Skip to main content

ആധുനിക കേരളത്തിന്‌ അടിത്തറപാകിയ ജനകീയ വിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമ സ്ഥാനം പുന്നപ്ര–വയലാറിനുണ്ട്‌, വാർഷിക വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ തിങ്കളാഴ്‌ച ഉശിരന്മാരായ വയലാർ രക്‌തസാക്ഷികൾക്ക്‌ നാട്‌ വീരവണക്കമേകും

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായമായ പുന്നപ്ര–വയലാർ സമരത്തിന്‌ 79 വയസ്സ്‌. ആധുനിക കേരളത്തിന്‌ അടിത്തറപാകിയ ജനകീയ വിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമ സ്ഥാനം പുന്നപ്ര–വയലാറിനുണ്ട്‌. വാർഷിക വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ തിങ്കളാഴ്‌ച ഉശിരന്മാരായ വയലാർ രക്‌തസാക്ഷികൾക്ക്‌ നാട്‌ വീരവണക്കമേകും. സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20 ന്‌ തുടങ്ങിയ വാരാചരണം 27 ന്‌ വയലാർ രക്‌തസാക്ഷിദിനത്തോടെയാണ്‌ സമാപിക്കുക.

അടിച്ചമർത്തലിനും അവകാശനിഷേധത്തിനും എതിരെ സ്വാതന്ത്ര്യദാഹികളായ അന്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർത്തൊഴിലാളികളുടെ മനസ്സിൽ രൂപംകൊണ്ട തീപ്പൊരികളാണ്‌ ചരിത്രത്തെ ചുവപ്പിച്ച പുന്നപ്ര–വയലാർ പോരാട്ടമായി ആളിപ്പടർന്നത്‌. രാജവാഴ്‌ചയ്‌ക്കും സി പി രാമസ്വാമിയുടെ ദിവാൻ ഭരണത്തിനുമെതിരെ ഉയർന്ന ഐതിഹാസികമായ ജനകീയമുന്നേറ്റത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം അതിന്റെ സാമ്രാജ്യത്വവിരുദ്ധതയാണ്‌.

രാപകൽ പണിയെടുത്താലും തൊഴിലാളികൾക്ക്‌ ന്യായമായ കൂലി അക്കാലത്ത്‌ കയർ ഫാക്‌ടറി മുതലാളിമാർ നൽകിയിരുന്നില്ല. കൂലി ചോദിച്ചാൽ കിട്ടുക ക്രൂര മർദനം. കൂടാതെ പിരിച്ചുവിടലും. ഇതിനെതിരെ സംഘടിതമായി പോരാടാൻ തന്നെ തൊഴിലാളികൾ തീരുമാനിച്ചു. 1922 ൽ തൊഴിലാളികൾ രഹസ്യയോഗം ചേർന്ന്‌ ‘തിരുവിതാംകൂർ ലേബർ അസോസിയേഷൻ’ എന്ന സംഘടന രൂപീകരിച്ചു. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമം ആരംഭിച്ചു. ഒട്ടേറെപ്പേരെ മർദിച്ച്‌ ജീവച്ഛവങ്ങളാക്കി. അനേകംപേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന്‌ തയ്യാറായ തൊഴിലാളികൾക്ക്‌ സംഘടന കരുത്തേകി. ഇ‍ൗ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗ സംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുകയുംചെയ്‌തു.

ഒട്ടേറെ പോരാട്ടങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ തൊഴിലാളി വർഗം അടിച്ചമർത്തലിനും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാത്ത സമരത്തിന്‌ തയ്യാറായി. 1122 കന്നി 27 ന്‌ ചേർന്ന തിരുവിതാംകൂർ ട്രേഡ്‌ യൂണിയൻ സമ്മേളനമാണ്‌ നിർണായക തീരുമാനമെടുത്തത്‌. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്വ ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ്‌ ക്യാന്പുകൾ പിൻവലിക്കുക, രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 27 ആവശ്യങ്ങൾ ഉന്നയിച്ച്‌ പണിമുടക്കാൻ സമ്മേളനം തീരുമാനിച്ചു. സഖാവ്‌ പി കൃഷ്‌ണപിള്ളയുടെ ഉശിരൻ നേതൃത്വത്തിലുള്ള പണിമുടക്ക്‌ തിരുവിതാംകൂറിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചു.

അടിച്ചമർത്താൻ ആകുന്നതെല്ലാം സി പിയും പൊലീസും ചെയ്‌തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്കുനേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധിപ്പേർ മരിച്ചുവീണു. തിരിച്ചടിക്കാൻ തന്നെ തൊഴിലാളികൾ തീരുമാനിച്ചു. പലസ്ഥലത്തും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധിപ്പേർ രക്‌തസാക്ഷികളായി ഒടുവിൽ പുന്നപ്ര പട്ടാളക്യാന്പിന്‌ നേർക്ക്‌ തൊഴിലാളികൾ മാർച്ച്‌ ചെയ്‌തു.

യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങളേന്തി നേരിട്ട ധീരതയാണ്‌ പുന്നപ്ര–വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിന്‌ വളന്റിയർമാർ രക്‌തസാക്ഷികളായി. സമരം ഉയർത്തിവിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റിനൊടുവിൽ സി പിക്ക്‌ തിരുവിതാംകൂർ വിട്ട്‌ ഓടേണ്ടിവന്നത്‌ ചരിത്രം. ഇ‍ൗ സമരവും വിജയവും ഇന്ത്യൻ തൊഴിലാളിവർഗത്തിന്‌ പുതിയ ദിശാബോധം നൽകി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്നതിൽ ഇ‍ൗ മുന്നേറ്റവും വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷുകാരുടെ പിണിയാളന്മാരായിരുന്നവരുടെ പിന്മുറക്കാർ ഇപ്പോഴും പുന്നപ്ര–വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുകയാണ്‌ എന്നതും മറന്നുകൂടാ.

പുന്നപ്ര–വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറിയാണ്‌ 1957 ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ അധികാരമേറ്റത്‌. അതിന്റെ തുടർച്ചയാണ്‌ പിണറായി വിജയൻ മുഖ്യമന്ത്രിയായി 2016 ൽ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാർ. ചരിത്രത്തിൽ ആദ്യമായി 2021 ൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടി. കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും വിശ്വാസവും ആർജിച്ചതാണ്‌ ഭരണത്തുടർച്ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌. ഇ‍ൗ സർക്കാരിനെ നുണപ്രചാരണങ്ങളിലൂടെയും വഴിവിട്ട പ്രവർത്തനങ്ങളിലൂടെയും താഴെയിറക്കാനാണ്‌ പ്രതിപക്ഷവും അവർക്ക്‌ ഒത്താശ ചെയ്യുന്ന മാധ്യമങ്ങളും നിരന്തരമായി ശ്രമിച്ചുവന്നത്‌. എന്നാൽ, ഏത്‌ സ്ഥിതിയിലും ജനങ്ങൾ സർക്കാരിന്‌ ഒപ്പംനിന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിച്ചു. അർഹമായ സാന്പത്തിക വിഹിതം നിഷേധിച്ചും വായ്‌പാ പരിധി വെട്ടിക്കുറച്ചും വികസന സ്‌തംഭനമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ച്‌ കേരളം വികസന സൂചികകളിൽ രാജ്യത്ത്‌ മുന്നിലെത്തി.

കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്കും തുടർന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിലേക്കും നീങ്ങുന്ന സന്ദർഭത്തിലാണ്‌ നാം പുന്നപ്ര–വയലാർ രക്‌തസാക്ഷികളുടെ സ്‌മരണ പുതുക്കുന്നത്‌. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരവേലകളെ അതിജീവിച്ച്‌ എൽഡിഎഫിന്‌ ഭരണത്തുടർച്ച ഉറപ്പിക്കാനുള്ള മുന്നേറ്റത്തിന്‌ പുന്നപ്ര–വയലാർ രക്‌തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക്‌ കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.