു മുന്നറിയിപ്പോടെയാണ്. കാര്യങ്ങൾ അത്ര പന്തിയല്ല. സമ്പദ്ഘടനയുടെ സ്ഥിതി പരിങ്ങലിലാണ്. അതിന്റെ നിലനിൽപ്പ് വിദേശമൂലധന വരവിനെ ആശ്രയിച്ചിരിക്കുന്നു. തീവ്രദേശീയതയൊക്കെ പറയുമെങ്കിലും മോദിയുടെ നിലനിൽപ്പ് വിദേശമൂലധനത്തിനുള്ള പാദസേവയിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.