വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്. സൗമനസ്യവും കാര്‍ക്കശ്യവും തുല്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന രീതിയില്‍ കേരള പൊലീസ് ശ്രദ്ധിക്കപ്പെട്ട ഘട്ടമാണ് നിലവിലുള്ളത്. ഉയര്‍ന്ന ക്രമസമാധാന രംഗം നിലനിര്‍ത്താന്‍, കുറ്റാന്വേഷണ രംഗത്ത് തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളുടെ ഏത് വിപത്തിനും ഒപ്പം ഉണ്ടാവുന്ന ഒരു സേവന സന്നദ്ധ സേന എന്ന നിലയിലേക്ക് പൊലീസിന് മാറ്റുകയാണ് 2031 ആഭ്യന്തര സെമിനാറിന്റെ ലക്ഷ്യം. ഉയര്‍ന്ന വയോജന ജനസംഖ്യയാണ് കേരളത്തിലുള്ളത്. 50 ലക്ഷത്തോളം വയോജന പൗരന്മാര്‍ 2031ല്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു പിന്തുണയും ഇല്ലാതെ കഴിയുന്നവര്‍ ഏതാണ്ട് 40 ലക്ഷം വീടുകള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുമുള്ള ഒരു ആപത്തിന്റെ സൂചന ലഭിച്ചാല്‍ ആ നിമിഷത്തില്‍ തന്നെ ഒരേ സമയം പോലീസിനെയും അടുത്ത ബന്ധുക്കളെയും ബന്ധപ്പെയാന്‍ തക്ക വിധത്തിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി ഉണ്ടാക്കാന്‍ കഴിയേണ്ടതുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഇവര്‍ക്ക് വേണ്ട സഹായം ഉറപ്പാക്കാനാകും. എന്തെങ്കിലും സംശയകരമായ നീക്കം കണ്ടാല്‍ വയോജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. സിസിടിവിയില്‍ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകും. പ്രായമായവരെ ഉപേക്ഷിക്കപ്പെട്ട നിലയിലോ സുരക്ഷിതത്വം ഇല്ലാത്ത നിലയിലോ ആകാന്‍ അനുവദിക്കാനാവില്ല. ലോക്കല്‍ പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍, അസോസിയേഷന്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഇവരുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കും.
